അഞ്ചടിച്ച് സ്വീഡിഷ് പടയോട്ടം; ലോകകപ്പിലെ ആദ്യ മത്സരത്തിൽ തുനീഷ്യയെ തകർത്ത് സ്വീഡൻ

മോണ്ടെറി (മെക്സിക്കോ): ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ തുനീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് (5-1) തകർത്ത് സ്വീഡന് ഉജ്ജ്വല തുടക്കം. പുതിയ പരിശീലകൻ ഗ്രഹാം പോട്ടർക്ക് കീഴിലിറങ്ങിയ സ്വീഡന്റെ സമ്പൂർണ്ണ ആധിപത്യമാണ് മോണ്ടെറി സ്റ്റേഡിയത്തിൽ കണ്ടത്. സ്വീഡന്റെ സൂപ്പർ താരങ്ങളായ വിക്ടർ ഗ്യോകെറെസ്, അലക്സാണ്ടർ ഇസാക് എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ടീമിന് കൂറ്റൻ ജയം സമ്മാനിച്ചത്. യാസിൻ അയാരി ഇരട്ട ഗോളുകൾ നേടിയപ്പോൾ ഇസാക്, ഗ്യോകെറസ്, പകരക്കാരനായി ഇറങ്ങിയ സ്വെൻബെർഗ് എന്നിവരും സ്വീഡനായി വലകുലുക്കി. തുനീഷ്യയുടെ ആശ്വാസ ഗോൾ റെക്കിക്കിന്റെ വകയായിരുന്നു.

തുടക്കത്തിലേ ആഞ്ഞടിച്ച് സ്വീഡൻ

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ സ്വീഡന്റെ ആക്രമണ ശൈലിയാണ് മൈതാനത്ത് കണ്ടത്. ഏഴാം മിനിറ്റിൽ തന്നെ യാസിൻ അയാരി സ്വീഡനായി ആദ്യ ഗോൾ നേടി. ഇസാകിനെ ലക്ഷ്യമാക്കിയുള്ള ഒരു ലോംഗ് ബോൾ ടുണീഷ്യൻ ഗോളി ചമാഖ് തട്ടിയകറ്റിയെങ്കിലും, ബോക്സിന് പുറത്തുനിന്നും അയാരി കൃത്യമായി വലയിലെത്തിച്ചു. എന്നാൽ ടുണീഷ്യൻ പശ്ചാത്തലമുള്ള അയാരി ഗോൾ ആഘോഷിക്കാൻ തയ്യാറായില്ല.

ആക്രമണം തുടർന്ന സ്വീഡൻ 31-ാം മിനിറ്റിൽ അലക്സാണ്ടർ ഇസാകിലൂടെ ലീഡ് ഇരട്ടിയാക്കി (2-0). ഗ്യോകെറസ് നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ ഇസാകിന്റെ ഷോട്ട് തടയുന്നതിൽ ടുണീഷ്യൻ ഗോളി ചമാഖ് വരുത്തിയ വലിയ പിഴവാണ് ഗോളിൽ കലാശിച്ചത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് (42-ാം മിനിറ്റിൽ) ഹാനിബാൾ മെജ്‌ബ്രിയുടെ തകർപ്പൻ ക്രോസിൽ നിന്ന് റെക്കിക് ടുണീഷ്യക്കായി ഗോൾ മടക്കി (2-1).

രണ്ടാം പകുതിയിലെ സ്വീഡിഷ് കൊടുങ്കാറ്റ്

രണ്ടാം പകുതിയിൽ തുനീഷ്യൻ പ്രതിരോധത്തെ നിലത്തുനിർത്താത്ത പ്രകടനമാണ് സ്വീഡൻ കാഴ്ചവെച്ചത്. 59-ാം മിനിറ്റിൽ തുനീഷ്യൻ ക്യാപ്റ്റൻ സ്ഖിരി വരുത്തിയ വലിയൊരു പിഴവ് സ്വീഡന്റെ മൂന്നാം ഗോളിൽ കലാശിച്ചു. സ്ഖിരിയുടെ കയ്യിൽ നിന്നും പന്ത് റാഞ്ചിയ ഇസാക് അത് ഗ്യോകെറസിന് നൽകുകയും, ഗ്യോകെറസ് അനായാസം വലകുലുക്കുകയും ചെയ്തു (3-1).

മത്സരത്തിന്റെ 84-ാം മിനിറ്റിൽ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സബ്സ്റ്റിറ്റ്യൂട്ട് ഗോൾ പിറന്നു. കളത്തിലിറങ്ങി വെറും 18 സെക്കൻഡുകൾക്കുള്ളിൽ മാറ്റിയാസ് സ്വെൻബെർഗ് ഇസാകിന്റെ അസിസ്റ്റിൽ നിന്നും സ്വീഡന്റെ നാലാം ഗോൾ കണ്ടെത്തി. 1998-ൽ ഉറുഗ്വെയുടെ റിച്ചാർഡ് മൊറേൽസ് 16 സെക്കൻഡിൽ നേടിയതാണ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സബ്സ്റ്റിറ്റ്യൂട്ട് ഗോൾ.

കളി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ (90+6′) യാസിൻ അയാരി തന്റെ രണ്ടാം ഗോളും സ്വീഡന്റെ അഞ്ചാം ഗോളും കണ്ടെത്തി പട്ടിക പൂർത്തിയാക്കി. ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ഷോട്ടിലൂടെയായിരുന്നു അയാരിയുടെ ഫിനിഷിങ്. അലക്സാണ്ടർ ഇസാക് ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയപ്പോൾ, ഗ്യോകെറസ് ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. ഈ കൂറ്റൻ ജയത്തോടെ ഗ്രൂപ്പ് എഫിൽ സ്വീഡൻ ഒന്നാം സ്ഥാനത്തെത്തി. സ്വീഡൻ തങ്ങളുടെ അടുത്ത മത്സരത്തിൽ ജൂൺ 20-ന് കരുത്തരായ നെതർലൻഡ്‌സിനെ നേരിടും.