ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ലിവർപൂൾ-ചെൽസി സമനില

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ചെൽസിയുമായി സമനിലയിൽ പിരിഞ്ഞെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യതാ സാധ്യത സജീവമാക്കി ലിവർപൂൾ. ചെമ്പടയുടെ തട്ടകമായ ആൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമും ഓരോ ഗോൾ നേടി. അതേസമയം, മാഞ്ചസ്റ്റർ യുനൈറ്റഡിനെ സണ്ടർലൻഡ് ഗോൾരഹിത സമനിലയിൽ തളച്ചു.
ആറാം മിനിറ്റിൽത്തന്നെ റയാൻ ഗ്രാവൻബെർചിലൂടെ മുന്നിലെത്തിയിരുന്നു ലിവർപൂൾ. 35ാം മിനിറ്റിൽ ചെൽസിക്കായി അർജന്റീന താരം എൻസോ ഫെർണാണ്ടസ് ഗോൾ മടക്കി. രണ്ടാം പകുതിയിൽ ഇരുടീമും വല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡിൽ കുടുങ്ങി. 36 മത്സരങ്ങളിൽ 65 പോയന്റുമായി മൂന്നാംസ്ഥാനത്തുണ്ട് യുനൈറ്റഡ്. 59 പോയന്റുമായി നാലാംസ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ. സാധ്യതകളിൽനിന്ന് എന്നേ പുറത്തായ ചെൽസി 49 പോയന്റുമായി ഒമ്പതാമതും. ആദ്യ അഞ്ച് സ്ഥാനക്കാർക്കാണ് ചാമ്പ്യൻസ് ലീഗ് പ്രവേശനം.
