ചാമ്പ്യൻസ് ലീഗ്; ഗണ്ണേഴ്സിനെ സമനിലയിൽ തളച്ച് അത്ലറ്റിക്കോ മഡ്രിഡ്

മഡ്രിഡ്: ആവേശകരമായ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം സെമി ഫൈനലിലെ ആദ്യ പാദത്തിൽ കരുത്തരായ ആഴ്സനലിനെ സമനിലയിൽ തളച്ച് അത്ലറ്റിക്കോ മഡ്രിഡ്. അത്ലറ്റിക്കോ മഡ്രിഡ് ഹോം ഗ്രൗണ്ടായ റിയാദ് എയർ മെട്രോപൊളിറ്റാനോയിൽ നടന്ന തീപാറും പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല.
മത്സരം ആരംഭിച്ച ആറാം മിനിറ്റിൽ തന്നെ ഗണ്ണേഴ്സ് അത്ലറ്റിക്കോ മഡ്രിഡിനെതിരെയുള്ള ആക്രമണത്തിന് തിരികൊളുത്തി. എന്നാൽ അധികം വൈകാതെ ആഴ്സനലിനെ പ്രതിസന്ധിയിലാക്കിയുള്ള മറുപടി ആക്രമണം അത്ലറ്റിക്കോ മഡ്രിഡ് ആരംഭിച്ചു. മത്സരത്തിന്റെ 42-ാം മിനിറ്റിൽ വിക്ടർ ഗിയോക്കറസിനെ ഡേവിഡ് ഹാൻകോ കോർട്ടിനുള്ളിൽ തള്ളിയിട്ടതിന് ലഭിച്ച പെനാൽറ്റി കിക്ക്, വിക്ടർ ഗിയോക്കറസ് തന്നെ വലയിൽ എത്തിച്ചതോടെ മത്സരത്തിന്റെ ആദ്യപാദത്തിൽ ആഴ്സനൽ ഗോൾ കണ്ടെത്തി.
രണ്ടാംപാദം ആരംഭിച്ചതോടെ പ്രത്യാക്രമണം നടത്തിയ അത്ലറ്റിക്കോ മഡ്രിഡ് ബെൻ വൈറ്റിലൂടെ ലഭിച്ച പെനാൽട്ടി 56-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് ലക്ഷ്യം കണ്ടതോടെ സ്കോർ സമനിയിലായി. തുടർന്ന് ഇരു ടീമുകളും ശക്തമായ പ്രകടനം പുറത്തെടുത്തെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല.
മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ആഴ്സനലിന് അനുകൂലമായി റെഫറി വീണ്ടും ഒരു പെനാൽറ്റി വിധിച്ചെങ്കിലും, വാർ പരിശോധനയിൽ അത് റദ്ദാക്കിയത് ഗണ്ണേഴ്സിന് തിരിച്ചടിയായി. അത്ലറ്റിക്കോയുടെ അൻ്റോയിൻ ഗ്രീസ്മാൻ്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചതും മത്സരത്തിലെ നിർണ്ണായക നിമിഷമായി.
മെയ് 5ന് ആഴ്സനലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ചാണ് രണ്ടാം പാദ മത്സരം നടക്കുക. മത്സരം വിജയിക്കുന്നവർ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പി.എസ്.ജി vs ബയേൺ മത്സരത്തിലെ വിജയികളുമായി ഫൈനൽ കളിക്കും. ആദ്യ പാദം സമനിലയിലായതോടെ രണ്ടാം പാദ പോരാട്ടം ഏറെ ആവേശകരമാകുമെന്ന് ഉറപ്പായി.
