പി.എയ്ക്ക് പിന്നാലെ ഡ്രൈവറും; രമ്യാ ഹരിദാസിന്റെ പേഴ്സണല് സ്റ്റാഫില് വീണ്ടും രാജി

തിരുവനന്തപുരം: എം.എല്.എ രമ്യാ ഹരിദാസിന്റെ പേഴ്സണല് സ്റ്റാഫില് വീണ്ടും രാജി. എം.എല്.എയുടെ പി.എ രാജിവെച്ചതിനുപിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത് കൈമാറി. എം.എല്.എയുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് വിവരം. പേഴ്സണല് സ്റ്റാഫ് അംഗങ്ങളുടെ തുടര്ച്ചയായ രാജിയില് നേതൃത്വം വിശദീകരണം തേടിയേക്കുമെന്നാണ് സൂചന.
വ്യക്തിപരമായ കാരണങ്ങളാൽ തുടരാനാവില്ലെന്നായിരുന്നു പി.എ വിമൽ രാജിക്കത്തിൽ നൽകിയിരുന്നത്. എന്നാൽ, ജോലിഭാരത്തെ തുടര്ന്നാണ് രാജിവെച്ചതെന്നായിരുന്നു രമ്യാ ഹരിദാസ് വ്യക്തമാക്കിയിരുന്നത്. രമ്യ ഹരിദാസിന്റെ ഏകപക്ഷീയമായ നിലപാടുകളും ധാർഷ്ട്യവുമാണ് രാജിയിലേക്ക് നയിച്ചതെന്ന് വിമൽ സർവിസ് സംഘടനാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ സീനിയർ ക്ലർക്കായ വിമൽ മാതൃ വകുപ്പിലേക്ക് തന്നെ മടങ്ങും. കോൺഗ്രസ് സർവിസ് സംഘടനാ നിർദേശപ്രകാരം നിയമനം ലഭിച്ച് മൂന്ന് മാസം കഴിയുമ്പോഴാണ് വിമൽ പദവി ഒഴിയുന്നത്.
കഴിഞ്ഞ മാസം നാലിന് ചിറയിന്കീഴിൽ വെച്ച് നടന്ന കയ്യാങ്കളി വിവാദമായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ രമ്യ ഹരിദാസ് എം.എല്.എക്ക് വീഴ്ച സംഭവിച്ചതായി കണ്ടത്തിയിരുന്നു. തനിക്കെതിരെ ആരോപണങ്ങൽ ഉയർന്നപ്പോൾ കെ.പി.സി.സിയോട് പരാതിപ്പെടുന്നതിന് വിവാദം സൃഷ്ടിക്കുകയായിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. പാളയം പ്രദീപിനെ പേഴ്സനൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതടക്കം സമീപകാലത്തായി രമ്യഹരിദാസിന്റെ സ്റ്റാഫ് നിയമന വിവാദങ്ങളും കൈയാങ്കളിയും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതിനിടയിലാണ് പേഴ്സണല് സ്റ്റാഫിലുണ്ടായ ഈ കൂട്ടരാജി.
