ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 37 വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: ഏഴ് വയസ്സുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 46-കാരന് 37 വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട പെരുംകുളം വില്ലേജിൽ കൊണ്ണിയൂർ ഉറിയാക്കോട് താന്നിമൂട് തെക്കുംകര വീട്ടിൽ റെജി സുരേഷിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വിനോദ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും, പിഴയൊടുക്കിയില്ലെങ്കിൽ എട്ടുമാസം അധിക കഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.

2020-21 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. കുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് സഹോദരനെ മീൻ പിടിക്കുന്നതിനായി പറഞ്ഞുവിട്ട ശേഷമാണ് പ്രതി വീട്ടിൽ അതിക്രമിച്ചുകയറിയത്. തുടർന്ന് വീടിനകത്തും പുറത്തുമുള്ള വിറകുപുരയിൽ വെച്ചും കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

വീട്ടിൽ ഭയന്നിരുന്ന മകളോട് മാതാവ് വിവരം തിരക്കിയപ്പോഴാണ് പ്രതി വീട്ടിൽ വന്ന് ഉപദ്രവിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. പ്രതി കുട്ടിയുടെ വീട്ടിലെത്തുന്നതും വീടിനടുത്തുള്ള വിറകുപുരയിൽ വെച്ച് പ്രതിയെയും കുട്ടിയെയും കണ്ടതായും സഹോദരൻ കോടതിയിൽ മൊഴി നൽകിയിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡോ. പ്രമോദ് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും ആറ് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. വിളപ്പിൽശാല ഇൻസ്പെക്ടർ സുരേഷ് കുമാർ, കാട്ടാക്കട ഡിവൈഎസ്പി എൻ. ഷിബു എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *