‘തുമ്മിയാൽ വൈറലാക്കണം, കോട്ടുവായിട്ടാൽ ചരിത്രസംഭവമാക്കണം’; ഷാഫിയെ ലക്ഷ്യമിട്ട് വീണ്ടും അമൽ ഉണ്ണിത്താൻ

തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.പിക്ക് പിന്തുണയുമായി വിവിധ ജില്ലകളിൽ ഫ്ലക്സ് ബോർഡുകൾ ഉയരുന്നതിനിടെ പരിഹാസവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ മകൻ അമൽ ഉണ്ണിത്താൻ. ബിഗ് ബോസ് മത്സരാർഥിയെ ജനകീയനാക്കാൻ മുന്തിയ ഇനം പി.ആർ ഏജൻസിയെ തേടുന്നുവെന്ന ആമുഖത്തോടെയാണ് അമലിന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പ്. ഷാഫിയുടെ പേര് നേരിട്ട് പരാമർശിക്കാതെയാണ് വിമർശനം.

മത്സരാർഥി തുമ്മിയാൽ വൈറലാക്കണമെന്നും കോട്ടുവായിട്ടാൽ ചരിത്രസംഭവമാക്കണമെന്നും ചായ കുടിച്ചാൽ ജനകീയനാക്കണമെന്നുമാണ് അമലിന്റെ പരിഹാസം. ആശാന്റെയും ശിഷ്യന്റെയും പി.ആർ ഏജൻസികളുടെ മാതൃകയിലുള്ള സേവനമാണ് പ്രതീക്ഷിക്കുന്നതെന്നും കുറിപ്പിലുണ്ട്.

നാടുനീളെ ഫ്ലക്സുകളും ബാനറുകളും ഉയരണമെന്നും ശിഷ്യന്മാർ സൈബർ ടീമിനെ നിയന്ത്രിക്കട്ടെയെന്നും അമൽ പരിഹസിച്ചു. നെല്ലിക്കയിൽ ഒതുക്കാതെ ഐഫോണും വിലകൂടിയ മറ്റു സാധനങ്ങളും പാക്കേജിൽ ഉൾപ്പെടുത്താമെന്നും ബജറ്റിന് പരിധിയില്ലെന്നും കുറിപ്പിൽ പറയുന്നു.

‘ഇങ്ങനെയൊക്കെ ജനങ്ങളെ പറ്റിച്ച് ജീവിക്കാമെന്നാണോ പി.ആർ സിദ്ധാന്തം?’ എന്നും അമൽ ചോദിച്ചു. എത്ര വലിയ പി.ആർ ഏജൻസിയായാലും എല്ലാവരെയും എല്ലാക്കാലത്തും കബളിപ്പിക്കാനാകില്ലെന്നും ഫ്ലക്സിന് ആയുസ്സ് കുറവാണെന്നും സത്യത്തിന് കാലാവധിയില്ലെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

രാജ്മോഹൻ ഉണ്ണിത്താൻ ഷാഫിക്കെതിരെ നടത്തിയ പരസ്യ വിമർശനങ്ങളെ തുടർന്ന് കോൺഗ്രസിലുണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് അമലിന്റെ പുതിയ പ്രതികരണം. നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾക്ക് കെ.പി.സി.സി നേതൃത്വം വിലക്കേർപ്പെടുത്തിയെങ്കിലും ഷാഫിയെ ലക്ഷ്യമിട്ട് അമൽ സമൂഹമാധ്യമങ്ങളിലൂടെ വിമർശനം തുടരുകയാണ്. അതേസമയം, കോഴിക്കോടും ആലപ്പുഴയുമുൾപ്പെടെ വിവിധ ജില്ലകളിൽ ഷാഫിയെ അനുകൂലിച്ച് ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കുറിപ്പ് ഇങ്ങനെ:

അത്യാവശ്യം: ഒരു ബിഗ് ബോസ് മത്സരാര്‍ത്ഥിയെ ജനകീയനാക്കാന്‍ മുന്തിയ ഇനം PR ഏജന്‍സിയെ തേടുന്നു! ആശാന്റെയും ശിഷ്യന്റെയും PR ഏജന്‍സികളുടെ മാതൃകയിലും നിലവാരത്തിലുമുള്ള സേവനമാണ് പ്രതീക്ഷിക്കുന്നത്.

മത്സരാര്‍ത്ഥി തുമ്മിയാല്‍ വൈറലാക്കണം, കോട്ടുവായിട്ടാല്‍ ചരിത്രസംഭവമാക്കണം, ചായ കുടിച്ചാല്‍ ജനകീയനാക്കണം!നാടുനീളെ ഫ്‌ലക്‌സും ബാനറും ഉയരണം. പണിയില്ലാതെ നടക്കുന്ന ശിഷ്യന്മാര്‍ സൈബര്‍ ടീമിനെ നിയന്ത്രിക്കട്ടെ… അഡ്മിന്‍ ഫീസും പ്രത്യേകം തരാം!

നെല്ലിക്ക പാക്കേജ് പ്രത്യേകം വേണം! പക്ഷേ നമ്മുടെ ബജറ്റ് കുറച്ചുകൂടി ഉയര്‍ന്നതാണ്. അതുകൊണ്ട് നെല്ലിക്കയില്‍ ഒതുക്കേണ്ട, ഐഫോണും മറ്റു വിലകൂടിയ സാധനങ്ങളും പാക്കേജില്‍ ഉള്‍പ്പെടുത്താം!

പണം ഒരു വിഷയമേയല്ല… ബജറ്റിന് പരിധിയുമില്ല!

ഇങ്ങനെയൊക്കെ ജനങ്ങളെ പറ്റിച്ച് ജീവിക്കാമെന്നാണോ PR സിദ്ധാന്തം?

എത്ര വലിയ PR ഏജന്‍സിയായാലും കുറച്ച് നിഷ്‌കളങ്കരായ മനുഷ്യരെ കബളിപ്പിക്കാന്‍ കഴിഞ്ഞേക്കാം… പക്ഷേ എല്ലാവരെയും എല്ലാക്കാലത്തും കബളിപ്പിക്കാമെന്ന് കരുതരുത്! ഫ്‌ലക്‌സിന് ആയുസ്സ് കുറവാണ്, സത്യത്തിന് കാലാവധിയില്ല!