അട്ടപ്പാടിയിലെ 15 വയസ്സ് പൂർത്തിയായ പെൺകുട്ടികളുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാൻ നിർദേശം;റിപ്പോർട്ട് ഡിസംബർ 20ന് ലഭ്യമാക്കണം

പാലക്കാട്: അട്ടപ്പാടി മേഖലയിലെ 15 വയസ്സ് പൂർത്തിയായ പെൺകുട്ടികളുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കണമെന്ന് നിയമസഭ പട്ടികജാതി-വർഗ ക്ഷേമം സംബന്ധിച്ച സമിതി. 2011 മുതൽ 2026 നവംബർ വരെ പ്രസവിച്ച അമ്മമാരുടെയും അവരുടെ കുട്ടികളുടെയും ആരോഗ്യസ്ഥിതി, അരിവാൾ രോഗമുള്ളവരുടെ വിവരങ്ങൾ എന്നിവയടങ്ങിയ സമഗ്ര റിപ്പോർട്ട് ഡിസംബർ 20നകം സമർപ്പിക്കാനും സമിതി നിർദേശിച്ചു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ചെയർപേഴ്സനായ സമിതി അട്ടപ്പാടി മിനി സിവിൽ സ്റ്റേഷനിൽ നടത്തിയ സിറ്റിങ്ങിലാണ് നിർദേശം.
ആരോഗ്യ സ്ഥാപനങ്ങളിലെ എച്ച്.എം.സികളിൽ രജിസ്റ്റർ ചെയ്ത പട്ടികജാതി-വർഗ സംഘടനകളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ സമിതി ആവശ്യപ്പെട്ടു. പാലക്കാട് മെഡിക്കൽ കോളജിൽ സംവരണതത്വം കൃത്യമായി പാലിക്കണം. കാൻസർ രോഗികൾക്ക് ഉൾപ്പെടെയുള്ള സൗജന്യ ഗതാഗത സംവിധാനങ്ങൾ സംബന്ധിച്ചും സമിതി റിപ്പോർട്ട് തേടി. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ റേഡിയോളജിസ്റ്റിനെ നിയമിക്കാൻ ആരോഗ്യവകുപ്പിനോട് ശിപാർശ ചെയ്യും. താൽക്കാലികമായി ഡോക്ടർമാരെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കാനും സമിതി ഡി.എം.ഒയോട് നിർദേശിച്ചു. ആശുപത്രികളിൽ പട്ടികവർഗക്കാരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്ന ഗ്രാൻഡിന് തത്തുല്യമായി നൽകുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കണം. 2006ലെ വനവകാശ നിയമപ്രകാരം നൽകിയ ഭൂമിയുടെ സമ്പൂർണ വിവരങ്ങൾ സംബന്ധിച്ച സമഗ്ര റിപ്പോർട്ട് നൽകാനും നിർദേശിച്ചു.
അട്ടപ്പാടിയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ പ്രതിമാസം നിശ്ചിത തീയതിയിൽ മോണിറ്ററിങ് സമിതി ചേർന്ന് പുരോഗതി വിലയിരുത്തണമെന്നും ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറിയുള്ള അനധികൃത നിർമാണ പ്രവർത്തനങ്ങൾ 24 മണിക്കൂറിനുള്ളിൽ സ്റ്റോപ്പ് മെമ്മോ നൽകി നിർത്തിവെക്കാൻ നിയമസഭ സമിതിയുടെ നിർദേശം. കെ.എൽ.ടി.എ ആക്ട് പ്രകാരം നടപടിയെടുത്ത് റിപ്പോർട്ട് നൽകാൻ സമിതി അധ്യക്ഷൻ റവന്യൂ അധികൃതരോട് ആവശ്യപ്പെട്ടു.
അഹാഡ്സിൽ വാച്ചർമാരായി സേവനം അനുഷ്ഠിച്ചവരുടെ പുനർവ്യാന്യാസം, ഏകലവ്യ സ്കൂൾ കെട്ടിടം നിർമാണം, ഭവനനിർമാണം ഉൾപ്പെടെ സമിതി മുമ്പാകെ വന്ന 11 പരാതികൾ ചർച്ച ചെയ്തു. പുതിയ 22 പരാതികൾ സ്വീകരിച്ചു. പട്ടികജാതി-വർഗ കമീഷൻ നിയമസഭ സമിതി അംഗങ്ങളും എം.എൽ.എമാരുമായ പി.പി. സുമോദ്, സി.കെ. കാസിം, വി.ടി. സൂരജ്, കെ. ബിനുമോൻ, യു.ആർ. പ്രദീപ്, ജില്ല കലക്ടർ കെ. സുധീർ, ഒറ്റപ്പാലം സബ് കലക്ടർ അഞ്ജീത് സിങ്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരിരേശൻ, ജില്ല പൊലീസ് മേധാവി അബ്ദുൽ റാഷി, പാലക്കാട് ആർ.ഡി.ഒ കെ. ദേവകി, നിയമസഭ റിപ്പോർട്ടർ കെ. ശ്രീകല, എസ്.ഒ പി.ആർ. ഗോപൻ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
