‘പത്ത് വർഷമായി കുറിച്ചുനൽകുന്നു’: എഫ് ട്യൂൺ ക്രീമിനെ ന്യായീകരിച്ച് സ്‌കിൻ സ്‌പെഷ്യലിസ്റ്റായ എസ്.ആര്‍ ബാലകൃഷ്ണന്‍ നായർ, പരാതി ഒതുക്കാനും ശ്രമം

മലപ്പുറം: വിവാദ എഫ് ട്യൂണ്‍ ക്രീമിനെ ന്യായീകരിച്ച് സ്കിൻ സ്പെഷ്യലിസ്റ്റായ ഡോക്ടര്‍ എസ്.ആര്‍ ബാലകൃഷ്ണന്‍ നായര്‍. പത്ത് വർഷമായി ക്രീം കുറിച്ചു നൽകുന്നുണ്ടെന്ന് ബാലകൃഷ്ണന്‍ നായര്‍ പറയുന്ന വീഡിയോ പുറത്തുവന്നു. ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടെന്ന വാർത്ത വന്നതിന് ശേഷമാണ് ക്രീമിനെ ന്യായീകരിച്ച് ഡോക്ടർ സംസാരിച്ചത്. മലപ്പുറത്തെ വിവിധ ക്ലിനിക്കുകളിൽ നിന്ന് നൂറുകണക്കിന് രോഗികള്‍ക്കാണ് ഡോക്ടർ, ക്രീം കുറിച്ച് നൽകിയത്.

ഇതിനിടെ പ്രശ്നങ്ങള്‍ പറഞ്ഞവരുടെ പരാതി ഒതുക്കിത്തീര്‍ക്കാന്‍ ഡോക്ടര്‍ പണം നല്‍കുന്നുമുണ്ട്. ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്നറിയാന്‍ ടെസ്റ്റ് ചെയ്തോളൂ എന്ന് പറഞ്ഞാണ് പണം കൊടുത്തത്. അതേസമയം ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് സമീപത്തെ മെഡിക്കൽ ഷോപ്പുകളിൽ ഈ ക്രീം എത്തിച്ചിരുന്നതെന്നും, ഇതിന് കൃത്യമായ ബില്ലുകളോ ലൈസൻസോ സംബന്ധിച്ച വ്യക്തതയോ ഇല്ലാതെ മാറ്റി വെച്ചാണ് നൽകിയിരുന്നതെന്നും ആരോപണമുണ്ട്.

വിവാദങ്ങൾ ഉയർന്ന ഘട്ടത്തിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാർ ആശങ്ക പങ്കുവെച്ചപ്പോൾ, ക്രീം കൊണ്ട് പ്രശ്നങ്ങളില്ലെന്നും അതൊക്കെ താനേ മാറിക്കൊള്ളുമെന്നും ഡോക്ടർ നിസ്സാരമായി മറുപടി നൽകിയതായും പറയുന്നു.

മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കേരളത്തിൽ കടുത്ത ആരോഗ്യ മുന്നറിയിപ്പും നിയമനടപടികളും നേരിടുന്ന ഫെയർനെസ്/ബ്യൂട്ടി ക്രീമാണ് എഫ് ട്യൂൺ ക്രീം. ഇത് ഉപയോഗിച്ച മലപ്പുറം സ്വദേശിയായ യുവതിക്ക് ഗുരുതരമായ വൃക്കരോഗം പിടിപെട്ട സംഭവത്തെത്തുടർന്നാണ് പൊലീസും ഡ്രഗ്സ് കൺട്രോൾ വകുപ്പും അന്വേഷണം ശക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *