ആവേശച്ചൂടാറിയില്ല; മട്ടൻ ബിരിയാണി വിളമ്പി സ്പെയിൻ ആരാധകർ

കോട്ടക്കൽ: ഇഷ്ടടീം ഫൈനലിൽ എത്തിയപ്പോൾ എല്ലാവർക്കും ചായയും പൊരിക്കടിയും നൽകിയായിരുന്നു സ്പെയിൻ ആരാധകർ ആഘോഷമാക്കിയത്. അന്നൊരു കിടിലിൽ ഓഫറും ഇവർ മുന്നോട്ടുവെച്ചു. ഞങ്ങൾ കപ്പടിച്ചാൽ വയർ നിറയെ മട്ടൻ ബിരിയാണി വിളമ്പുമെന്ന്. ആവേശകരമായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് നിലവിലെ ചാമ്പ്യന്മാരായ അർജൻറീനയെ പരാജയപ്പെടുത്തി ലോക കിരീടം സ്വന്തമാക്കിയതോടെ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ് കോട്ടക്കൽ ചങ്കുവെട്ടിക്കുണ്ടിലെ സ്പെയിൻ ആരാധകർ.
ഫ്രാൻസിനെതിരെ യുള്ള സെമിയിൽ സ്പെയിൻ ജയിച്ചതോടെ സാമ്പിൾ വെടിക്കെട്ടായി ചായയും കടിയും നൽകിയെങ്കിൽ ഇത് ഒന്നൊന്നര പരിപാടിയാക്കി മാറ്റുകയായിരുന്നു ഇവർ. പാചകക്കാരൻ ഇർഷാദ് വാക്കയന്റെ വീട്ടിലാണ് ബിരിയാണി തയാറാക്കിയത്. ഫാൻസ് അംഗങ്ങളായ ഹൈദ്രു പോക്കാട്ട്, കാലൊടി അലി, കരിമ്പനക്കൽ മുഹമ്മദ്, പഴയകത്ത് ഇബ്രാഹിം എന്നിവരായിരുന്നു ചുക്കാൻ പിടിച്ചത്.
ബിരിയാണി പാക്കറ്റുകളാക്കാൻ ഇതര ഫാൻസ് അംഗങ്ങളും എത്തിയതോടെ ആവേശം ഇരട്ടിയായി. യാസ്കോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പരിസരത്തായിരുന്നു ബിരിയാണി വിതരണം. ചൊവ്വാഴ്ച വൈകീട്ട് സ്കൂളുകൾ വിട്ട ശേഷം ബിരിയാണി വിളമ്പി. കൗൺസിലർ കെ. പ്രവീൺ വിതരണോദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികളടക്കം നാനൂറിലധികം പേർ മട്ടൻ ബിരിയാണിയുടെ രുചിയറിഞ്ഞു. വടക്കൻ യൂസഫ്, നിസാർ കാലൊടി, സുഹൈൽ നടുത്തൊടി, നൗഫൽ എടയാടൻ തുടങ്ങിയവർ നേതൃത്വം നൽകി.
