ബ്രസീൽ ഫുട്ബാൾ പ്രതിനിധി സംഘം കൊൽക്കത്തയിൽ; ടിക്കറ്റ് നിരക്ക് 2500 മുതൽ

കൊൽക്കത്ത: ഒക്ടോബർ മൂന്നിന് ഇന്ത്യയുമായി നടക്കുന്ന സൗഹൃദ മത്സരത്തിന് ഒന്നരമാസം മാത്രം ബാക്കിയിരിക്കെ ബ്രസീലിയൻ ഫുട്ബാൾ കോൺഫെഡറേഷൻ പ്രതിനിധികൾ കൊൽക്കത്തയിലെത്തി. മത്സരത്തിന് വേദിയാവുന്ന സാൾട്ട് ലേക്ക് സ്റ്റേഡിയം പരിശോധിച്ച സംഘം, താരങ്ങൾക്കുൾപ്പെടെ താമസിക്കാനുള്ള ഹോട്ടലുകളും സന്ദർശിച്ചു. കോൺഫെഡറേഷൻ ടെക്നിക്കൽ ടീമിലെ ഏഴുപേരാണ് കൊൽക്കത്തയിലുള്ളത്. ബുധനാഴ്ച അർധരാത്രിയെത്തി‍യ പ്രതിനിധികൾ വ്യാഴാഴ്ച രാവിലെ വിമാനത്താവളത്തിന് സമീപത്തെ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകൾ സന്ദർശിച്ചു.

96 പേരടങ്ങുന്ന സംഘമാണ് ഒക്ടോബറിൽ ഇന്ത്യയിലെത്തുക. ഇവർക്കുള്ള താമസസൗകര്യങ്ങൾ വിലയിരുത്തി. വൈകുന്നേരമാണ് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയത്. സുരക്ഷാ സംവിധാനങ്ങളും മൈതാനവും പരിശീലന സൗകര്യങ്ങളും പ്രതിനിധി സംഘം പരിശോധിച്ചു. സെപ്റ്റംബർ മൂന്നിന് രാത്രി ആസ്ട്രേലിയയിൽനിന്നാണ് ബ്രസീൽ ടീം കൊൽക്കത്തയിൽ പറന്നിറങ്ങുക. ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ പരിശീലനം നടത്തും. മഞ്ഞപ്പടയുടെ ഒന്നാംനിര തന്നെയായിരിക്കും ഇന്ത്യക്കെതിരെ കളിക്കുകയെന്നാണ് റിപ്പോർട്ട്.

അതേസമയം, ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനം ഉടനുണ്ടാവും. ജനറൽ ഗാലറി സീറ്റുകൾക്ക് 2500 രൂപയായിരിക്കുമെന്നാണ് പ്രാഥമിക വിവരം. പ്രീമിയം/വി.ഐ.പി ടിക്കറ്റുകൾക്ക് 25000 രൂപ വരെ പ്രതീക്ഷിക്കാം.

ഡ്യൂറൻഡ് കപ്പ്: മോഹൻ ബഗാൻ- ഈസ്റ്റ് ബംഗാൾ ഫൈനൽ

കൊൽക്കത്ത: പെനാൽറ്റി ഷൂട്ടൗട്ട് വിധി നിർണയിച്ച രണ്ടാം സെമിയിൽ നോർത്ത് ഈസ്റ്റിനെ വീഴ്ത്തി മോഹൻ ബഗാൻ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തതോടെ ഡ്യൂറൻഡ് കപ്പിൽ കൊൽക്കത്തൻ ഫൈനൽ. ഞായറാഴ്ച സാൾട്ട് ലേക്കിൽ നടക്കുന്ന ഫൈനലിൽ ഈസ്റ്റ് ബംഗാളാണ് എതിരാളികൾ.

പതിവു സമയത്ത് ഗോളൊന്നും പിറക്കാതെ പോയ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ചോരാത്ത കൈകളുമായി ഗോളി വിശാൽ കെയ്ത്ത് രക്ഷകനായപ്പോൾ 4-3നായിരുന്നു ബഗാൻ ഷൗട്ടൗട്ട് കടന്നത്. കെയ്ത്ത് രണ്ടു ഷോട്ടുകൾ രക്ഷപ്പെടുത്തി. ബഗാനു വേണ്ടി ഭെകെ, സുഭാശിഷ്, ലിസ്റ്റൺ, മക്ലാറൻ എന്നിവർ വല കുലുക്കിയപ്പോൾ നോർത്ത് ഈസ്റ്റിനായി റോബിൻ യാദവും ഗൊഗോയിയും എടുത്ത ഷോട്ടുകൾ കെയ്ത്ത് രക്ഷപ്പെടുത്തി.