'മഴയെത്തും മുമ്പേ ഞങ്ങൾ തുടങ്ങി': മഴക്കാല പൂർവ ശുചീകരണം ആരംഭിച്ച് തിരുവനന്തപുരം കോർപ്പറേഷൻ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ മഴക്കാല പൂർവ ശുചീകരണം ആരംഭിച്ചെന്ന് മേയർ വി.വി. രാജേഷ്. തമ്പാനൂരിൽ ആമയിഴഞ്ചാൻ തോട് ശുചീകരിക്കുന്ന ചിത്രങ്ങൾ മേയർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ‘ഞങ്ങൾ തുടങ്ങി. മഴക്കാലത്തിന് മുമ്പ് തിരുവനന്തപുരം കോർപ്പറേഷനിലെ നദികളും തോടുകളും വൃത്തിയാക്കുന്നതിന്റെ ഭാഗമായി രാത്രി തമ്പാനൂരിൽ ആമയിഴഞ്ചാൻ തോട് ശുദ്ധീകരിച്ചപ്പോൾ’ എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്കിൽ ചിത്രങ്ങൾ പങ്കുവെച്ചത്.
തിരുവനന്തപുരത്ത് മാലിന്യ സംസ്കരണം ശരിയായി നടക്കുന്നില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ മുമ്പ് വിമർശിച്ചിരുന്നു. കോർപറേഷൻ പ്രവർത്തനം അവതാളത്തിലായെന്നും നാറാത്തത് നാറുമെന്നായിരുന്നു ശിവൻകുട്ടിയുടെ വിമർശനം. മാലിന്യ നിർമാർജനം പാളിയെന്നും തെരുവുനായ ശല്യം കൂടിയെന്നും ശിവൻകുട്ടി ആരോപിച്ചു. പലയിടത്തും തെരുവുവിളക്ക് കത്തുന്നില്ല. മാലിന്യനീക്കം ആകെ താളം തെറ്റി. നഗരം പകർച്ച വ്യാധി ഭീതിയിലാണെന്നും ജനജീവിതം ദുസ്സഹമാക്കരുതെന്നും സർവ കക്ഷിയോഗം വിളിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ശിവൻകുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോൾ അടങ്ങുമെന്ന് വി.വി. രാജേഷ് തിരിച്ചടിച്ചു. നേതാവിന് ഇതുവരെ തോറ്റുവെന്ന് ബോധ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് എന്തിനും ഏതിനും കോർപ്പറേഷന് മുകളിലേക്ക് കയറുന്നതെന്നും മേയർ മറുപടി നൽകി.
തിരുവനന്തപുരത്തെ മാലിന്യം സംസ്കരണം അവതാളത്തിലാക്കിയത് ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ്. തിരുവനന്തപുരത്ത് മാത്രമല്ല, മാലിന്യ സംസ്കരണമെന്ന് കേൾക്കുമ്പോൾ സി.പി.എം കേരളത്തെ മുഴുവൻ ഭയപ്പാടിലാക്കുന്ന തരത്തിലാണ് പ്രവർത്തിച്ചത്. വിളപ്പിൽശാല എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് ഭയമാണെന്നും രാജേഷ് പറഞ്ഞു.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം തെരഞ്ഞെടുപ്പ് ചട്ടം വരുന്നതിന് മുമ്പ് വാർഡുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് വി.വി. രാജേഷ് പറഞ്ഞു. നഗരത്തിൽ പരമാവധി 30 ശതമാനമാണ് കോർപ്പറേഷൻ പരിധിയിലുള്ളത്. ശുചീകരണത്തിനായി റിട്ടയേർഡ് ഉദ്യോഗസ്ഥരുടെ അഭിപ്രായമടക്കം തേടിയിരുന്നു. കോർപ്പറേഷൻ ഫണ്ട്, ദുരന്ത നിവാരണ ഫണ്ട് എന്നിവ ഉപയോഗിച്ച് ശുചീകരണം ആരംഭിക്കുമെന്നും വി.വി. രാജേഷ് വ്യക്തമാക്കി. 38 വാർഡുകളിലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഇവിടങ്ങളിൽ പല ഭാഗങ്ങളും സന്ദർശിച്ചതായും മേയർ പ്രതികരിച്ചു.
