മാലി' ഗ്രൂപ്പ് ചാമ്പ്യന്മാർ

ദോഹ: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയിൽ വിയറ്റ്നാമിനെതിരെ മാലിക്ക് ജയം. ആദ്യ പകുതിയിൽ ഗോൾരഹിതമായി നിന്ന കളിയിൽ, രണ്ടാം പകുതിയിൽ രണ്ട് ഗോളുകളുടെ ബലത്തിലാണ് മാലി വിജയം സ്വന്തമാക്കിയത്. സനാബ കെയ്റ്റ, പകരക്കാരനായി ഇറങ്ങിയ ജിഗി കൊയ്റ്റ എന്നിവരാണ് വലകുലുക്കിയത്.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ച മാലിക്ക് നിരവധി ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും വിയറ്റ്നാമിന്റെ പ്രതിരോധത്തെ മറികടക്കാനായില്ല. ഇസ്സിയാക്ക കോന, ചെക്ക് കൂലിബലി എന്നിവരിലൂടെ മാലി തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചുവിട്ടു. മറുഭാഗത്ത് ഡായ് നാൻ, എൻഗുയെൻ ലൂക്ക് എന്നിവരിലൂടെ വിയറ്റ്നാം പ്രത്യാക്രമണങ്ങളും നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. രണ്ടാം പകുതിയിൽ സനാബ കെയ്റ്റ (56), ജിഗി കൊയ്റ്റ (82) എന്നിവർ മാലിക്കായി വിജയഗോളുകൾ സമ്മാനിച്ചു. ബെൽജിയം, ന്യൂസിലാൻഡ് എന്നിവരെ പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായ മാലി നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു.
