പത്ര കട്ടിങ്സും സിസിടിവി സ്ക്രീൻഷോട്ടുകളും അപ്ലോഡ് ചെയ്ത് രജിസ്ട്രേഷൻ! ശബരിമല വെർച്വൽ ക്യൂ വെബ്സൈറ്റിൽ ഗുരുതര സുരക്ഷാ പിഴവുകൾ

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള വെർച്വൽ ബുക്കിങ്ങ് വെബ്സൈറ്റിൽ ഗുരുതര സാങ്കേതിക, സുരക്ഷാ പിഴവുകൾ കണ്ടെത്തി സംസ്ഥാന സൈബർ പൊലീസ് വിഭാഗം. വ്യാജ നമ്പറുകളും ഇമെയിലുകളും ഉപയോഗിച്ച് വെർച്വൽ സ്ലോട്ടുകൾ ബുക്ക് ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി.

ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടായതും വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്ന സ്ലോട്ടുകളും യഥാർഥത്തിൽ ദർശനത്തിനെത്തുന്നവരുടെയും എണ്ണത്തിലെ വ്യത്യാസവും കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ട്രാവൽ ഏജന്റുമാർ വൻതോതിൽ ബുക്കിംഗ് നടത്തുന്നുണ്ടെന്ന സംശയത്തെ തുടർന്നാണ് വെർച്വൽ ക്യൂ സംവിധാനത്തിന്റെ സാങ്കേതിക വശങ്ങൾ പരിശോധിക്കാൻ സൈബർ അന്വേഷണ വിഭാഗത്തിന് നിർദ്ദേശം നൽകിയത്. വെർച്വൽ ക്യൂവിൽ ഉണ്ടായ പൊരുത്തക്കേടുകൾ ശ്രദ്ധയിൽ പെട്ടതോടെ ദേവസ്വം മന്ത്രി കെ.മുരളീധരൻ അന്വേഷണം നടത്താൻ സൈബർ വിഭാഗത്തെ ചുമതലപ്പെടുത്തുകയായിരുന്നു.

വെബ്സൈറ്റിലെ തിരിച്ചറിയൽ സംവിധാനത്തിന്‍റെ കുറവാണ് ദുരുപയോഗത്തിനു പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനായി തട്ടിപ്പുകാർ പത്രവാർത്തകളുടെ കട്ടിങ്സും സിസിടിവി ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടും അപ്ലോഡ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. തീർത്താടകരുടെ വിവരങ്ങൾ നൽകുന്ന സമയത്ത് വ്യാപകമായി വ്യാജ വിവരങ്ങൾ ഉപയോഗിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

വെബ്സൈറ്റിന്റെ സുരക്ഷാ സംവിധാനങ്ങൾ കാലഹരണപ്പെട്ടതാണെന്നും ഇത് കൂട്ട ബുക്കിങുകൾക്കായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. വ്യാജ ഫോൺ നമ്പറുകളും ഇമെയിൽ വിലാസങ്ങളും ഉപയോഗിച്ച് സ്ലോട്ടുകൾ ബുക്ക് ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പോർട്ടൽ അപ്‌ഗ്രേഡ് ചെയ്തിട്ടില്ല, ടൂ ഫാക്ടർ ഓതന്റിക്കേഷൻ സംവിധാനവുമില്ല. പ്രവർത്തനഫലത്തെ ബാധിക്കുന്ന തരത്തിൽ സോഫ്റ്റ്‌വെയർ ലോജിക് പിശകും ഉള്ളതായി കാണുന്നുവെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം, തീർത്ഥാടന കാലത്തിന്റെ ആദ്യ ദിവസങ്ങളിൽ വെർച്വൽ ക്യൂ ബുക്കിംഗും യഥാർത്ഥ തീർത്ഥാടകരുടെ വരവും തമ്മിൽ അന്തരമുണ്ടാകുന്നത് അസാധാരണമല്ലെന്ന് ശബരിമലയിലെ സുരക്ഷാ ചുമതല വഹിച്ചിരുന്ന മുതിർന്ന കേരള പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൂട്ട ബുക്കിംഗുകൾക്കായി ഉപയോഗിച്ച ഐപി അഡ്രസ്സുകൾ സൈബർ പൊലീസ് ഇപ്പോൾ പരിശോധിച്ചുവരികയാണ്. അന്വേഷണ കണ്ടെത്തലുകളുടെ പ്രാഥമിക റിപ്പോർട്ട് സൈബർ വിഭാഗം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.