മിഷൻ ചക്കക്കൊമ്പൻ: വനം വകുപ്പിന്റേത് നിയമവിരുദ്ധ ആനവേട്ട

കൽപറ്റ: ചിന്നക്കനാലിലെ സ്വന്തം ആവാസ വ്യവസ്ഥയിൽ സ്വസ്ഥമായി കഴിഞ്ഞിരുന്ന ചക്കക്കൊമ്പൻ ആനയെ വനംവകുപ്പിന്റെ നേതൃത്വത്തിൽ അതിക്രൂരമായി വേട്ടയാടുകയായിരുന്നുവെന്ന് പരിസ്ഥി സംഘടനകളുടെ കൂട്ടായ്മയായ കോഎക്സിസ്റ്റൻസ് കലക്ടീവ് കുറ്റപ്പെടുത്തി.
കോട്ടയം സി.സി.എഫിന്റെ നേതൃത്വത്തിൽ, അന്താരാഷ്ട്ര ഉടമ്പടികളും വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഗൈഡ് ലൈനും എസ്.ഒ.പിയും മാനിക്കാതെ ധിക്കാരപൂർവവും നിയമവിരുദ്ധവുമായി നടന്ന ആനവേട്ടക്ക് നേതൃത്വം നൽകിയവർക്കെതിരെ കർക്കശമായ നടപടികൾ സ്വീകരിക്കണം. ചക്കക്കൊമ്പനെ റേഡിയോ കോളർ ചെയ്യുന്നത് അനാവശ്യമായതിനാൽ ശ്രമം ഉപേക്ഷിക്കണം. മൂന്നു ദിവസമായി ചിന്നാറിൽ അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരമായ ആനവേട്ടയാണ്. കേരളത്തിലെ പശ്ചിമഘട്ട മലനിരകൾ ആനകളുടെ ചുടലപ്പറമ്പായി മാറി.
ചക്കക്കൊമ്പനെ പിടിച്ച് തളക്കണമെന്ന് ആവശ്യപ്പെടുന്ന നിലവിലെ പ്രചാരണത്തിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ, ചില മാധ്യമങ്ങൾ, ടൂറിസം ഓപറേറ്റർമാർ, കൈയേറ്റക്കാർ, മതനേതാക്കൾ എന്നിവരുടെ കൂട്ടുകെട്ടാണ്. ആനകളുടെ സഞ്ചാരം തടസ്സം കൂടാതെ സാധ്യമാക്കണമെന്നും കൂട്ടായ്മക്ക് വേണ്ടി എൻ. ബാദുഷ (വയനാട്), എം.എൻ. ജയചന്ദ്രൻ (ഇടുക്കി), വീണ എം. (മരുതൂർ), അഡ്വ. ടി.എസ്. സന്തോഷ് (എറണാകുളം), സുലൈമാൻ (ഇടുക്കി), അൻവർ സാദത്ത് (നിലമ്പൂർ) എന്നിവർ ആവശ്യപ്പെട്ടു.
