ആഴ്സനൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ, അത്ലറ്റിക്കോയെ വീഴ്ത്തിയത് ഒറ്റ ഗോളിന്; 20 വർഷത്തിനിടെ ആദ്യം

ലണ്ടൻ: ആഴ്സനൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാംപാദ സെമിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് സ്പാനിഷ് ക്ലബ് അത്ലറ്റികോ മഡ്രിഡിനെ വീഴ്ത്തിയാണ് പീരങ്കിപ്പട കലാശപ്പോരിന് ടിക്കറ്റെടുത്തത്.
ഇരുപാദങ്ങളിലുമായി 2-1 എന്ന സ്കോറിനാണ് ആഴ്സനലിന്‍റെ ജയം. അത്ലറ്റികോ തട്ടകത്തിൽ നടന്ന ആദ്യപാദ മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾവീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. 20 വർഷത്തിനിടെ ആദ്യമായാണ് ആഴ്സനൽ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട പോരിൽ ഒന്നാമതുള്ള മൈക്കൽ അർട്ടേറ്റക്കും സംഘത്തിനും ചാമ്പ്യൻസ് ലീഗും നേടി സീസണിൽ ഡബ്ൾ കിരീടമാണ് ലക്ഷ്യമിടുന്നത്. ഇന്ന് നടക്കുന്ന ബയേൺ മ്യൂണിക്ക്-പാരിസ് സെന്റ് ജെർമെയ്ൻ രണ്ടാം സെമിയിലെ ജേതാക്കളെയാണ് ആഴ്സനൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേരിടുക.
കഴിഞ്ഞ സീസണിൽ സെമിയിൽ പി.എസ്.ജിയോട് തോറ്റാണ് ആഴ്സനൽ പുറത്തായത്. മത്സരത്തിന്‍റെ 44ാം മിനിറ്റിൽ ബുകായോ സാകയാണ് ടീമിന്‍റെ വിജയഗോൾ നേടിയത്. ബോക്സിനുള്ളിൽനിന്ന് ലിയാൻഡ്രോ ട്രൊസാർഡിന്റെ ഒരു ബുള്ളറ്റ് ഷോട്ട് അത്ലറ്റികോ ഗോൾ കീപ്പർ ജാൻ ഒബ്ലാക്ക് തടഞ്ഞിട്ടെങ്കിലും പന്ത് വന്നുവീണത് ഈ സമയം ഗോൾ പോസ്റ്റിനു മുന്നിലുണ്ടായിരുന്ന സാകയുടെ തൊട്ടുമുന്നിൽ. പന്ത് വലയിലേക്ക് തട്ടിയിടേണ്ട കാര്യമേ താരത്തിനുണ്ടായിരുന്നുള്ളു. ആദ്യ പകുതിയിൽ ഇരുടീമുകൾക്കും കാര്യമായ ഗോളവസവരങ്ങൾ സൃഷ്ടിക്കാനായില്ല. അൽപം സമ്മർദത്തോടെയാണ് ഇരുടീമുകളും പന്തുതട്ടിയത്.
ജൂലിയാനോ സിമിയോണിക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. പകരക്കാരനായി ഇറങ്ങിയ പിയറോ ഹിൻകാപ്പിയുടെ ക്രോസിൽനിന്ന് ഗ്യോക്കറസിന് ലീഡ് ഇരട്ടിപ്പിക്കാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് ബാറിനു മുകളിലൂടെ പുറത്തേക്ക് പോയി. ഒടുവിൽ 1-0ത്തിന് ആഴ്സനൽ ഫൈനലിൽ. 2006ൽ ബാഴ്സലോണയോട് തോറ്റതിന് ശേഷം ആദ്യമായാണ് സംഘം ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തുന്നത്. ആദ്യമായി യൂറോപ്യൻ കിരീടം സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഗണ്ണേഴ്സിന് മുന്നിലുള്ളത്. മെയ് 30ന് ബുഡാപെസ്റ്റിലാണ് ഫൈനൽ.
അതേസമയം, രണ്ടാംസെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ ഇന്ന് അർധാത്രി ബയേൺ മ്യൂണിക്കും പാരിസ് സെന്റ് ജെർമെയ്നും ഏറ്റുമുട്ടും. ജർമനിയിൽ ബുണ്ടസ് ലിഗ കിരീടം നിലനിർത്തിയതിന്റെ ആവേശത്തിൽ സ്വന്തം തട്ടകമായ അലയൻസ് അറീനയിൽ ഇറങ്ങുന്ന ബയേൺ, ഒന്നാംപാദത്തിൽ ഒരു ഗോൾ പിറകിലാണ്. പാരിസിൽ കഴിഞ്ഞയാഴ്ച 5-4നായിരുന്നു നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയുടെ ജയം. ബയേണിനെതിരെ സമനില പിടിച്ചാലും ഇവർക്ക് തുടർച്ചയായ രണ്ടാം തവണയും ഫൈനലിലേക്ക് മുന്നേറാം.
ബുണ്ടസ് ലിഗ പോയന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ ഹെയ്ഡെൻഹെയിമിനോട് തോൽവിയുടെ വക്കിൽനിന്ന് രക്ഷപ്പെട്ടിരുന്നു ഈയിടെ ബയേൺ. ആ മത്സരം 3-3 സമനിലയിലായി. പി.എസ്.ജിക്കെതിരെ ആക്രമണ ശൈലി തുടരാൻ തന്നെയാണ് പരിശീലകൻ വിൻസെന്റ് കൊംപനിയുടെ പദ്ധതി. വിങ്ങർ സെർജ് നാബ്രിയുടെയും മിഡ്ഫീൽഡർ റാഫേൽ ഗുറെയ്റോയുടെയും പരിക്ക് ബയേണിന് ക്ഷീണമാണ്. മൈക്കൽ ഒലിസെ, ജമാൽ മ്യൂസിയാല, ലൂയിസ് ഡയസ്, ഹാരി കെയ്ൻ എന്നിവരടങ്ങുന്ന ആക്രമണനിരയിലാണ് പ്രധാന പ്രതീക്ഷ. മറുഭാഗത്ത് പി.എസ്.ജി ക്യാമ്പിലും ആശങ്കകളുണ്ട്. നായകനും റൈറ്റ് ബാക്കുമായ അഷ്റഫ് ഹകീമി പരിക്കേറ്റ് പുറത്താണ്. ലുയിസ് എൻട്രിക് സംഘത്തിന് ഉസ്മാൻ ഡെംബലും ഡിസയർ ഡൂവും ഖ്വിച്ച ക്വാറത്‌സ്‌ഖേലിയയുമടങ്ങുന്ന മുന്നേറ്റം കരുത്താണ്.
വിറ്റിഞ്ഞ, ജാവോ നെവസ്, ഫാബിയൻ റൂയിസ് തുടങ്ങിയവർ മധ്യനിരയിലും നൂനോ മെൻഡസും മാർക്കിഞ്ഞോസുമെല്ലാം പ്രതിരോധത്തിലുമുണ്ട്.
