35 വേദികൾ, 350 കലാപരിപാടികൾ; തലസ്ഥാനത്ത് ഓണം വാരാഘോഷം ഇന്നുമുതൽ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷം തിങ്കളാഴ്ച വൈകിട്ട് 5.30ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയാകും. നടി ശോഭനയുടെ നൃത്താവിഷ്കാരത്തോടെ കലാപരിപാടികൾക്ക് തുടക്കമാകും.
ഏഴ് മുതൽ കെ.എസ്. ഹരിശങ്കറിന്റെ മ്യൂസിക് ലൈവും നിശാഗന്ധിയിൽ അരങ്ങേറും. ആഗസ്റ്റ് 30 വരെ നടക്കുന്ന വാരാഘോഷത്തിൽ തലസ്ഥാനത്ത് മാത്രം 35 വേദികളിലായി 340ലേറെ കലാപരിപാടികളാണ് അവതരിപ്പിക്കുന്നത്. 3,000ത്തോളം കലാകാരന്മാർ അരങ്ങിലും അണിയറയിലുമായെത്തും. ഇതിനു പുറമെ വിവിധ ജില്ലകളിലും നൂറുകണക്കിന് വേദികളാണ് സജ്ജമാക്കിയിട്ടുള്ളത്. സംസ്ഥാനത്താകെ 8000 ലേറെ കലാകാരന്മാർ പങ്കാളികളാകും.
കനകക്കുന്ന് വളപ്പിലെ ആഘോഷമേഖലയെ ബിസിനസ് സോൺ, ഫ്യൂച്ചർ സോൺ, ആർട്ട് ആൻഡ് കൾച്ചർ സോൺ, ഫുഡ് സോൺ എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചിട്ടുണ്ട്. സമാപന ദിനമായ ആഗസ്റ്റ് 30ന് ഘോഷയാത്ര മാനവീയം വീഥിയിൽ നിന്നും അഞ്ചിന് ആരംഭിച്ച് കിഴക്കേകോട്ടയിൽ അവസാനിക്കും. 62 സർക്കാർ വകുപ്പുകൾ പങ്കെടുക്കും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫോക്ക് കലാരൂപങ്ങൾ ഉൾപ്പെടെ നൂറിലേറെ കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും. സമാപന സമ്മേളനത്തിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയാകും.
ഓണത്തിരക്കൊഴിവാക്കാൻ സ്പെഷൽ ട്രെയിൻ
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കൊഴിവാക്കാൻ കൊൽക്കത്തയിലെ സാന്ത്രാഗച്ചിയിൽ നിന്ന് ഞായറാഴ്ച യാത്രയാരംഭിച്ച വൺ വേ സ്പെഷ്യൽ ട്രെയിൻ (08065) ചൊവ്വാഴ്ച വൈകിട്ട് കേരളത്തിൽ എത്തും. പാലക്കാട് – വൈകു. 4.00, തൃശൂർ – 5.42, , ആലുവ – 6.35, , എറണാകുളം ടൗൺ – 7.20 , കോട്ടയം – 8.25, ചങ്ങനാശ്ശേരി – 8.45 , തിരുവല്ല – 8.56, ചെങ്ങന്നൂർ – 9.08, മാവേലിക്കര – 9.20, കായംകുളം – 9.30 , കൊല്ലം – 10.20, തിരുവനന്തപുരം നോർത്ത് – 11.45 എന്നിങ്ങനെയാണ് കേരളത്തിലെ സമയക്രമം. ഒരു എ.സി ടൂ ടയർ കോച്ച്, രണ്ട് എ.സി ത്രീ ടയർ കോച്ചുകൾ, 11 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയാണ് ട്രെയിനിലുള്ളത്.
