പല ഉപജാതികളും അപ്രത്യക്ഷമാകാൻ കാരണമാകും; ജാതി സെൻസസ് ചോദ്യാവലി പരിഷ്കരിക്കണമെന്ന് മെക്ക

കൊച്ചി: കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ജാതി സെൻസസ് ചോദ്യാവലി പരിഷ്കരിച്ചില്ലെങ്കിൽ കേരളത്തിലെ നിരവധി പിന്നാക്ക വിഭാഗങ്ങൾ ഔദ്യോഗിക കണക്കുകളിൽനിന്ന് അപ്രത്യക്ഷമാകുമെന്ന് മുസ്‌ലിം എജുക്കേഷനൽ ആൻഡ് കൾചറൽ അസോസിയേഷൻ (മെക്ക). സംസ്ഥാനത്തിന്റെ പ്രത്യേക സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുത്ത്, അംഗീകൃത പിന്നാക്ക പട്ടികയുടെ അടിസ്ഥാനത്തിൽ മാത്രമേ ജാതി-ഉപജാതി വിവരങ്ങൾ ശേഖരിക്കാവൂ എന്നും ഓരോ സംസ്ഥാനത്തിനും പ്രത്യേകമായി ചോദ്യാവലി തയാറാക്കേണ്ടത് അനിവാര്യമാണെന്നും മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

നിലവിലെ 40 ഇന ചോദ്യാവലിയിൽ ഒ.ബി.സി. (പിന്നാക്ക ജാതി) കൂടി ഉൾപ്പെടുത്തി ചോദ്യാവലി വിപുലീകരിക്കണമെന്നാണ് പ്രധാന ആവശ്യം. കേരളത്തിലെ വിശ്വകർമ, ധീവര, വണിക വൈശ്യ തുടങ്ങിയ വിഭാഗങ്ങൾ പതിനഞ്ചോളം പ്രാദേശിക അവാന്തര നാമങ്ങളിലാണ് അറിയപ്പെടുന്നത്. ഉദാഹരണത്തിന്, ധീവര വിഭാഗം മാത്രം അരയൻ, മുക്കുവൻ, വാലൻ, നുലയൻ തുടങ്ങി പത്തിലേറെ ഉപജാതി പേരുകളിലാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

സംസ്ഥാന സർക്കാറിന്റെ അംഗീകൃത പിന്നാക്ക വിഭാഗ പട്ടികയിലെ ക്രമനമ്പർ അടിസ്ഥാനമാക്കി വിവരങ്ങൾ ക്രോഡീകരിച്ചില്ലെങ്കിൽ ഈ വിഭാഗങ്ങൾ പലതായി വിഭജിക്കപ്പെടുകയും നിലവിലുള്ള ആനുകൂല്യങ്ങളും അവസരങ്ങളും നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയ്യും. സമാന രീതിയിൽ തന്നെയാണ് വിശ്വകർ മരും വണിക വൈശ്യരും പത്മശാലിയയും ചെട്ടി, ഗണക കണിശ വിഭാഗങ്ങളും. നായർ പേരുള്ള ചക്കാല നായർ, വിളക്കിത്തല നായർ, വെളുത്തേടത്ത് നായർ , വെളുത്തേടൻ, വണ്ണത്താൻ, വിളക്കിത്തലവൻ തുടങ്ങിയവരും നാമമാത്ര പട്ടികയിൽ നിന്നും അപ്രത്യക്ഷമാകുന്നതാണ്.

എസ്.ഇ.ബി.സി., ഒ.ബി.സി., ഒ.ഇ.സി. ലിസ്റ്റുകളും കെ.എസ്.ആർ. ആൻഡ് എസ്.എസ്.ആർ. പ്രകാരമുള്ള പിന്നാക്ക വിഭാഗ പട്ടികയും അനുസരിച്ച് ജാതി വിവരങ്ങൾ ശേഖരിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സെൻസസ് വകുപ്പുമായി ബന്ധപ്പെടണം. വർഷങ്ങളായി കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാനും വിഭവ വിതരണവും ഉദ്യോഗ പ്രാതിനിധ്യവും നീതിപൂർവ്വമാക്കാനും ഈ തിരുത്തൽ അനിവാര്യമാണെന്നും രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിലെ മൗനം വെടിയണമെന്നും മെക്ക അഭ്യർഥിച്ചു.