ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങിലെ ബെർത്ത് പരിധി ഒഴുവാക്കി റെയിൽവേ; ട്രാവൽ ഏജന്റുമാർക്ക് നിയന്ത്രണം!

ന്യൂഡൽഹി: വിവാഹ സംഘങ്ങൾ, തീർഥാടകർ, വിദ്യാർഥികൾ, കായിക താരങ്ങൾ തുടങ്ങി വലിയ സംഘമായി ട്രെയിൻ യാത്രക്ക് ഒരുങ്ങുന്നവർക്ക് വലിയ ആശ്വാസവുമായി ഇന്ത്യൻ റെയിൽവേ. ഗ്രൂപ്പ്/ബൾക്ക് ടിക്കറ്റ് ബുക്കിങ്ങിനുള്ള നിയമങ്ങളിൽ സൗത്ത് വെസ്റ്റേൺ റെയിൽവേ സുപ്രധാന മാറ്റങ്ങൾ വരുത്തി. ബൾക്ക് ബുക്കിങ്ങിലൂടെ എടുക്കാവുന്ന ബെർത്തുകളുടെ എണ്ണത്തിലുണ്ടായിരുന്ന പരിധി എടുത്തുകളയുകയും അനുമതി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്തതോടെ യാത്രകൾ കൂടുതൽ എളുപ്പത്തിലാകും. പഴയ എല്ലാ നിർദ്ദേശങ്ങളെയും മറികടന്നുകൊണ്ടാണ് പുതിയ മാർഗ്ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.

ആർക്കൊക്കെ ഈ സൗകര്യം ലഭിക്കും?

യഥാർഥ ആവശ്യങ്ങൾക്കായി ഒരുമിച്ച് യാത്ര ചെയ്യുന്ന സംഘങ്ങൾക്കാണ് ഈ സൗകര്യം ലഭിക്കുക. വിവാഹ സംഘങ്ങൾ, വിദ്യാർഥികളും പഠനയാത്രാ സംഘങ്ങളും, തീർഥാടകർ, കായിക ടീമുകൾ, സാംസ്കാരിക സംഘങ്ങൾ എന്നിവർക്ക് ഇതിന് അപേക്ഷിക്കാം. ടിക്കറ്റുകൾ കൺഫേം ആയതോ, ആർ.എ.സി (RAC), വെയിറ്റിങ് ലിസ്റ്റ് എന്നിവയിലുള്ളതോ ആണെങ്കിലും എല്ലാ ക്ലാസുകളിലും ഈ സൗകര്യം ലഭ്യമാകും.

എപ്പോൾ, എവിടെ അപേക്ഷിക്കാം?

പ്രധാന റിസർവേഷൻ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും ഗ്രൂപ്പ് ബുക്കിങ് അനുവദിക്കുക. സാധാരണ യാത്രക്കാർക്കുള്ള അഡ്വാൻസ് റിസർവേഷൻ (എ.ആർ.പി) ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷം, അതായത് രാവിലെ 9 മണി മുതലാണ് ബൾക്ക് ബുക്കിങ് അപേക്ഷകൾ സ്വീകരിക്കുക. അതിനാൽ എല്ലാ റെയിൽവേ റിസർവേഷൻ ഓഫീസുകളിലും ഈ സൗകര്യം ലഭിക്കുമെന്ന് കരുതാതെ, നിശ്ചയിക്കപ്പെട്ട പ്രധാന കേന്ദ്രങ്ങളെ വേണം യാത്രക്കാർ സമീപിക്കാൻ.

ടിക്കറ്റുകളുടെ എണ്ണത്തിന് പരിധിയുണ്ടോ?

