ഇന്ത്യയുടെ ക്യാപ്റ്റനാകേണ്ട താരമായിരുന്നു പന്ത്, പക്ഷേ…; തിരിച്ചടിയായത് എന്തെന്ന് വെളിപ്പെടുത്തി അശ്വിൻ

ക്രൈസ്റ്റ്ചർച്ച്: പ്രതിഭയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കൊപ്പം സ്ഥാനം പിടിക്കാൻ കഴിവുണ്ടായിട്ടും ഋഷഭ് പന്തിന് അതിന് സാധിക്കാത്തത് കളത്തിനകത്തെ തെറ്റായ തീരുമാനങ്ങൾ കാരണമാണെന്ന് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ഷോട്ടുകൾ തെരഞ്ഞെടുക്കുന്നതിൽ കൂടുതൽ പക്വത കാണിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നാലാം നമ്പർ ബാറ്ററായും നായകനായും പന്തിന് തിളങ്ങാൻ കഴിയുമായിരുന്നുവെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു.

ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ പന്ത് പുറത്തായ രീതിയാണ് അശ്വിന്റെ വിമർശനത്തിന് ആധാരം. ഹാഗ്‌ലി ഓവലിൽ നടന്ന മത്സരത്തിന്റെ രണ്ടാം ദിനം 39 പന്തിൽ 23 റൺസെടുത്താണ് പന്ത് പുറത്തായത്. ജേക്കബ് ഡഫിയുടെ പന്തിൽ ക്രീസിൽനിന്ന് മുന്നോട്ടിറങ്ങി ആക്രമിക്കാൻ ശ്രമിച്ച താരത്തിന് ഷോട്ട് പിഴക്കുകയും പോയിന്റിൽ ക്യാച്ച് നൽകുകയുമായിരുന്നു.

‘തന്റെ കളി കൂടുതൽ മെച്ചപ്പെടുത്തുകയും ശരിയായ തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്നെങ്കിൽ ഇന്ത്യയുടെ സ്ഥിരം നാലാം നമ്പർ ബാറ്ററായി പന്തിന് മാറാമായിരുന്നു. വിക്കറ്റ് കീപ്പിങ്ങിന്റെ ആവശ്യംപോലും വരില്ലായിരുന്നു. എന്തുകൊണ്ടാണ് പന്ത് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാകാതിരുന്നത്? തീരുമാനങ്ങളെടുക്കുന്നതിലെ പിഴവുകളാണ് അദ്ദേഹത്തിന് തിരിച്ചടിയായത്’ -അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

പന്തിനെപ്പോലെ കഴിവുള്ള ഒരു താരത്തിന് ഏകദിന, ട്വന്റി20 ടീമുകളിൽ സ്ഥിരമായി ഇടം നേടാൻ കഴിയാത്തതിന് പിന്നിലും ഇതേ പ്രശ്നമാണെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി.

പേസ് ബൗളർമാർക്കെതിരെ ക്രീസിൽനിന്ന് മുന്നോട്ടിറങ്ങി കളിക്കാനുള്ള ശ്രമത്തിനിടെ പന്ത് പുറത്താകുന്നത് ഇതാദ്യമല്ല. 2021ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ട്രെന്റ് ബോൾട്ടിനെതിരെയും 2022ൽ ജോഹന്നാസ്ബർഗിൽ കഗിസോ റബാദക്കെതിരെയും 2025ൽ ഗുവാഹതിയിൽ മാർക്കോ യാൻസനെതിരെയും സമാനമായ രീതിയിൽ താരം വിക്കറ്റ് നഷ്ടപ്പെടുത്തിയിരുന്നു.

‘ഇന്ത്യക്ക് ലഭിച്ച ഏറ്റവും പ്രതിഭാശാലികളായ ടെസ്റ്റ് ബാറ്റർമാരിൽ ഒരാളാണ് ഋഷഭ് പന്തെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ, അപകടസാധ്യതയേറിയ ഷോട്ടുകൾ കളിച്ചാണ് പലപ്പോഴും അദ്ദേഹം പുറത്താകുന്നത്. പന്ത് അടിക്കാൻ ശ്രമിക്കുന്ന ഇടങ്ങളിൽ ഫീൽഡർമാർ നിലയുറപ്പിച്ചിട്ടുണ്ടെന്നതാണ് പ്രശ്നം. ശരിയായ തീരുമാനങ്ങളെടുത്താൽ വിവിധ തലമുറകളിലെ ഏറ്റവും മികച്ച താരങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ പന്തിന്റെ പേരുമുണ്ടാകും. അതിനുള്ള പ്രതിഭ അദ്ദേഹത്തിനുണ്ട്. എനിക്ക് സങ്കടമാണ് തോന്നുന്നത്’ -അശ്വിൻ കൂട്ടിച്ചേർത്തു.