‘നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം, ജനങ്ങൾക്കൊപ്പം നടന്നവൻ ജനങ്ങളെ നയിക്കട്ടെ’, പഴയങ്ങാടിയിൽ ഫ്ലക്സ് ബോർഡ്
കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ അനുകൂലിച്ച് പഴയങ്ങാടിയിൽ ഫ്ലക്സ് ബോർഡ്. ‘നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം, ജനങ്ങൾക്കൊപ്പം നടന്നവൻ ജനങ്ങളെ നയിക്കട്ടെ’ എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. മാടായി കൂട്ടായ്മയുടെ പേരിൽ ബീവി റോഡിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ മലപ്പുറത്തും വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. യു.ഡി.എഫിൽ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ വിവാദങ്ങൾക്ക് വഴി തുറക്കുന്നതിനിടെയാണ് സതീശന് അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്.
തളിപ്പറമ്പിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദന് അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. ‘നിയുക്ത എം.എൽ.എ ടി.കെ. ഗോവിന്ദന് അഭിവാദ്യം’ എന്ന് എഴുതിയ ഫ്ലക്സുകളാണ് തളിപ്പറമ്പ് നഗരത്തിൽ പലയിടങ്ങളിലായി സ്ഥാപിച്ചത്. തളിപ്പറമ്പിലും പയ്യന്നൂരിലും ഉൾപ്പെടെ ഇത്തവണ യു.ഡി.എഫ് ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്.
പാലായിലും തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുന്നതിന് മുമ്പുതന്നെ ജോസ് കെ. മാണിയെ നിയുക്ത എം.എൽഎയെന്ന് പ്രഖ്യാപിച്ച് ഫെക്‌സ് ബോർഡുകൾ. കടുത്ത ത്രികോണ മത്സരം നടന്ന പാലായിൽ ആരു ജയിക്കുമെന്നതിനെക്കുറിച്ച് വിശകലനങ്ങൾ തുടരുന്നതിനിടെയാണ് ജോസ് കെ. മാണിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. കടപ്പാട്ടൂരിലാണ് നിയുക്ത എം.എൽ.എയെന്ന് ജോസ് കെ. മാണിയെ വിശേഷിപ്പിക്കുന്ന ബോർഡ് പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തെ ജനനായകൻ എന്നും വിശേഷിപ്പിക്കുന്നുണ്ട്. കടപ്പാട്ടൂർ പൗരാവലിയുടെ പേരിലാണ് ബോർഡ്. ചിലരുടെ ഒരാഗ്രഹമെന്നനിലയിൽ മാത്രം ബോർഡിനെ കണ്ടാൽ മതിയെന്നും ഫലപ്രഖ്യാപനം വരുമ്പോൾ ഇത്തരം ആഗ്രഹങ്ങൾ അവസാനിക്കുമെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ബോർഡുകളെ കുറിച്ച് അറിയില്ലെന്ന് കേരള കോൺഗ്രസ് എം. നേതാക്കൾ പറഞ്ഞു.
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ നടക്കുന്നില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നുവെന്നും നേതാക്കൾ പറയുമ്പോഴും മുഖ്യമന്ത്രിക്കായുള്ള പോസ്റ്ററുകളും ഫെക്സുകളും പുസ്തകവും റീലും ഡോക്യുമെറ്ററികളുമായി കളം നിറയുകയാണ്. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ കുറിച്ചുള്ള റീലുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമാക്കുന്നുണ്ട്. രമേശ് ചെന്നിത്തലയുടെ പോഡ് കാസ്റ്റും വ്യാപകമായി പ്രചാരിക്കുന്നുണ്ട്.
