സക്സേന ബ്രില്ല്യന്‍സ്; രഞ്ജിയില്‍ ബിഹാറിനെ തകര്‍ത്ത് കേരളം ക്വാര്‍ട്ടറില്‍

Saxena Brilliance

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തിൽ ബിഹാറിനെ ഇന്നിങ്സിനും 169 റൺസിനുമാണ് കേരളം പരാജയപ്പെടുത്തിയത്. മത്സരത്തിന്‍റെ രണ്ടാം ദിനമാണ് കേരളത്തിന്‍റെ തകര്‍പ്പന്‍ ജയം.Saxena Brilliance

ആദ്യ ഇന്നിങ്സിൽ കേരളം നേടിയ 350 റൺസ് പിന്തുടര്‍ന്നിറങ്ങിയ ബിഹാര്‍ 64 റണ്‍സിന് പുറത്തായിരുന്നു. രണ്ട് ഇന്നിങ്സിലുമായി പത്ത് വിക്കറ്റ് പോക്കറ്റിലാക്കിയ ജലജ് സക്സേനയാണ് ബിഹാറിന്‍റെ നട്ടെല്ലൊടിച്ചത്. രഞ്ജിയില്‍ ആറ് വര്‍ഷത്തിന് ശേഷമാണ് കേരളം ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.

സൽമാൻ നിസാറിന്റെ സെഞ്ച്വറിക്കരുത്തിലാണ് കേരളം ആദ്യ ഇന്നിങ്‌സിൽ 351 റൺസ് പടുത്തുയർത്തിയത്. ഷോൺ റോജർ അർധ സെഞ്ച്വറിയുമായി നിസാറിന് മികച്ച പിന്തുണ നല്‍കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബിഹാറിനെ സക്‌സേന 64 റൺസിന് ചുരുട്ടിക്കെട്ടി. രണ്ട് വിക്കറ്റുമായി എം.ഡി നിതീഷ് സക്‌സേനക്ക് മികച്ച പിന്തുണയാണ് നൽകിയത്. ഫോളോ ഓൺ ചെയ്യപ്പെട്ട ബിഹാറിന് രണ്ടാം ഇന്നിങ്‌സിലും നിലംതൊടാനായില്ല. സക്‌സേന ഒരിക്കൽ കൂടി അഞ്ച് വിക്കറ്റ് പോക്കറ്റിലാക്കിയപ്പോൾ കേരളത്തിന്റെ ജയം അനായാസമായി. മൂന്ന് വിക്കറ്റുമായി ആദിത്യ സർവാതെ രണ്ടാം ഇന്നിങ്സില്‍ സക്‌സേനക്ക് മികച്ച പിന്തുണ നൽകി.

ഹരിയാന, കർണാടക, ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രധേശ് തുടങ്ങിയ ടീമുകൾ അടങ്ങുന്ന എലൈറ്റ് ഗ്രൂപ്പ് സി യിൽ നിന്നാണ് കേരളം ക്വാർട്ടറിൽ പ്രവേശിച്ചത്. ഗ്രൂപ്പിൽ കേരളം രണ്ടാമതാണ്. 26 പോയിന്റുള്ള ഹരിയാനയാണ് ഒന്നാമത്.

Leave a Reply

Your email address will not be published. Required fields are marked *