സച്ചിൻ ബേബിക്കും സൽമാൻ നിസാറിനും അർധ സെഞ്ച്വറി; രഞ്ജി ട്രോഫിയിൽ കേരളത്തിന് 178 റൺസ് ലീഡ്
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഉത്തർ പ്രദേശിനെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ കേരളം 340-7 എന്ന നിലയിലാണ്. സൽമാൻ നിസാറും(74) മുഹമ്മദ് അസ്ഹറുദ്ദീനുമാണ്(11)ക്രീസിൽ. ആദ്യ ഇന്നിങ്‌സിൽ യു.പിയെ 162 റൺസിന് പുറത്താക്കിയിരുന്നു. യുപിക്ക് വേണ്ടി ശിവംമാവിയും ശിവം ശർമയും രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്സേനയാണ് യുപിയെ തകർത്തത്. Ranji Trophy
രണ്ടിന് 82 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച കേരളത്തിന് തുടക്കത്തിൽ തന്നെ ബാബ അപരാജിതിന്റെ (32) വിക്കറ്റാണ് നഷ്ടമായത്. പിന്നാലെ ക്രീസിലെത്തിയ ആദ്യത്യ സർവാതെയ്ക്കും (14), അക്ഷയ് ചന്ദ്രനും (24) തിളങ്ങാനായില്ല. എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന സച്ചിൻ-സൽമാൻ സഖ്യം കേരളത്തിന് അടിത്തറപാടി. 83 റൺസെടുത്ത സച്ചിനെ ശിവം മാവി വിക്കറ്റിന് മുന്നിൽകുരുക്കി.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഉത്തർപ്രദേശ് 60.2 ഓവറിൽ 162 റൺസിന് ഓൾ ഔട്ടായിരുന്നു. 30 റൺസെടുത്ത ശിവം ശർമയായിരുന്നു യു.പിയുടെ ടോപ് സ്‌കോറർ. നിതീഷ് റാണ 25 റൺസെടുത്തു. കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റുമായി തിളങ്ങി. ക്യാപ്റ്റൻ ആര്യൻ ജുയാൽ(23), മാധവ് കൗശിക്(13), പ്രിയം ഗാർഗ്(1), സമീർ റിസ്വി(1), സിദ്ധാർത്ഥ് യാദവ്(19) എന്നിവരടങ്ങിയ മുൻനിര നിരാശപ്പെടുത്തിയപ്പോൾ പത്താമനായി ഇറങ്ങി 30 റൺസടിച്ച ശിവം ശർമയാണ് ഉത്തർപ്രദേശിനെ 150 കടത്തിയത്.