പോരാട്ടം ഫലം കണ്ടു; പുതിയ റാങ്ക്പട്ടികയിലെ ഒന്നാം റാങ്കുകാരൻ ശ്യാം കൃഷ്ണന് നിയമനം നൽകും

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷയിൽ പി.എസ്.സിക്ക് തെറ്റുപറ്റിയെന്നു ചൂണ്ടിക്കാട്ടിയതും അതുവഴി അർഹതപ്പെട്ട ഉദ്യോഗാർഥിക്ക് ജോലി ലഭ്യമാക്കാനും പോരാടിയത് രണ്ടുപേരാണ്-പുതിയ റാങ്ക്പട്ടികയിലെ ഒന്നാം റാങ്കുകാരൻ ശ്യാം കൃഷ്ണനും നാലാം റാങ്കുകാരൻ വി.എസ്. ജയലാലും. ശ്യാം കൃഷ്ണൻ വിവരാവകാശം വഴിയും ജയലാൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ വഴിയും നടത്തിയ പോരാട്ടമാണ് ഒന്നേകാൽ വർഷത്തിനുശേഷം ഫലംകണ്ടത്.
2023 ജൂലൈ 13നാണ് ആസൂത്രണ ബോർഡിലെ മൂന്ന് ഡിവിഷനുകളിലെ ചീഫ് തസ്തികകളിലേക്ക് പൊതു പരീക്ഷ നടത്തിയത്. 2024ൽ അഭിമുഖം നടന്നു. 2025 മേയിൽ രണ്ടുവിഭാഗങ്ങളുടെ റാങ്കുപട്ടിക പ്രസിദ്ധീകരിച്ച് നിയമനവും നടത്തി. ഇതിനു പിന്നാലെ ഉദ്യോഗാർഥികൾ പണമടച്ച് മാർക്ക് ലിസ്റ്റിന് അപേക്ഷിച്ചു. എന്നാൽ, ഒരു വർഷത്തോളം മാർക്ക് ലിസ്റ്റ് നൽകിയില്ല.
മൂന്നാം തസ്തികയിലേക്ക് റാങ്ക് ലിസ്റ്റ് തയാറാവാത്തതിനാൽ ആദ്യ രണ്ടു തസ്തികകളുടെ മാർക്ക് ലിസ്റ്റ് പുറത്തുവിടാനാവില്ലെന്നായിരുന്നു പി.എസ്.സി വാദം. പിന്നീട് വിവരാവകാശം വഴി മാർക്ക് ലിസ്റ്റ് ലഭിച്ചപ്പോഴാണ് 54 മാർക്കിന്റെ 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയില്ലെന്ന് വ്യക്തമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രൈബ്യൂണലിനെ സമീപിച്ചു. അന്തിമ വിധിക്കനുസൃതമായിട്ടായിരിക്കും അരുൺ ജെ. പ്രതാപിന്റെ നിയമനമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു.
ശ്യാം കൃഷ്ണൻ വിവരാവകാശം വഴി പി.എസ്.സിയോട് പരീക്ഷാരേഖകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നൽകാതിനാൽ വിവരാവകാശ കമീഷനെ സമീപിച്ചു. കമീഷൻ ഉത്തരവിട്ടിട്ടും പി.എസ്.സി അംഗീകരിച്ചില്ല. പിന്നീടുണ്ടായ വിവാദങ്ങളെ തുടർന്ന് പി.എസ്.സിയിലെ പരീക്ഷ ക്രമക്കേടുകൾ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അനേഷിക്കുകയാണ്.
വ്യക്തിപരമായ നേട്ടം മാത്രമല്ല -ശ്യാം കൃഷ്ണൻ
അനീതിക്കെതിരായ പോരാട്ടം ഫലം കണ്ടതിൽ സന്തോഷമെന്ന് ഒന്നാം റാങ്ക് നേടിയ ശ്യാം കൃഷ്ണൻ. വ്യക്തിപരമായ നേട്ടം മാത്രമല്ല, തെറ്റുപറ്റില്ലെന്ന് നമ്മൾ കരുതിയിരുന്ന ഒരു സംവിധാനത്തിലെ പിഴവുകൾ കൂടി തിരുത്തുകയാണ്. ഇത് മറ്റുള്ളവർക്കും പ്രചോദനമാവുമെന്നാണ് പ്രതീക്ഷയെന്നും ശ്യാം കൃഷ്ണൻ കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ ശ്യാം കൃഷ്ണൻ നിലവിൽ കേര പദ്ധതിയിൽ ഇൻഡസ്ട്രീസ് സ്പെഷലിസ്റ്റായി ഡെപ്യൂട്ടേഷനിലാണ്. തിരുവനന്തപുരം മണക്കാട് സ്വദേശിയാണ്.
അർഹതപ്പെട്ടയാൾക്ക് ഒന്നാം റാങ്ക് ലഭിച്ചതിൽ സന്തോഷം -ജയലാൽ
അർഹതപ്പെട്ടയാൾക്ക് ഒന്നാംറാങ്ക് ലഭിച്ചതിൽ സന്തോഷമെന്ന് ട്രൈബ്യൂണലിൽ കേസ് നൽകിയ വി.എസ്. ജയലാൽ. അതിന് താൻ നിമിത്തമായെന്നു മാത്രം. പി.എസ്.സി ആദ്യം തയാറാക്കിയ ലിസ്റ്റിലെ ഒന്നാം റാങ്കുകാരനേക്കാൾ കൂടുതൽ മാർക്ക് തനിക്ക് ലഭിക്കുമെന്ന് ഉറപ്പായിരുന്നു. കോടതി മാത്രമേ രക്ഷയുള്ളൂ എന്ന് തോന്നിയതിനാലാണ് നിയമപോരാട്ടം നടത്തിയതെന്നും ജയലാൽ പറഞ്ഞു. ഇറിഗേഷൻ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറാണ് ആലപ്പുഴ സ്വദേശി ജയലാൽ.
