ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിന് നാളെ തുടക്കം

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരായ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിന് ഇന്ത്യ വെള്ളിയാഴ്ച ഹാഗ്ലി ഓവലിൽ ഇറങ്ങും. ആദ്യ കളിയിലെ ഇന്നിങ്സ് ജയ പ്രതീക്ഷയിൽനിന്ന് കിവികളോട് സമനില വഴങ്ങേണ്ടിവന്നിരുന്നു സന്ദർശകർക്ക്. ന്യൂസിലൻഡ് മണ്ണിൽ 17 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയാണ് ശുഭ്മൻ ഗില്ലിന്റെയും സംഘത്തിന്റെയും ലക്ഷ്യം. 2009ൽ എം.എസ്. ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ കിവികളുടെ നാട്ടിൽ അവസാനമായി പരമ്പര ജയിച്ചത്.
വെല്ലിങ്ടണിൽ റെക്കോഡ് സ്കോർ അടിച്ചുകൂട്ടിയ ഇന്ത്യയെ ന്യൂസിലൻഡ് ബാറ്റർമാർ ചെറുത്തുനിന്ന് സമനിലയിൽ പൂട്ടുകയായിരുന്നു. പേസർമാരെ തുണക്കുന്ന പിച്ചെന്ന പ്രവചനങ്ങളെല്ലാം അവിടെ കാറ്റിൽപറന്നിരുന്നു. വെല്ലിങ്ടണിലേതിനേക്കാൾ ഒരുപടി കൂടുതൽ ബൗളർമാർക്ക് പിന്തുണ നൽകുന്ന പിച്ച് ഒരുക്കുന്ന തിരക്കിലായിരുന്നു ഹാഗ്ലി ഓവലിലെ ഗ്രൗണ്ട് സ്റ്റാഫ്. ഇതിന്റെ ഫലം കണ്ടറിയണം. ആദ്യ ടെസ്റ്റിൽ പേസർ മുഹമ്മദ് സിറാജിനെ കളിപ്പിക്കാത്തതിൽ ടീം മാനേജ്മെന്റിനെതിരെ കടുത്ത വിമർശനം ഉയർന്നെങ്കിലും പ്ലേയിങ് ഇലവനിൽ വലിയ പരീക്ഷണങ്ങൾക്ക് സാധ്യത കുറവാണ്.
പേസ് ബൗളിങ് ഡിപ്പാർട്ട്മെന്റിൽ പ്രസിദ്ധ് കൃഷ്ണക്ക് പകരം ഗുർനൂർ ബ്രാറിനെ പരീക്ഷിക്കാനുള്ള ചർച്ചകളുണ്ട്. ബാറ്റർമാരുടെ തകർപ്പൻ ഫോം ഇന്ത്യക്ക് പ്രതീക്ഷയാണ്. ഓപണർ കെ.എൽ. രാഹുലും ഋഷഭ് പന്തും സെഞ്ച്വറിയും മറ്റൊരു ഓപണർ യശസ്വി ജയ്സ്വാൾ, ക്യാപ്റ്റൻ ഗിൽ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറെൽ എന്നിവർ അർധശതകങ്ങളും നേടി മിന്നിയിരുന്നു.
പരിക്കിൽ നിന്ന് മുക്തനായി പ്രാദേശിക താരം കൂടിയായ പേസർ മാറ്റ് ഹെൻറി തിരിച്ചെത്തുന്നത് ന്യൂസിലൻഡിന് വലിയ ആത്മവിശ്വാസം നൽകുന്നു. എങ്കിലും ആതിഥേയർക്കൊരു തിരിച്ചടി നേരിട്ടിട്ടുണ്ട്. പേസർ ബ്ലെയർ ടിക്നർ പേശീവലിവ് കാരണം പുറത്തായി. പകരം ഒരു ടെസ്റ്റ് മാത്രം കളിച്ചിട്ടുള്ള മാറ്റ് ഫിഷറെ ടീമിലേക്ക് തിരിച്ചുവിളിച്ചു. ക്യാപ്റ്റൻ ടോം ലാതത്തിന്റെ ഫോമില്ലായ്മയും തലവേദനയാണ്. ഇന്ത്യയുടെ ന്യൂസിലൻഡ് പരമ്പരയിലെ അവസാന കളി കൂടിയാണ്. ഏകദിന, ട്വന്റി20 പരമ്പരകൾ സന്ദർശകർ നേടിയിരുന്നു. വെള്ളിയാഴ്ച ഇന്ത്യൻ സമയം വെളുപ്പിന് 3.30 മുതലാണ് രണ്ടാം ടെസ്റ്റ് മത്സരം.
ടീം ഇവരിൽ നിന്ന്:
ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ, ഋഷഭ് പന്ത്, ധ്രുവ് ജുറെൽ, വാഷിങ്ടൺ സുന്ദർ, അൻഷുൽ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, രവീന്ദ്ര ജദേജ, സായ് സുദർശൻ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, ഗുർനൂർ ബ്രാർ.
ന്യൂസിലൻഡ്: ടോം ലാതം (ക്യാപ്റ്റൻ), ടോം ബ്ലണ്ടൽ, ഡെവൺ കോൺവേ, ജേക്കബ് ഡഫി, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, നഥാൻ സ്മിത്ത്, മാറ്റ് ഫിഷർ, വിൽ യങ്, ഡീൻ ഫോക്സ്ക്രോഫ്റ്റ്.
