ഓണത്തിന് സംസ്ഥാനത്ത് ആശ്വാസ പ്രഖ്യാപനങ്ങൾ; സാമൂഹിക ക്ഷേമ പെൻഷൻ 19 മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് മുന്നോടിയായി വിവിധ വിഭാഗങ്ങൾക്ക് വിപുലമായ സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. സാമൂഹിക ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഈ മാസം 19 മുതൽ വിതരണം ആരംഭിക്കുന്നതിനായി 1105 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ, സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാൻസും നൽകും. ആശാ പ്രവർത്തകർക്കും അങ്കണവാടി പ്രവർത്തകർക്കും ഓണത്തോടനുബന്ധിച്ച് 1450 രൂപ വീതം പ്രത്യേക സഹായമായി നൽകാനും തീരുമാനിച്ചിട്ടുണ്ട്.

തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണക്കാലത്ത് 1200 രൂപ വീതം ആശ്വാസ ധനം ലഭിക്കും. പിന്നാക്ക വിഭാഗങ്ങൾക്കുള്ള പെൻഷൻ കുടിശിക വിതരണം ചെയ്യാനും, നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കുടിശിക അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. പാചകത്തൊഴിലാളികൾക്ക് പുതുക്കിയ നിരക്കിലുള്ള തുക ഉൾപ്പെടെ ലഭ്യമാക്കുന്നതിനൊപ്പം, അങ്കണവാടി ജീവനക്കാരുടെ കുടിശിക തീർക്കുന്നതിനായി 34 കോടി രൂപയും സർക്കാർ അനുവദിച്ചു.

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങളും വേഗത്തിൽ പുരോഗമിക്കുകയാണ്. ആറ് ലക്ഷം ഓണക്കിറ്റുകൾ തയ്യാറാക്കിയതിൽ പകുതിയിലധികവും ഇതിനോടകം റേഷൻ കടകളിൽ എത്തിച്ചുകഴിഞ്ഞു. ഇന്ന് ഉച്ചവരെ 75,000ത്തിലധികം ഓണക്കിറ്റുകൾ വിതരണം ചെയ്തതായും, ബാക്കിയുള്ളവ കൂടി വേഗത്തിൽ എത്തിച്ച് വിതരണം ഊർജിതമാക്കുമെന്നും അധികൃതർ അറിയിച്ചു. വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോയ്ക്ക് 53 കോടി രൂപ അനുവദിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ആശ്വാസമായി 13 സബ്‌സിഡി സാധനങ്ങൾ വില വർധനവില്ലാതെയാണ് സപ്ലൈകോ വഴി നൽകുന്നത്. മാത്രമല്ല, കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് 10 ഇനങ്ങൾക്ക് ഇത്തവണ വില കുറച്ചിട്ടുമുണ്ട്.

അതേസമയം, എംഡിഎംഎ കേസ് പ്രതികളുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യത്തിന്, തന്നെ നിരവധി ആളുകൾ വന്ന് കാണാറുണ്ടെന്നും താൻ അവരെ പരിചയപ്പെട്ട സമയത്തെക്കുറിച്ചാണ് പറഞ്ഞതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലേക്കുള്ള നടപടികൾ ഓണം കഴിയുമ്പോഴേക്കും പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ നടപടികൾ പൂർത്തിയാക്കാൻ എടുത്ത സമയവും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൽ ഫുട്ബോൾ താരം ലയണൽ മെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ഇതിനെക്കുറിച്ചുള്ള റിപ്പോർട്ടിൽ പരിശോധന പൂർത്തിയായതായും ഉടൻ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ മെറ്റയിൽ നിന്ന് പോസ്റ്റുകൾ നീക്കം ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ‘ലീഗൽ റിക്വയർമെന്റ്’ എന്നത് സർക്കാർ ആവശ്യപ്പെട്ടുവെന്ന അർത്ഥത്തിലല്ലെന്നും, ഇക്കാര്യത്തിൽ മെറ്റയോട് സർക്കാർ വിശദീകരണം പോലും തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം വിഷയമടക്കം ചൂണ്ടിക്കാട്ടി, ഒരാൾക്കും കീഴടങ്ങുന്ന സർക്കാരല്ല ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു ജാതി-മത സംഘടനകൾക്കും സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്താനാകില്ലെന്നും സർക്കാർ സ്വതന്ത്രമായാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലടി സർവകലാശാലയിലെ വിസിയെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന പരാതിയെ തുടർന്ന് ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണറുടെ നടപടി ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ വിശദമായ ചർച്ച നടത്തിയതാണെന്നും വിയോജിപ്പ് ലോക്ഭവനെ കത്തിലൂടെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തെന്ന കാലടി വിസിയുടെ പരാതിയില്‍ ഡിജിപിയെ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ലോക്ഭവനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. കാലടിയിലെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *