സിറാജിനോട് വീണ്ടും അവഗണന; ആകാശ് ദീപിന് പരിക്കേറ്റിട്ടും അവസരമില്ല

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരെയുള്ള രണ്ടാം ടെസ്റ്റിനിടെ ഇന്ത്യക്ക് കനത്ത തിരിച്ചടി. ഇന്ത്യൻ പേസർ ആകാശ് ദീപിന് പരിക്കിനെ തുടർന്ന് ഇനി മത്സരത്തിൽ കളിക്കാനാവില്ല. മൂന്നാം ദിനം ഇന്ത്യൻ ബാറ്റിങിനിടെ പന്ത് തലയിൽ കൊണ്ടാണ് താരത്തിന് പരിക്കേറ്റത്. ന്യൂസിലൻഡ് ബൗളർ കൈൽ ജാമിസൺ എറിഞ്ഞ ഓവറിൽ രണ്ട് തവണയാണ് ആകാശിന്റെ തലയിൽ പന്ത് കൊണ്ടത്.
പന്ത് കൊണ്ടതിന് ശേഷവും ബാറ്റിങ് തുടർന്ന ആകാശ് ദീപ് ന്യൂസിലൻഡ് ഇന്നിങ്സ് തുടങ്ങിയപ്പോൾ ഫീൽഡിൽ ഇറങ്ങാതിരിക്കുകയായിരുന്നു. പിന്നാലെ പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യ താരത്തിന്റെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ടീമിൽ ഉൾപ്പെടുത്തി. ഇതോടെ ഒരിക്കൽ കൂടി മുഹമ്മദ് സിറാജ് അവഗണിക്കപ്പെട്ടു. പരിചയസമ്പന്നതയും വിദേശ പിച്ചുകളിൽ മികച്ച ട്രാക്ക് റെക്കോഡുകളുണ്ടായിട്ടും പേസർക്ക് ഇന്ത്യൻ മാനേജ്മെന്റ് തുടർച്ചയായി അവസരങ്ങൾ നിഷേധിക്കുകയാണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ (ഡബ്ല്യൂ.ടി.സി) ഇന്ത്യൻ താരങ്ങളുടെ വിക്കറ്റ് വേട്ടയിൽ ഒന്നാമതുള്ള താരമാണ് സിറാജ് എന്നതും ഇതിനോട് ചേർത്ത് വെക്കണം. 2025 – 27 ഡബ്ല്യൂ.ടി.സി സൈക്കിളിൽ 11 മത്സരങ്ങളിൽനിന്ന് 43 വിക്കറ്റുകളാണ് താരം നേടിയത്. തൊട്ടുപിന്നിലുള്ള ജസ്പ്രീത് ബുമ്രക്കുള്ളത് 36 വിക്കറ്റുകളാണ്. കൂടാതെ, കഴിഞ്ഞ വർഷം നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 2-2ന് സമനിലയിലാക്കുന്നതിലും സിറാജ് നിർണായക പങ്കുവഹിച്ചിരുന്നു. പരമ്പരയിൽ ഓവലിൽ നടന്ന മത്സരത്തിൽ മത്സരത്തിൽ സിറാജിന്റെ പ്രകടനമാണ് ഇന്ത്യ ആറു റൺസിന്റെ ആവേശകരമായ വിജയം സമ്മാനിച്ചത്.
അതേസമയം, ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിലെ 53-ാം ഓവറിലായിരുന്നു ആകാശ് ദീപിന്റെ ഹെൽമെറ്റിൽ പന്തുകൊണ്ടത്. ഓവറിലെ ഒരു ഷോർട്ട് ബോളിൽ ടോപ്പ് എഡ്ജ് ചെയ്ത പന്ത് ആദ്യം ഹെൽമെറ്റിൽ തട്ടി. ഫിസിയോയുടെ പരിശോധനക്ക് ശേഷം ആകാശ് ബാറ്റിങ് തുടർന്നെങ്കിലും നാല് പന്തുകൾക്ക് ശേഷം വീണ്ടും ഹെൽമെറ്റിൽ പന്ത് കൊണ്ടു. ഇതും മറ്റൊരു ഷോട്ട് ബോൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു.
പിന്നാലെ കണ്കഷൻ പരിശോധന നടത്തിയതിന് ശേഷവും ആകാശ് ക്രീസിൽ തുടർന്നു. എന്നാൽ, ഇന്ത്യയുടെ ഇന്നിങ്സിന് ശേഷം താരം ഫീൽഡിൽ ഇറങ്ങിയില്ല. ഇതിനിടെ താരം ധ്രുവ് ജുറെലിനൊപ്പം എട്ടാം വിക്കറ്റിൽ 46 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും നിർണായകമായ 29 റൺസ് നേടുകയും ചെയ്തിരുന്നു. നേരത്തെ ഒന്നാം ഇന്നിങ്സിൽ താരം അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ബുമ്ര നിറമങ്ങിയ സാഹചര്യത്തിലായിരുന്നു താരത്തിന്റെ വിക്കറ്റ് വേട്ട എന്നതും ശ്രദ്ധേയമാണ്.
ഡബ്ല്യൂ.ടി.സി ഫൈനലിൽ എത്താൻ ഇന്ത്യക്ക് ഏറെ നിർണായകമായ മത്സരത്തിൽ ആകാശ് ദീപിന് പരിക്കേറ്റത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. എന്നിട്ടും സിറാജിന് അവസരം നൽകാൻ എന്തുകൊണ്ടാണ് ഇന്ത്യൻ ടീം തയ്യാറാകാത്തതെന്നാണ് ചോദ്യങ്ങൾ ഉയരുന്നത്.
