മരിച്ച സുഹൃത്തിന്റെ പേര് പറഞ്ഞ് പരിഹാസം; അധിക്ഷേപിച്ച ആരാധകരെ ആജീവനാന്തം വിലക്കണമെന്ന് ക്രിസ്റ്റ്യാനോ

റിയാദ്: സൗദി പ്രോ ലീഗ് മത്സരത്തിനിടെ പോർച്ചുഗൽ താരം റൂബൻ നെവസിനെ പ്രകോപിപ്പിക്കാൻ അന്തരിച്ച പോർച്ചുഗീസ് സഹതാരം ഡിയോഗോ ജോട്ടയുടെ പേര് വിളിച്ച ആരാധകർക്ക് ഫുട്ബാൾ സ്റ്റേഡിയങ്ങളിൽ ആജീവനാന്ത വിലക്കേർപ്പെടുത്തണമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ശനിയാഴ്ച ബുറൈദയിൽ നടന്ന അൽ താവൂൻ – അൽ ഹിലാൽ മത്സരത്തിനിടെയാണ് ഒരു കൂട്ടം ആരാധകർ നെവസിനെ ലക്ഷ്യം വെച്ച് മോശം പെരുമാറ്റം നടത്തിയത്.

2025 ജൂലൈ മൂന്നിന് സ്പെയിനിലെ സമോറയിലുണ്ടായ വാഹനാപകടത്തിലാണ് ഡിയോഗോ ജോട്ടയും സഹോദരൻ ആന്ദ്രെ സിൽവയും കൊല്ലപ്പെട്ടത്. ജോട്ടയുടെ അടുത്ത സുഹൃത്തായിരുന്ന നെവസ്, അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകളിൽ ശവമഞ്ചം ചുമക്കാൻ മുൻനിരയിലുണ്ടായിരുന്നു. ഈ വൈകാരിക ബന്ധം മുതലെടുത്താണ് അൽ താവൂൻ ആരാധകർ ഗാലറിയിൽ നിന്ന് ‘ജോട്ട’ എന്ന് ആർത്തുവിളിച്ചത്. സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

ഗാലറിയിൽ നിന്നുള്ള വിളികൾ ശ്രദ്ധയിൽപ്പെട്ട നെവസ്, തന്റെ കണ്ണിലേക്കും തുടർന്ന് ആകാശത്തേക്കും വിരൽ ചൂണ്ടിയാണ് പ്രതികരിച്ചത്. “ഇതിന് ശേഷം അവർ പ്രാർഥിക്കാൻ പോകില്ലെന്ന് ഞാൻ കരുതുന്നു” എന്ന് മത്സരം കഴിഞ്ഞ് മടങ്ങവെ നെവസ് പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ഇൻസ്റ്റാഗ്രാമിലൂടെ റൊണാൾഡോ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.

“ലീഗ് അധികൃതർ ഇതിനെതിരെ കർശന നടപടിയെടുക്കുകയും ഇത്തരം ആരാധകരെ ശിക്ഷിക്കുകയും വേണം. ഇത് ഫുട്ബോളല്ല, എല്ലാത്തിനും ഒരു പരിധിയുണ്ട്. ഇത്തരം പെരുമാറ്റം നടത്തുന്നവരെ ഇനിയൊരിക്കലും സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുവദിക്കരുത്,” റൊണാൾഡോ കുറിച്ചു. മത്സരത്തിൽ നെവസിന്റെ ടീമായ അൽ ഹിലാൽ എതിരില്ലാത്ത ആറ് ഗോളുകൾക്ക് വിജയിച്ചിരുന്നു.

സംഭവത്തിൽ അൽ ഹിലാൽ ക്ലബ്ബ് സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. കളിക്കാരെയോ അവരുടെ കുടുംബങ്ങളെയോ ലക്ഷ്യം വെച്ചുള്ള ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങളെ അംഗീകരിക്കില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കി. മോശം മുദ്രാവാക്യങ്ങളെ അപലപിച്ച് എതിർ ടീമായ അൽ താവൂൻ ക്ലബ്ബും രംഗത്തെത്തി. തങ്ങളുടെ ക്ലബ്ബിന്റെയോ ആരാധകരുടെയോ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നതല്ല ഈ പ്രവർത്തിയെന്നും കുറ്റക്കാർക്കെതിരെ അധികൃതരുമായി ചേർന്ന് കർശന നടപടിയെടുക്കുമെന്നും അവർ അറിയിച്ചു.

വ്യക്തിപരമായ ദുരന്തങ്ങളെ അധിക്ഷേപത്തിനും പ്രകോപനത്തിനുമായി ഉപയോഗിക്കുന്നത് സൗദി ഫുട്ബോളിൽ അംഗീകരിക്കാനാകില്ലെന്നും കുറ്റക്കാർക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷനും സൗദി പ്രോ ലീഗും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.