‘പകൽ മാന്യൻ, വിഴുപ്പലക്കി പ്രസ്ഥാനത്തെ അപമാനിക്കുന്നു’; ഉണ്ണിത്താൻ എംപിക്കെതിരെ കോഴിക്കോട് ഫ്ലക്‌സ് ബോർഡ്

കോഴിക്കോട്: കോഴിക്കോട് പ്രസ് ക്ലബ് പരിസരത്ത് രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ ഫ്ലക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. ‘ഉണ്ണിത്താൻ പകൽ മാന്യൻ’ എന്നെഴുതിയ ബോർഡിൽ വിഴുപ്പലക്കി പ്രസ്ഥാനത്തെ അപമാനിക്കുന്നുവെന്ന വിമർശനവുമുണ്ട്. സേവ് കോൺഗ്രസിന്റെ പേരിലാണ് ഫ്ലക്‌സ് സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം, ഷാഫി പറമ്പിലിനെതിരെ ഫ്ലക്‌സ് സ്ഥാപിച്ചത് തങ്ങളല്ലെന്ന് നാഷണൽ ജനതാദൾ (എൻ.ജെ.ഡി) വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി.ടി. അജ്മൽ തെറ്റായ പ്രചാരണം നടത്തുകയാണെന്നും പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ തങ്ങളുടെ പ്രവർത്തകരില്ലെന്നും പാർട്ടി അറിയിച്ചു. അജ്മലിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൻ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ കെ.പി.സി.സി പ്രസിഡന്റിനും ഡി.സി.സി പ്രസിഡന്റിനും പരാതി നൽകി. ‘കൊള്ളാലോ ഷാഫീ, നീ ഉമ്മൻ ചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ..’ എന്നെഴുതിയ ഫ്ലക്‌സ് ബോർഡാണ് പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം കോൺഗ്രസ് കൂട്ടായ്മയുടെ പേരിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇതിനിടെ, ഷാഫിയെ അനുകൂലിച്ച് എംഎൽഎമാരുടെ ഓഫീസിന് മുന്നിൽ ഫ്ലക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. ‘പടനയിച്ചവൻ ജനനായകൻ’ എന്ന വാചകത്തോടെ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചത്. ചെർപ്പളശ്ശേരി, കണ്ണൂർ, പാലക്കാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലും ഷാഫി പറമ്പിലിനെ അനുകൂലിച്ചുകൊണ്ടുള്ള ബോർഡുകൾ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു വിഭാഗം യുവ എം.എൽ.എമാരും ഷാഫി പറമ്പിലിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.

എന്നാൽ, തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫിയുടെ അനുയായികളാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ.