കോഴിക്കോട്ട് പോളിങ് സാമഗ്രികൾ സൂക്ഷിച്ച മുറി തുറന്ന സംഭവത്തിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്



കോഴിക്കോട്: കോഴിക്കോട് പോളിങ് സാമഗ്രികൾ സൂക്ഷിച്ച മുറി തുറന്നതിൽ റിട്ടേണിങ് ഓഫിസർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കോഴിക്കോട് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് ഗുരുതര വീഴ്ച സൂചിപ്പിച്ചിരിക്കുന്നത്.

പേ​രാ​മ്പ്ര, കൊ​യി​ലാ​ണ്ടി, എ​ല​ത്തൂ​ർ, കോ​ഴി​ക്കോ​ട് നോ​ർ​ത്ത്, കോ​ഴി​ക്കോ​ട് സൗ​ത്ത്, ബേ​പ്പൂ​ർ, കു​ന്ദ​മം​ഗ​ലം, ബാ​ലു​ശേ​രി മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച വെ​ള്ളി​മാ​ട്കു​ന്ന് ജെ.​ഡി.​ടി സ്കൂ​ളി​ലെ മു​റി​യാ​ണ് കഴിഞ്ഞ ദിവസം തു​റ​ന്ന​ത്. എ​ന്നാ​ൽ, എ​ൻ​കോ​ർ സോ​ഫ്റ്റ്‌​വെ​യ​റി​ലെ വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​തി​ന് പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ലെ പോ​ളി​ങ് രേ​ഖ​ക​ൾ സൂ​ക്ഷി​ച്ച സീ​ൽ ചെ​യ്യാ​ത്ത മു​റി​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തു​റ​ന്ന​തെ​ന്നാണ് റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ അ​റി​യി​ച്ചത്. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടു യ​ന്ത്ര​ങ്ങ​ളോ ത​പാ​ൽ ബാ​ല​റ്റു​ക​ളോ സൂ​ക്ഷി​ച്ച മു​റി അ​ല്ല തു​റ​ന്ന​തെ​ന്നും റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ അറിയിച്ചിരുന്നു.

കേ​ന്ദ്ര​സേ​ന​യും പൊ​ലീ​സും കാ​വ​ലു​ള്ള സ്ഥ​ല​ത്താ​ണ് ജീ​വ​ന​ക്കാ​ർ വാ​തി​ൽ തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ​ത്. വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ എം.​കെ. രാ​ഘ​വ​ൻ എം.​പി, ഡി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​പ്ര​വീ​ൺ​കു​മാ​ർ, മു​സ്‍ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്റ് എം.​എ. റ​സാ​ഖ് തു​ട​ങ്ങി​യ​വ​രു​ൾ​പ്പെ​ടെ യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി സ്ഥ​ല​ത്തെ​ത്തിയിരുന്നു.