20 ബില്യൺ ഡോളർ ഡീൽ; ലോകകപ്പ് സ്വകാര്യ കമ്പനിക്ക്? പൊളിഞ്ഞത് ഇൻഫാന്റിനോയുടെ രഹസ്യ നീക്കം

ലണ്ടൻ: ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ വിവാദമായതും പിന്നീട് ഉപേക്ഷിക്കപ്പെട്ടതുമായ ‘ഫിഫ ഫോർവേഡ് എന്റർപ്രൈസ്’ (FFE) പദ്ധതിയെക്കുറിച്ചുള്ള നിർണ്ണായകവും ഞെട്ടിക്കുന്നതുമായ വിവരങ്ങൾ പുറത്ത്. പുതിയ കമ്പനിയെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനും, മാനേജ്മെന്റിന് കോടികളുടെ ബോണസ് നൽകാനും, ലോകകപ്പ് ഉൾപ്പെടെയുള്ള വരുമാനമുണ്ടാക്കുന്ന അവകാശങ്ങൾ 96 വർഷത്തേക്ക് കൈമാറാനും പദ്ധതിയിൽ വ്യവസ്ഥയുണ്ടായിരുന്നുവെന്നാണ് ചോർന്ന രേഖകൾ വ്യക്തമാക്കുന്നത്.
പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ത്രൈവ് ക്യാപിറ്റലുമായി ചേർന്ന് നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന ഈ കരാറുമായി ബന്ധപ്പെട്ട രേഖകൾ ‘ദി അത്ലറ്റിക്’ പരിശോധിക്കുകയും, ഇതിലെ വിവരങ്ങൾ ശരിയാണെന്ന് ത്രൈവ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ കമ്പനിയായ എഫ്എഫ്ഇ സ്ഥാപിതമായി എട്ട് വർഷത്തിന് ശേഷം, കമ്പനിയുടെ ബോർഡിന് പ്രാരംഭ ഓഹരി വിൽപ്പനക്ക് അനുമതിയുണ്ടായിരുന്നുവെന്ന് രേഖകൾ സൂചിപ്പിക്കുന്നു.
കൂടാതെ, കമ്പനിയുടെ പ്രാരംഭ മൂല്യമായ 20 ബില്യൺ ഡോളറിന് മുകളിൽ ഓരോ 1 ബില്യൺ ഡോളർ മൂല്യവർധനവ് ഉണ്ടാകുമ്പോഴും മുതിർന്ന എക്സിക്യൂട്ടീവുകൾക്ക് പുതിയ ഓഹരികൾ നൽകുന്ന ‘മാനേജ്മെന്റ് ഇൻസെന്റീവ് പ്ലാൻ’ പദ്ധതിയിലുണ്ടായിരുന്നു. വ്യവസ്ഥകൾ പ്രകാരം, എഫ്എഫ്ഇ ഓഹരിയുടെ അഞ്ച് ശതമാനം ബോണസ് പൂളിലേക്ക് മാറ്റുമായിരുന്നു. ഓരോ മൂല്യവർധനവിലും കമ്പനി മേധാവികൾക്ക് 50 മില്യൺ ഡോളർ വരെ പങ്കിട്ടെടുക്കാൻ ഇത് വഴിവെക്കുമായിരുന്നു.
അർജന്റീനയും സ്പെയിനും തമ്മിലുള്ള 2026 ലോകകപ്പ് ഫൈനലിന്റെ തലേദിവസമായ ജൂലൈ 18ന് പുറത്തിറക്കിയ മെമ്മോയിൽ, മികച്ച പ്രകടനത്തിന് ആവശ്യമായ പ്രചോദനം ഉറപ്പാക്കാനാണ് ഈ ഇൻസെന്റീവ് പ്ലാൻ ലക്ഷ്യമിട്ടതെന്ന് ഫിഫ വ്യക്തമാക്കിയിരുന്നു.
മാനേജ്മെന്റ് ടീമിൽ ആരൊക്കെയുണ്ടാകുമെന്ന് രേഖകളിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഏഴംഗ ബോർഡായിരിക്കും എഫ്എഫ്ഇ നയിക്കുകയെന്ന് വ്യക്തമാക്കുന്നു. ഇതിൽ നാല് സീറ്റുകൾ ഫിഫക്കായിരിക്കും. ഫിഫ പ്രസിഡന്റും ജനറൽ സെക്രട്ടറിയും യഥാക്രമം ചെയർമാനും വൈസ് ചെയർമാനുമായി പ്രവർത്തിക്കും. എഫ്എഫ്ഇയുടെ അടിയന്തര പ്രവർത്തന മൂലധനത്തിനായി ഫിഫ സ്വന്തം നിലയിൽ 1.5 ബില്യൺ ഡോളർ നിക്ഷേപിക്കാനും പദ്ധതിയുണ്ടായിരുന്നു.
ഭാവിയിലെ നിയമ തർക്കങ്ങൾക്കായി ആസ്തികൾ ഈടായി നൽകാൻ തയാറാകുന്ന ‘സോവറിൻ ഇമ്മ്യൂണിറ്റി വെയ്വർ’ വ്യവസ്ഥക്ക് വിധേയമായി സോവറിൻ വെൽത്ത് ഫണ്ടുകൾക്ക് പിന്നീട് നിക്ഷേപിക്കാം.എഫ്എഫ്ഇയുടെ വരുമാനത്തിന്റെ ഒരു ഭാഗം ഫിഫയുടെ വാർഷിക ചെലവുകൾക്കായി മാറ്റിവെക്കുകയും, ബാക്കി തുക അംഗ അസോസിയേഷനുകൾക്കുള്ള വാർഷിക വികസന ഗ്രാന്റുകൾ വൻതോതിൽ വർധിപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്യും.
ഫിഫയുടെ 211 അംഗ അസോസിയേഷനുകളിൽ ഭൂരിപക്ഷത്തിന്റെ അനുമതിക്ക് വിധേയമായിരുന്നു ഈ നിർദേശങ്ങളെല്ലാം. എന്നാൽ ആ അനുമതി ഒരിക്കലും ലഭിച്ചില്ല. ഇൻഫാന്റിനോയും ഫിഫയിലെ വളരെ ചെറിയൊരു വിഭാഗം ഉദ്യോഗസ്ഥരും എക്സിക്യൂട്ടീവ് കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനയിലെ മറ്റുള്ളവരിൽ നിന്ന് ഈ പദ്ധതി ഏകദേശം ഒരു വർഷത്തോളം മറച്ചുവെച്ചു. ജൂലൈ അവസാനത്തോടെ ഇത് മാധ്യമങ്ങൾക്ക് ചോർന്നതോടെയാണ് വിവരങ്ങൾ പുറത്തറിഞ്ഞത്.
കൗൺസിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറാണെങ്കിലും, രേഖകൾ പരിശോധിക്കാൻ സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് നേരിട്ടെത്തുകയും രഹസ്യാത്മക കരാറിൽ ഒപ്പിടുകയും ചെയ്യണമെന്ന നിബന്ധന ഫിഫ മുന്നോട്ടുവെച്ചിട്ടുണ്ട്. എഫ്എഫ്ഇ വിവാദവുമായി ബന്ധപ്പെട്ട് യൂറോപ്യൻ ഫുട്ബാൾ ഭരണകൂടമായ യുവേഫയിൽ നിന്നുള്ള നിയമനടപടികൾ ഫിഫ നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ കർശന വ്യവസ്ഥകൾ.
