മുഖക്കുരുവിന് ഡോക്ടർ നിർദേശിച്ചത് വിവാദ എഫ് ട്യൂൺ ക്രീം; വാങ്ങിയത് മെഡിക്കൽ ഷോപ്പിൽ നിന്ന്

മലപ്പുറം: ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മെർക്കുറി അടങ്ങിയ ഫേസ്ക്രീം മുഖക്കുരു മാറാൻ എഴുതി നൽകി സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ. മലപ്പുറം തിരൂരിലാണ് മുഖക്കുരു മാറാൻ ഡോക്ടർ എഫ് ട്യൂൺ ക്രീം എഴുതി നൽകിയത്. മുഖക്കുരു മാറാൻ ചികിത്സ തേടിയെത്തിയ യുവതിക്ക് ഡോ. ബാലകൃഷ്ണൻ നായർ ആണ് എഫ് ട്യൂൺ ക്രീം എഴുതി നൽകിയത്. മാത്രമല്ല ക്രീമിനെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ ഡോക്ടറെ സമീപിച്ച മാധ്യമ പ്രവർത്തകൻ അടക്കമുള്ള സംഘത്തോട് ഡോക്ടർ തന്റെ നിർദേശത്തെ ന്യായീകരിക്കുകയും ചെയ്തു. രോഗികൾക്ക് നിർദേശിക്കുന്നതിനൊപ്പം താനും ഈ ക്രീം രണ്ടു വർഷത്തോളമായി ഉപയോഗിക്കുന്നുണ്ടെന്നാണ് ഡോക്ടറുടെ അവകാശവാദം.

വിവാഹത്തിന് മുമ്പ് മുഖക്കുരു മാറ്റാൻ തിരൂർ തൃക്കണ്ണൂരിലെ അമൃത മെഡിക്കൽസിലാണ് താൻ ചികിത്സ തേടിയതെന്ന് യുവതി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അമൃത മെഡിക്കൽസിന്റെ മെഡിക്കൽ സ്റ്റോറിൽ നിന്നാണ് എഫ് ട്യൂൺ ഫേസ് ക്രീം വാങ്ങിയത്. ആദ്യം ക്രീം സ്റ്റോക്ക് ഉണ്ടായിരുന്നില്ല. രണ്ടു ദിവസം കഴിഞ്ഞ് എത്തിച്ച് നൽകുകയായിരുന്നു. നിരവധി പേർ വാങ്ങി ഉപയോഗിക്കുന്നുണ്ടെന്നും നല്ല ഫലപ്രാപ്തിയുള്ള ക്രീമാണ് എന്നും മെഡിക്കൽ ഷോപ്പുകാരും നിർദേശിച്ചു എന്നും യുവതി പറഞ്ഞു.മുഖത്ത് വെളുപ്പ് കൂടിവന്നപ്പോൾ മറ്റൊരു ഡോക്ടറെ കാണിക്കുകയായിരുന്നു. അപ്പോഴാണ് ക്രീം ഉപയോഗിക്കരുതെന്ന് നിർദേശിച്ചത്. പകരം മറ്റൊരു ഓയിൻമെന്റ് നൽകിയെന്നും യുവതി പറഞ്ഞു. ഡോക്ടർ നിർദേശിച്ചത് കൊണ്ട് ആർക്കും പേടിയുണ്ടാകില്ലെന്നും വിശ്വാസം ഉണ്ടാകുമെന്നും യുവതി പറഞ്ഞു. എന്നാൽ എഫ് ട്യൂൺ ക്രീമിന് പാർശ്വഫലങ്ങൾ ഒന്നും ഇല്ലെന്നും രോഗികൾക്ക് നൽകുന്നതിനൊപ്പം താനും രണ്ടു വർഷത്തോളമായി ഇത് ഉപയോഗിക്കുന്നുണ്ട് എന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണം. കിഡ്നിക്ക് പ്രശ്നമാണ് അരീക്കോട്ടെ പെൺകുട്ടി പറയുന്നതിൽ പ്രശ്നമില്ലെന്നും ആ കുട്ടിക്ക് മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിക്കൂടെയെന്നും പറഞ്ഞു ഡോ. ബാലകൃഷ്ണൻ നായർ അതിനെ ന്യായീകരിക്കുകയും ചെയ്തു. മാധ്യമ പ്രവർത്തകൻ നടത്തിയ ഒളിക്യാമറ ദൃശ്യത്തിലാണ് ഡോക്ടറുടെ ന്യായീകരണം. വർഷങ്ങളായി മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർ എങ്ങനെ ലേബലില്ലാത്ത മരുന്ന് നിർദേശിച്ചു എന്നത് ഗൗരവതരമാണ്.