‘ഒരു ദുരന്തത്തിനും നമ്മെ തോൽപ്പിക്കാനാകില്ല, കേന്ദ്രത്തിൽ പ്രതീക്ഷയില്ല’; മുഖ്യമന്ത്രി

Chief Minister

കൽപ്പറ്റ: ഒരു ദുരന്തത്തിനും നമ്മെ തോൽപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിൽ പ്രതീക്ഷയില്ലെന്നും കേരളത്തിന്റെ തനത് അതിജീവനമായി ചരിത്രം വയനാടിനെ രേഖപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൽപ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിൽ മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സർക്കാർ ഒരുക്കുന്ന ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.Chief Minister

‘കേരളം മാത്രമല്ല രാജ്യത്തെ തന്നെ കണ്ണീരിലാക്കിയ ദുരന്തമുണ്ടായിട്ട് ഒരു വർഷമായിട്ടില്ല. എട്ട് മാസമാകുമ്പോൾ പുനരധിവാസ ശിലാസ്ഥാപനത്തിലേക്ക് കടക്കാൻ സാധിച്ചു. കേന്ദ്രത്തിൽ നിന്ന് ഇതുവരെയൊന്നും കിട്ടിയില്ല. ഇനിയെന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കാനും വയ്യ. വായ്പ രൂപത്തിലുള്ള തുകയാണ് അവർ നൽകിയത്. നാടിൻ്റെ ഒരുമയും ഐക്യവും, മനസാക്ഷിത്വവും കാരണമാണ് ആർജവത്തോടെ മുന്നോട്ട് പോകാനായത്. പട്ടിണിപ്പാവങ്ങൾ മുതൽ പ്രവാസി സഹോദരങ്ങൾ വരെ സഹായിച്ചു. കുടുക്ക പൊട്ടിച്ച് വന്ന കുട്ടികൾ മുതൽ സഹായിച്ചു. നന്ദി പറഞ്ഞ് തീർക്കാനാവില്ല. ജനങ്ങൾ ഒപ്പം നിൽക്കുമ്പോൾ ഒന്നും വെല്ലുവിളിയല്ല. ഒന്നിനും നമ്മെ തോൽപ്പിക്കാൻ കഴിയില്ല’- മുഖ്യമന്ത്രി പറഞ്ഞു.

ഏഴ് സെന്റിൽ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് ടൗണ്‍ഷിപ്പിൽ വീടുകൾ ഒരുങ്ങുന്നത്. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍ തുടങ്ങി വിപുലമായ സംവിധാനങ്ങളോടെയാണ് ടൗൺഷിപ്പ് വിഭാവനം ചെയ്യുന്നത്. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നതാണ് വ്യവസ്ഥ. വീടിനായി 175 പേരാണ് നിലവിൽ സമ്മതപത്രം കൈമാറിയിട്ടുള്ളത്. 67 പേർ വീടിന് പകരം നൽകുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും തെരഞ്ഞെടുത്തു. ഇതോടെ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലെ മുഴുവൻ പേരും സമ്മതപത്രം നൽകി കഴിഞ്ഞു. ഉരുൾ ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് സർക്കാർ ടൗൺഷിപ്പിന് തറക്കല്ലിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *