ഹാലണ്ട് ചിറകിലേറി നോർവെ; ഐവറി കോസ്റ്റിനെ വീഴ്ത്തി പ്രീ-ക്വാർട്ടറിൽ; എതിരാളികൾ ബ്രസീൽ

ഡാലസ്: ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെ വീഴ്ത്തി നോർവേ പ്രീ-ക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നോർവേയുടെ ജയം.
അന്റോണിയോ നുസ (39ാം മിനിറ്റ്), സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലണ്ട് (86) എന്നിവരാണ് നോർവേക്കുവേണ്ടി വലകുലുക്കിയത്. പകരക്കാരൻ അമദ് ദിയാലോ (74) ഐവറി കോസ്റ്റിനായി ഒരു ഗോൾ മടക്കി. ജൂലൈ അഞ്ചിന് നടക്കുന്ന പ്രീ-ക്വാർട്ടറിൽ മുൻ ചാമ്പ്യന്മാരായ ബ്രസീലാണ് നോർവേയുടെ എതിരാളികൾ. മത്സരത്തിന്റെ 39ാം മിനിറ്റിൽ അന്റോണിയോ നുസ ഒരു ലോങ് റേഞ്ചർ ഗോളിലൂടെയാണ് നോർവയെ മുന്നിലെത്തിച്ചത്. ബോക്സിനു മുന്നിൽനിന്ന് നായകൻ മാർട്ടിൻ ഒഡെഗാർഡ് ഇടതു മൂലയിലേക്ക് നൽകിയ പാസ് പിടിച്ചെടുത്ത നുസ, ബോക്സിനുള്ളിലേക്ക് കയറി തൊടുത്ത ഒരു കർവിങ് ഷോട്ട് പോസ്റ്റിന്റെ മുകളിലെ വലത്തെ മൂലയിലേക്ക് പറന്നിറങ്ങി. പന്ത് ഡൈവ് ചെയ്ത് തടുക്കാനുള്ള ഐവറി കോസ്റ്റ് ഗോൾ കീപ്പർ യാഹിയ ഫൊഫാനയുടെ ശ്രമം വിഫലമായി.
ലീഡ് നേടിയതിനു തൊട്ടു പിന്നാലെ നോർവെ ആക്രമണം കടുപ്പിച്ചു. തുടരെ തുടരെ രണ്ടു ഗോൾ ശ്രമങ്ങളാണ് ഐവറി കോസ്റ്റ് പ്രതിരോധിച്ചത്. മൂന്നാം മിനിറ്റിൽ നോർവെയുടെ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലണ്ടിന്റെ പെനാൽറ്റി സ്പോട്ടിന് തൊട്ടരികിൽ നിന്നുള്ള ഹെഡർ ഗോൾ കീപ്പർ തടഞ്ഞു. പിന്നാലെ എട്ടാം മിനിറ്റിൽ ഐവറി കോസ്റ്റ് താരം യാൻ ഡിയൊമാൻഡെയുടെ ഗോൾശ്രമം വിഫലമായി.ഐവറി കോസ്റ്റ് മികച്ച ആക്രമണങ്ങളുമായി കളം നിറഞ്ഞെങ്കിലും, നോർവെയുടെ പ്രതിരോധം ഭേദിക്കാനായില്ല. എർലിങ് ഹാലണ്ട് ഉൾപ്പെടെയുള്ള നോർവീജിയൻ താരങ്ങൾ ഐവറി കോസ്റ്റ് പ്രതിരോധത്തിന് കനത്ത വെല്ലുവളി ഉയർത്തി.
ആദ്യ പകുതിയുടെ അധിക സമയത്ത് (45+1) അനാവശ്യ ഫൗളിന് നുസക്ക് റഫറി മഞ്ഞ കാർഡ് നൽകി. ഇടവേളക്കുശേഷം 60ാം മിനിറ്റിൽ ഐവറി കോസ്റ്റിന്റെ അമദ് ദിയാലോ പകരക്കാരുടെ ബെഞ്ചിൽനിന്ന് കളത്തിലിറങ്ങി. 74ാം മിനിറ്റിൽ മാജിക് ഗോളിലൂടെ താരം ഐവറി കോസ്റ്റിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. നിക്കോളാസ് പെപ്പെയുമായി ചേർന്ന് നടത്തിയ നീക്കമാണ് ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും മനോഹര ഗോളിന് വഴിയൊരുക്കിയത്. മധ്യഭാഗത്തുനിന്ന് പെപ്പെക്ക് പന്ത് കൈമാറി മുന്നിലോട്ട് ഓടിക്കയറിയ അമദ് ദിയാലോക്കു തന്നെ താരം പന്ത് കൊടുത്തു. പിന്നാലെ പന്തുമായി ബോക്സിലേക്ക് കുതിച്ച താരം പ്രതിരോധ താരങ്ങളെയും വെട്ടിയൊഴിഞ്ഞ് പന്ത് വലയിലാക്കി.
എന്നാൽ, നിശ്ചിത സമയം അവസാനിക്കാൻ നാലു മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഹാലണ്ടിലൂടെ നോർവെ വീണ്ടും ലീഡെടുത്തു. പാട്രിക് ബെർഗാണ് ഗോളിന് വഴിയൊരുക്കിയത്. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ഐവറി കോസ്റ്റ് നടത്തിയ ശ്രമങ്ങളൊന്നും ഫലംകണ്ടില്ല. ഇൻജുറി ടൈമിൽ ബോക്സിനു പുറത്തുനിന്ന് അമദ് ദിയാലോ എടുത്ത ഫ്രീകിക്ക് നോർവേ ഗോൾകീപ്പർ ഡൈവ് ചെയ്ത് തട്ടിയകറ്റി. ഒടുവിൽ 2-1 എന്ന് സ്കോറിന് നോർവേ പ്രീ-ക്വാർട്ടറിലേക്ക്.
