സിൻഡിക്കേറ്റ് അറിയാതെ 46 വിഷയങ്ങളിൽ അധ്യാപക നിയമന റാങ്ക് പട്ടിക; കേരള സർവകലാശാലയിൽ സംവരണ അട്ടിമറി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ സംവരണതത്വം അട്ടിമറിച്ച് തയാറാക്കിയ കരാർ അധ്യാപക നിയമന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത് നിയമനാധികാര സമിതിയായ സിൻഡിക്കേറ്റിനെ നോക്കുകുത്തിയാക്കി. സർവകലാശാലകളിൽ നിയമനാധികാരം സിൻഡിക്കേറ്റിനാണ്. റാങ്ക് പട്ടികക്ക് അംഗീകാരം നൽകാനും അധികാരമുള്ള സിൻഡിക്കേറ്റ് അറിയാതെയാണ് 46 വിഷയങ്ങളിൽ നിയമനത്തിന് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
സെലക്ഷൻ കമ്മിറ്റി ശിപാർശ പ്രകാരം തയാറാക്കുന്ന റാങ്ക് പട്ടിക സിൻഡിക്കേറ്റ് യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നൽകിയാണ് പ്രസിദ്ധീകരിക്കേണ്ടത്. എന്നാൽ, അടിയന്തര ഘട്ടത്തിൽ വൈസ് ചാൻസലർക്ക് സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിക്കാമെന്ന സർവകലാശാല നിയമത്തിലെ 10 (13) വ്യവസ്ഥ ഉപയോഗിച്ചാണ് സംവരണതത്വം അട്ടിമറിച്ച റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
വി.സിയുടെ ചുമതലയുള്ള ഡോ. മോഹനൻ കുന്നുമ്മലിന്റെ കാലാവധി ഈ മാസം 28ന് അവസാനിക്കും. അതിനുമുമ്പ് പട്ടിക പ്രസിദ്ധീകരിക്കണമെന്ന ലക്ഷ്യത്തിലാണ് സിൻഡിക്കേറ്റ് അറിയാതെ പുറത്തുവിട്ടത്.
സർവകലാശാല നിയമപ്രകാരം അധ്യാപക നിയമനത്തിനുള്ള സംവരണം നിശ്ചയിക്കേണ്ടത് വിവിധ പഠന വകുപ്പുകളിലെ സമാന തസ്തികകൾ ഒരുമിച്ചെടുത്താണ്. നേരത്തെ പഠന വകുപ്പ് തലത്തിൽ പ്രത്യേകം സംവരണം നടപ്പാക്കിയതിന്റെ മറവിൽ സംവരണ അട്ടിമറി ആവർത്തിക്കപ്പെട്ടതോടെയാണ് ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് സർവകലാശാല നിയമത്തിൽ ഭേദഗതി കൊണ്ടുവന്നതും സമാന തസ്തികകൾ ഒന്നിച്ചെടുത്ത് സംവരണം ഏർപ്പെടുത്തിയതും. ഈ രീതി പിന്നീട് യു.ജി.സിയും അംഗീകരിച്ച് റഗുലേഷനിൽ ഉൾപ്പെടുത്തി.
കരാർ/താൽക്കാലിക നിയമനങ്ങളിലും സംവരണതത്വം പാലിക്കണമെന്ന് യു.ജി.സി ചട്ടത്തിലുണ്ട്. സർവകലാശാല നിയമവും യു.ജി.സി ചട്ടങ്ങളും ഒന്നടങ്കം കാറ്റിൽപറത്തിയാണ് കേരളയിൽ നൂറിലേറെ കരാർ അധ്യാപക നിയമനങ്ങൾക്കായുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
വി.സിയുടെ നടപടിക്കെതിരെ സിൻഡിക്കേറ്റിലെ മുസ്ലിം ലീഗ് പ്രതിനിധി ഡോ. വി. നൗഷാദ് കത്ത് നൽകിയിട്ടുണ്ട്. നിയമനം സിൻഡിക്കേറ്റിന്റെ പരിഗണനക്ക് വരുമ്പോൾ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രോ ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനും കത്ത് നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
റാങ്ക് പട്ടികയിൽ മെറിറ്റ് അട്ടിമറിയും
ഉയർന്ന യോഗ്യതയുള്ളവരെ ഒന്നടങ്കം പിറകിലാക്കി, മിനിമം യോഗ്യതയുള്ളവർക്ക് ഒന്നും രണ്ടും റാങ്ക് നൽകിയാണ് പല തസ്തികകളിലേക്കും റാങ്ക് പട്ടിക തയാറാക്കിയത്. നെറ്റിന് പുറമെ പി.എച്ച്.ഡിയും അധ്യാപന, ഗവേഷണ പരിചയവും ഉൾപ്പെടെ യോഗ്യതയുള്ളവരെ പിറകിലാക്കിയാണ് പല റാങ്ക് പട്ടികകളും തയാറാക്കിയത്.
ഇതുവഴി മിനിമം യോഗ്യതയുമായി നിലവിൽ ജോലി ചെയ്യുന്നവർക്ക് തുടരാനും അവസരമൊരുക്കി. യോഗ്യതയുള്ളവരെ സ്ക്രീൻ ചെയ്ത ശേഷം അഭിമുഖത്തിൽ ലഭിക്കുന്ന മാർക്ക് അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിച്ചതെന്നാണ് സർവകലാശാല അധികൃതരുടെ വാദം.
