വെള്ളം 480 രൂപ, ഹോട്ട് ഡോഗിന് 818: ഫിഫ സ്റ്റേഡിയത്തിലെ ഭക്ഷണത്തിന്‍റെ കണ്ണുതള്ളുന്ന വില

ഒരു ഫിഫ ലോകകപ്പ് ഫൈനൽ സ്റ്റേഡിയത്തിലിരുന്ന് കാണണമെന്ന് ആഗ്രഹിക്കാത്ത ആരാധകരുണ്ടാവില്ല. എന്നാൽ ഞായറാഴ്ച ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ കാണാൻ എത്തുന്നവർക്ക് ടിക്കറ്റിന് പുറമെ ഭക്ഷണത്തിനും പാനീയങ്ങൾക്കുമായി വലിയ തുക തന്നെ ചെലവഴിക്കേണ്ടി വരും. ‘ദ അത്‌ലറ്റിക്’ എന്ന മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം സ്റ്റേഡിയത്തിലെ ഭക്ഷണശാലകളിൽ ഉയർന്ന വിലയാണ് ഈടാക്കുന്നത്.
ഹാഫ് ടൈം വിനോദപരിപാടികൾ, മത്സരത്തിന് ശേഷമുള്ള ആഘോഷങ്ങൾ, ട്രോഫി ദാനം എന്നിവക്കായി കാണികൾക്ക് മണിക്കൂറുകൾ സ്റ്റേഡിയത്തിൽ ചെലവഴിക്കേണ്ടി വരും. അതിനാൽ ഭക്ഷണം കഴിക്കാതെ ഇരിക്കാൻ പലർക്കും സാധിക്കില്ല.
ചിക്കൻ ടെൻഡേഴ്സ്, ഫ്രൈസ്, സോഫ്റ്റ് ഡ്രിങ്ക് കോംബോ: 1,829 രൂപ, ഡെലി സാൻഡ്‌വിച്ച്: 1,540 രൂപ, ഹോട്ട് സോസേജ് സാൻഡ്‌വിച്ച്: 1,348 രൂപ, സ്റ്റേഡിയം ഹോട്ട് ഡോഗ്: 818 രൂപ, ഫ്രഞ്ച് ഫ്രൈസ്: 770 രൂപ, ചീസ് പിസ്സ: 1,059 രൂപ, പെപ്പറോണി പിസ്സ: 1,155 രൂപ, വെള്ളം (20 ഔൺസ്): 481 രൂപ, ഇങ്ങനെ പോകുന്നു ഭക്ഷണ സാധനങ്ങളുടെ വില.
ലോകകപ്പ് നടക്കുന്ന മറ്റ് 16 വേദികളുമായി താരതമ്യം ചെയ്യുമ്പോൾ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ വെള്ളത്തിനും സോഫ്റ്റ് ഡ്രിങ്കുകൾക്കും താരതമ്യേന വില കുറവാണെന്നാണ് റിപ്പോർട്ട് പറയുന്നത്. ലോകകപ്പ് വേദികളിൽ ഏകീകൃത വില നിശ്ചയിക്കുന്നതിന് പകരം അതാത് സ്റ്റേഡിയങ്ങളിലെ നിലവിലെ കൺസെഷൻ ഓപ്പറേറ്റർമാരെത്തന്നെ ഫിഫ നിലനിർത്തിയതാണ് ഇത്തരം വിലവ്യത്യാസങ്ങൾക്ക് കാരണം.
