സ്വർണ വിലയിടിവ്: വാങ്ങുന്നവർക്ക് നല്ല സമയം, വ്യാപാരികൾക്ക് തിരിച്ചടി

കൊച്ചി: സ്വർണവില ഇന്ന് ലക്ഷത്തിന് താഴേക്ക് കൂപ്പുകുത്തിയതിന്റെ ആശ്വാസത്തിൽ സാധാരണ ഉപഭോക്താക്കൾ. പ്രത്യേകിച്ച് വിവാഹ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ കാത്തിരുന്ന കുടുംബങ്ങൾക്ക് ഇപ്പോഴത്തെ വിലയിടിവ് അനുകൂല സാഹചര്യമാണ്. ഉയർന്ന വില കാരണം മാറ്റിവെച്ചിരുന്ന വാങ്ങലുകൾ പുനരാരംഭിക്കാനുള്ള സാധ്യതയുമുണ്ട്. ഇന്ന് 99,760 രൂപയാണ് പവൻ വില. കഴിഞ്ഞ ജനുവരി 29ന് 1,31,160 രൂപയായിരുന്നു.
അതേസമയം, വില ഇനിയും താഴുമെന്ന പ്രതീക്ഷയിൽ ‘പിന്നെ വാങ്ങാം’ എന്നുകരുതി വാങ്ങൽ നീട്ടിവയ്ക്കുന്ന ഉപഭോക്താക്കളുമുണ്ട്. അതിനാൽ വില കുറഞ്ഞതുകൊണ്ടുമാത്രം വിപണിയിൽ ഉടനടി വലിയ ഉണർവുണ്ടാകുമെന്ന് പറയാനാവില്ല. വിലയിലെ സ്ഥിരതയും ഭാവിയെക്കുറിച്ചുള്ള വ്യക്തതയും ഉപഭോക്താക്കളുടെ തീരുമാനത്തെ സ്വാധീനിക്കും.
അതിനിടെ, വിലയിടിവ് ഉപഭോക്താക്കൾക്ക് ആശ്വാസമാകുമ്പോൾ ഉയർന്ന വിലക്ക് സ്വർണം വാങ്ങി കടയിൽ സ്റ്റോക്ക് ചെയ്ത വ്യാപാരികൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഉയർന്ന വിലക്ക് വാങ്ങിയ സ്റ്റോക്കിന്റെ നിലവിലെ വിപണിമൂല്യം കുറയുന്നത് വ്യാപാരികളുടെ പ്രവർത്തനമൂലധനത്തെ ബാധിക്കും. പുതിയ വിലയിൽ വിൽക്കേണ്ടിവരുമ്പോൾ കനത്ത നഷ്ടമാണ് നേരിടുക. വിലയിൽ തുടർച്ചയായി മാറ്റമുണ്ടാകുന്ന സാഹചര്യത്തിൽ പുതിയ സ്റ്റോക്ക് വാങ്ങുന്നതിനും കടയുടമകൾ മടിക്കും. വില നിശ്ചയിക്കുന്നതിനും വ്യാപാരികൾക്ക് പ്രയാസം നേരിടുന്നു. ഉപഭോക്താക്കൾ വാങ്ങൽ മാറ്റിവയ്ക്കുന്നതും വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
സ്വർണവില ഉയരുമ്പോൾ സ്റ്റോക്കിന്റെ മൂല്യം വർധിക്കുന്നതുപോലെ വില കുറയുമ്പോൾ അതിന്റെ തിരിച്ചടിയും വ്യാപാരമേഖലയ്ക്ക് അനുഭവിക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിലയിടിവ് വ്യാപാരികളുടെ സാമ്പത്തിക ഭദ്രതയെയും ബാധിക്കുന്ന വിഷയമാണ്. സ്വർണ്ണവില ഉയരുന്നതും താഴുന്നതും വിപണിയുടെ സ്വാഭാവിക പ്രതിഭാസമാണ്. എന്നാൽ അസാധാരണമായ വിലവ്യതിയാനങ്ങൾ വ്യാപാരമേഖലയെയും ഉപഭോക്താക്കളെയും ഒരുപോലെ ബാധിക്കും.
അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് തീരുമാനങ്ങൾ, ഡോളറിന്റെ മൂല്യം, രൂപയുടെ വിനിമയനിരക്ക്, ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ, കേന്ദ്രബാങ്കുകളുടെ സ്വർണ്ണവാങ്ങൽ എന്നിവയായിരിക്കും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ. അന്താരാഷ്ട്ര വിപണിയിലെ സമ്മർദം തുടരുകയാണെങ്കിൽ കൂടുതൽ വിലയിടിവിന് സാധ്യതയുണ്ട്. അതേസമയം ആഗോള അനിശ്ചിതത്വങ്ങൾ തുടർന്നാൽ സ്വർണവില വീണ്ടും ഉയരാനുള്ള സാഹചര്യവുമുണ്ട്.
തുടരുന്ന ചാഞ്ചാട്ടം
കേരളത്തിലെ സ്വർണവിപണി കഴിഞ്ഞ ഒരു വർഷത്തിനിടെ കണ്ട ഏറ്റവും വലിയ വിലവ്യതിയാനങ്ങളിലൊന്നിലൂടെയാണ് കടന്നുപോകുന്നത്. 2025 ഡിസംബർ 30ന് ഒരു പവൻ സ്വർണത്തിന് 99,880 രൂപയായിരുന്നു വില. ഇപ്പോൾ അത് 99,760 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ്. ചരിത്രത്തിലെ റെക്കോർഡ് വിലകളിലേക്ക് കുതിച്ച സ്വർണം വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുകയായിരുന്നു.
2026 ജനുവരി അവസാനവാരത്തിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 5,595 ഡോളറിനടുത്ത് എത്തിയിരുന്നു. പിന്നീട് ഉണ്ടായ ശക്തമായ തിരുത്തലിൽ നവംബർ 16-ന് വില 3,831 ഡോളറിനടുത്തേക്ക് താഴ്ന്നു. ഇന്ന് 3,869 ഡോളറിലാണ് വ്യാപാരം നടന്നത്. റെക്കോർഡ് നിലവാരത്തിൽനിന്ന് ഏകദേശം 31 ശതമാനത്തോളമുള്ള ഇടിവാണിത്.
വിലയിടിവിനൊപ്പം രൂപയുടെ മൂല്യത്തകർച്ചയും
ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ വിനിമയനിരക്കും പ്രധാനമാണ്. 2025 ഡിസംബർ അവസാനത്തിൽ ഒരു ഡോളറിന് ഏകദേശം 89.77 രൂപയായിരുന്ന വിനിമയനിരക്ക് നിലവിൽ 93.93 രൂപയിലേക്ക് എത്തി. അതായത് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം 4.6 ശതമാനം കുറഞ്ഞു.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഏകദേശം 31 ശതമാനത്തോളം താഴ്ന്നപ്പോഴും രൂപയുടെ മൂല്യത്തകർച്ച ഇന്ത്യയിലെ വിലയിടിവിന്റെ ആഘാതം കുറയ്ക്കുന്ന ഘടകമായി മാറി. ഇന്ത്യ സ്വർണ്ണത്തിന്റെ വലിയൊരു ഭാഗം ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ അന്താരാഷ്ട്ര വിലയ്ക്കൊപ്പം രൂപയുടെ വിനിമയനിരക്കും ആഭ്യന്തര സ്വർണവിലയെ നിർണയിക്കുന്നതിൽ നിർണായകമാണ്.
വിലയിടിവിന് പിന്നിൽ ആഗോള സാമ്പത്തിക ഘടകങ്ങൾ
അമേരിക്കൻ ഡോളറിന്റെ ശക്തിപ്പെടൽ, പലിശനിരക്കുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ, നിക്ഷേപകരുടെ വൻതോതിലുള്ള ലാഭമെടുപ്പ്, ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങൾ എന്നിവയാണ് സ്വർണ്ണവിലയിലെ തിരുത്തലിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
വർഷത്തിന്റെ തുടക്കത്തിൽ റെക്കോർഡ് നിലവാരത്തിലെത്തിയ സ്വർണ്ണത്തിൽ നിക്ഷേപം നടത്തിയവർക്ക് വലിയ ലാഭമുണ്ടാക്കാൻ അവസരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ നിക്ഷേപകർ നടത്തിയ വിൽപനയും ലാഭമെടുപ്പും വിലയിൽ ശക്തമായ ഇടിവിന് കാരണമായി.
