പൊലീസിനെ ലോറി ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

തിരൂർ: അനധികൃത മണൽ കടത്ത് തടയാൻ ശ്രമിച്ച പൊലീസിനെ ലോറി കൊണ്ട് ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ കടപ്പുറം മൂത്താട്ട് വീട്ടിൽ റാസിഖാണ് (29) അറസ്റ്റിലായത്. തിരൂർ സ്റ്റേഷനിലെ എസ്.ഐ അനീഷ്, എസ്.സി.പി.ഒ കെ.ആർ. രാജേഷ്, സി.പി.ഒ ടോണി വർഗീസ് എന്നിവരെയാണ് ലോറി ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. കൂട്ടായി ഭാരതപ്പുഴയുടെ ഭാഗത്ത് അനധികൃത മണൽകടത്ത് തടയുന്നതിനായി യൂണിഫോമിൽ പട്രോളിങ് ഡ്യൂട്ടി ചെയ്തു വരവെയാണ് പ്രതി വാഹനം പൊലീസിനു നേരെ ഓടിച്ചത്.
അനധികൃതമായി പുഴമണൽ കയറ്റി കൂട്ടായി ഭാഗത്തു നിന്നും വന്ന ലോറിയെ പാരിസ് എന്ന സ്ഥലത്തു വെച്ച് എസ്.ഐയും കൂട്ടരും കൈകാണിച്ചതിനെ തുടർന്ന് ഇവരെ ലോറി ഇടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയും തുടർന്ന് പ്രതി ലോറിയുമായി രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് പ്രതിയെ പിന്തുടർന്നതോടെ പ്രതി ലോറിയുടെ പുറക് വശം ബോഡി ഉയർത്തി മണൽ റോഡിലേക്ക് തട്ടിയിട്ട് എസ്.ഐയും സംഘവും സഞ്ചരിച്ച വാഹനത്തിന് അപകടം വരുത്താൻ ശ്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
