കണ്ണൂര്‍ ദസറയില്‍ അനുമതി നിഷേധിച്ചതായി കണ്ണൂര്‍ ശ്രീലത

കണ്ണൂര്‍: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ കോര്പറേഷന് നടത്തുന്ന കണ്ണൂര്‍ ദസറയില്‍ സിനിമ-സീരിയല്‍ നടി കണ്ണൂര്‍ ശ്രീലതക്കും സംഘത്തിനും പരിപാടി അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ചതായി പരാതി. ദസറയില്‍ പരിപാടി അവതരിപ്പിക്കാനുള്ള അപേക്ഷ ആഗസ്റ്റില്‍ തന്നെ മേയര്‍ക്ക് നല്‍കിയതാണെന്ന് ശ്രീലത പറഞ്ഞു.
എന്നാല്‍ അപേക്ഷ ക്ഷണിക്കുമ്പോള്‍ നല്കിയാല് മതിയെന്ന് മേയര്‍ പറഞ്ഞു. സെപ്റ്റംബറില്‍ വിജ്ഞാപനം വന്നപ്പോള്‍ അപ്രകാരം അപേക്ഷയും നല്കി. പക്കമേളക്കാരടക്കം പത്തു പേരടങ്ങുന്ന ടീമിന് 15,000 രൂപയാണ് പ്രതിഫലം ആവശ്യപ്പെട്ടത്. 10 മിനിറ്റ് അനുവദിക്കാമെന്നാണ് സംഘാടകര്‍ അറിയിച്ചത്.
സ്റ്റേജില്‍ പക്കമേളമടക്കം എല്ലാം സെറ്റ് ചെയ്യാന്‍ തന്നെ 10 മിനിറ്റ് വേണം. അതിനാല്‍ അരമണിക്കൂര്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടു. ലക്ഷങ്ങള്‍ കൊടുത്ത് സെലിബ്രിറ്റികളെ കൊണ്ടുവന്ന് കണ്ണൂര്‍ ദസറ നടത്തുമ്പോള്‍ കണ്ണൂരുകാരായ കലാകാരന്മാര്ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് കോര്‍പറേഷനിലെ ഒരു കോക്കസ് ദസറ പരിപാടി ഹൈജാക്ക് ചെയ്യുകയാണെന്ന് കണ്ണൂര്‍ ശ്രീലത ആരോപിച്ചു.
സംഗീത സംവിധായകന് ഷമീര്‍ ബാബു, തബലിസ്റ്റ് രാഗേഷ് ഹരിശ്രീ, ഗിരീഷ് പണിക്കര്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
