ഉഗാണ്ടയിലും താരമായി മോഹൻലാൽ; കേരളത്തിൽ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയ കുഞ്ഞിനെ 'വർണപ്പകിട്ടിലെ' പാട്ടുമായി വരവേറ്റ് ഗെറ്റോ കിഡ്സ്

കൊച്ചി: സങ്കീർണമായ ഹൃദയശസ്ത്രക്രിയയ്ക്കായി കേരളത്തിലെത്തിയ ഒരു വയസ്സുകാരി ഉഗാണ്ടൻ പെൺകുട്ടിക്ക്, നാട്ടിൽ തിരിച്ചെത്തിയപ്പോൾ മോഹൻലാൽ ഗാനത്തിന് ചുവടുവെച്ച് ആവേശകരമായ വരവേൽപ്പ്. ലോകപ്രശസ്ത നൃത്തസംഘമായ ഉഗാണ്ടയിലെ ‘ഗെറ്റോ കിഡ്സ്’ ആണ് 1997-ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘വർണപ്പകിട്ടിലെ’ ‘ഒക്കേല ഒക്കേല’ എന്ന ഗാനത്തിന് നൃത്തം ചെയ്ത് കേരളത്തിനും മലയാളി സമൂഹത്തിനും നന്ദി അറിയിച്ചത്. ഉഗാണ്ടയിലെ കമ്പാലയിലുള്ള കട്വെ ചേരിപ്രദേശത്തെ കുട്ടികളുടെ കൂട്ടായ്മയായ ഗെറ്റോ കിഡ്സിന്റെ പിന്തുണയോടെയാണ് റൗദ അമീറ കിബൊനേക്ക എന്ന കുരുന്ന് എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്.
ജീവിതത്തിലേക്ക് തിരിച്ചെത്തിയ റൗദയുടെ കഥ
ജന്മനാ ഹൃദയത്തിൽ ദ്വാരവും വാൽവിന് ചോർച്ചയും ഉണ്ടായിരുന്ന റൗദയുടെ വളർച്ചയെയും ഭക്ഷണം കഴിക്കുന്നതിനെയും ആരോഗ്യത്തെയും ഈ രോഗാവസ്ഥ സാരമായി ബാധിച്ചിരുന്നു. തുടർന്നാണ് കുടുംബവും ഗെറ്റോ കിഡ്സും ചേർന്ന് വിദഗ്ധ ചികിത്സയ്ക്കായി കേരളത്തെ സമീപിച്ചത്. ഒരു വയസ്സും 16 ദിവസവും പ്രായമുള്ളപ്പോഴാണ് റൗദയെ രാജഗിരി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. പീഡിയാട്രിക് കാർഡിയാക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. മുസ്തഫ ജനീൽ എമ്മിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കൺസൾട്ടന്റുമാരായ ഡോ. പ്രീതി കതേൽ, ഡോ. സജിത്ത് സുലൈമാൻ, ഡോ. ബിജിന ഭരതൻ കെ, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ്. വെങ്കിടേശ്വരൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം റൗദ നന്നായി ഭക്ഷണം കഴിക്കാനും ശരീരഭാരം കൂടാനും തുടങ്ങി. ഏഴ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് കുഞ്ഞ് ഡിസ്ചാർജ് ആയത്. മടങ്ങുന്നതിന് മുൻപ് ആശുപത്രിയിലെ ക്രിസ്മസ് ആഘോഷങ്ങളിലും റൗദ പങ്കുചേർന്നു. കുഞ്ഞിന്റെ കൈപ്പത്തി പതിപ്പിച്ച പ്രത്യേക കേക്കും സമ്മാനങ്ങളും നൽകിയാണ് മെഡിക്കൽ സംഘം യാത്രയാക്കിയത്. ജീവൻരക്ഷാ ഹൃദയശസ്ത്രക്രിയകൾ ആവശ്യമുള്ള കുട്ടികളെ സഹായിക്കുന്ന രാജഗിരി ആശുപത്രിയുടെ ‘മിഷൻ ഫോർ ലിറ്റിൽ ഹാർട്ട്സ്’ പദ്ധതിക്ക് കീഴിലാണ് ചികിത്സ നൽകിയതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി സി.എം.ഐ പറഞ്ഞു. ഉഗാണ്ടയും കേരളവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഘോഷമായി വരവേൽപ്പ്; മോഹൻലാൽ സിനിമയിലും സാന്നിധ്യം
ഉഗാണ്ടയിൽ തിരിച്ചെത്തിയ റൗദയെ ബാനറുകളും സമ്മാനങ്ങളുമായാണ് ഗെറ്റോ കിഡ്സ് അംഗങ്ങൾ സ്വീകരിച്ചത്. തുടർന്ന് ‘ഒക്കേല ഒക്കേല’ എന്ന മലയാളം ഗാനത്തിന് കുട്ടികൾ ചുവടുവെക്കുന്ന വീഡിയോ ഗെറ്റോ കിഡ്സിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചതോടെ ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ ഇത് തരംഗമായി. 2014-ൽ അധ്യാപകനും നൃത്തസംവിധായകനുമായ ദൗദ കവുമ സ്ഥാപിച്ച ഗെറ്റോ കിഡ്സ്, ഉഗാണ്ടയിലെ അനാഥരും നിർധനരുമായ കുട്ടികൾക്ക് വിദ്യാഭ്യാസവും ഭക്ഷണവും നൃത്തപരിശീലനവും നൽകുന്ന കൂട്ടായ്മയാണ്. ഫുട്ബോൾ ലോകകപ്പ് വേദികളിൽ ഷക്കീറയ്ക്കൊപ്പമടക്കം പ്രകടനം നടത്തിയിട്ടുള്ള ഇവർ, മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