ബൾക്ക് റിസർവേഷനിൽ അനുവദിച്ചിരുന്ന പരമാവധി ബെർത്തുകളുടെ എണ്ണത്തിലുള്ള നിയന്ത്രണം പിൻവലിച്ചതാണ് ഏറ്റവും വലിയ മാറ്റം. നേരത്തെയുണ്ടായിരുന്ന അധികാര വിഭജനവും നിശ്ചിത പരിധികളും ഒഴിവാക്കിയിട്ടുണ്ട്. ഇനി മുതൽ ചീഫ് റിസർവേഷൻ സൂപ്പർവൈസർമാർക്കും (സി.ആർ.എസ്) സ്റ്റേഷൻ മാനേജർമാർക്കും (എസ്.എം) ബെർത്ത് പരിധിയില്ലാതെ ഗ്രൂപ്പ് ബുക്കിങ്ങിന് അനുമതി നൽകാൻ അധികാരമുണ്ടായിരിക്കും. എന്നാൽ, ബന്ധപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥന്റെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും ടിക്കറ്റുകൾ അനുവദിക്കുക.

ട്രാവൽ ഏജന്റുമാർ വഴി അപേക്ഷിക്കാമോ?

പൊതുവായി ട്രാവൽ ഏജന്റുമാർ വഴിയുള്ള അപേക്ഷകൾ സ്വീകരിക്കില്ല. യാത്രക്കാർ നേരിട്ടാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അപേക്ഷ സമർപ്പിക്കേണ്ടത്. എന്നാൽ, വിദേശ വിനോദസഞ്ചാരികൾക്കും പ്രവാസി ഇന്ത്യക്കാർക്കും വേണ്ടിയുള്ള ബുക്കിങ്ങുകൾക്ക് ഈ നിബന്ധനയിൽ ഇളവുണ്ട്. അവ നിലവിലുള്ള നിയമങ്ങൾക്കനുസരിച്ച് തുടരും. അപേക്ഷയോടൊപ്പം യാത്രയുടെ ഉദ്ദേശ്യം വ്യക്തമായി രേഖപ്പെടുത്തണം. കൂടാതെ, സംഘത്തിലുള്ള ഓരോ യാത്രക്കാരന്റെയും പേര്, വയസ്സ്, ലിംഗം, മേൽവിലാസം, യാത്രയുടെ ഉദ്ദേശ്യം എന്നിവ നിർബന്ധമായും നൽകിയിരിക്കണം.

മടക്കയാത്രക്കും ടിക്കറ്റ് ബുക്ക് ചെയ്യാമോ?

മടക്കയാത്രക്കുള്ള ഗ്രൂപ്പ് ബുക്കിങ്ങിനും അതേ റിസർവേഷൻ ഓഫീസിൽ തന്നെ അപേക്ഷിക്കാവുന്നതാണ്. എന്നാൽ, മടക്കയാത്ര ഒരു പ്രത്യേക യാത്രയായി കണക്കാക്കി അതിനായി വെവ്വേറെ ബുക്കിങ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.

ദുരുപയോഗം തടയാൻ കർശന നിരീക്ഷണം

ബൾക്ക് ബുക്കിങ് സൗകര്യം ദുരുപയോഗം ചെയ്ത് ടിക്കറ്റുകൾ പൂഴ്ത്തിവെക്കുന്നത് തടയാൻ റെയിൽവേ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അംഗീകാരം നൽകുന്ന എല്ലാ ഗ്രൂപ്പ് ബുക്കിങ്ങുകളുടെയും വിവരങ്ങൾ സി.ആർ.എസ്/എസ്.എം ഉദ്യോഗസ്ഥർ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണം. അപേക്ഷാ ഫോറത്തിലും യാത്രക്കാരുടെ പട്ടികയുടെ എല്ലാ പേജുകളിലും ഉദ്യോഗസ്ഥൻ ഔദ്യോഗിക സീലും ഒപ്പും പതിപ്പിക്കേണ്ടതുണ്ട്. യഥാർഥ യാത്രാ സംഘങ്ങൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നതെന്ന് അധികൃതർ ഉറപ്പുവരുത്തും.