‘വി.വി. രാജേഷ് പ്രധാനമന്ത്രി വരെ ആകാൻ സാധ്യതയുള്ള വ്യക്തി; പൊങ്കാലക്ക് മേയർ പറഞ്ഞ ഇരുമ്പ് അടുപ്പ് 2,000 എണ്ണം സ്പോൺസർ ചെയ്യും’ -മല്ലിക സുകുമാരൻ

തിരുവനന്തപുരം: ബി.ജെ.പി നേതാവും തിരുവനന്തപുരം മേയറുമായ വി.വി. രാജേഷിനെ പുകഴ്ത്തി ചലച്ചിത്ര താരം മല്ലിക സുകുമാരൻ. 20–25 വർഷമായി രാജേഷുമായി പരിചയമുണ്ടെന്നും മകനെപ്പോലെയാണ് കാണുന്നതെന്നും മല്ലിക സുകുമാരൻ പറഞ്ഞു. നഗരസഭയിലെത്തി മേയറെ സന്ദർശിച്ചാണ് മല്ലികയുടെ പരാമർശം.

‘മന്ത്രിയോ കേന്ദ്രമന്ത്രിയോ ഇന്ത്യൻ പ്രധാനമന്ത്രിയോ വരെ ആകാൻ സാധ്യതയുള്ള വ്യക്തിയാണ് രാജേഷ്. ജാതി, മത, കക്ഷിരാഷ്‌ട്രീയ ഭേദമന്യേ എല്ലാവരോടും നല്ല രീതിയിലാണ് പെരുമാറുന്നത്’ -അവർ പറഞ്ഞു.

ആറ്റുകാൽ പൊങ്കാലയ്‌ക്കായി രാജേഷ് വിഭാവനം ചെയ്ത ഇരുമ്പ് അടുപ്പുകളിൽ 2,000 എണ്ണം സ്പോൺസർ ചെയ്യുമെന്നും മല്ലിക സുകുമാരൻ അറിയിച്ചു. താനും മക്കളും ചേർന്നാണ് സ്പോൺസർഷിപ്പ് നൽകുക. ആദ്യ സ്പോൺസർഷിപ്പ് അറിയിക്കാനാണ് നഗരസഭയിലെത്തിയതെന്നും അവർ പറഞ്ഞു. നല്ലത് ചെയ്താൽ രാഷ്ട്രീയം നോക്കാതെ പിന്തുണയ്ക്കുന്നതാണ് ശീലം. കൊള്ളരുതായ്മ ചെയ്താൽ വിമർശിക്കുന്നത് തുടരുമെന്നും മല്ലികാ സുകുമാരൻ പറഞ്ഞു.