ദുരിതം വിതച്ച് തോരാമഴ; കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോടിൽ ഉരുൾപൊട്ടൽ

 

സംസ്ഥാനത്ത് കനത്ത മഴയിലും ഉരുൾപൊട്ടലിലും ഏഴ് മരണം. കോട്ടയം ജില്ലയില്‍ മൂന്നും, ഇടുക്കി, മലപ്പുറം ജില്ലകളില്‍ രണ്ട് പേരുമാണ് മരിച്ചത്. മരിച്ചവരില്‍ മൂന്ന് പേർ കുട്ടികളാണ്. പൂഞ്ഞാറിൽ ഉരുൾപൊട്ടലിൽ അമ്മയ്ക്കും മകനുമാണ് ജീവൻ നഷ്ടമായത്. റജിന മകൻ ജോസഫിൻ എന്നിവരാണ് മരിച്ചത്. വാകത്താനം ചക്കൻ ചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരനും മരിച്ചു. ഇടുക്കി അടൂർ മലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ സുമതിയും വാഗമണ്ണിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് പ്രഭാകരൻ നായരുമാണ് മരിച്ചത്. വണ്ടൂർ തിരുവാലിയിൽ രണ്ടര വയസുകാരനും കൊണ്ടോട്ടിയിൽ നാല് വയസുകാരനും ഒഴുക്കിൽപ്പെട്ട് മരിച്ചു. സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളില്‍ റെഡ് അലേർട്ടാണ്. ബാക്കി ജില്ലകളില്‍ ഓറഞ്ച് അലേർട്ടും തുടരുന്നു.

 

കൂടരഞ്ഞിയിൽ ഉരുൾപൊട്ടലുണ്ടായി. ആളുകളെ മാറ്റിപാർപ്പിച്ചു തുടങ്ങി. ചെളിവെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. കണ്ണൂർ ആലക്കോട് താളിപ്പാറയിലും ഉരുൾപൊട്ടി. നിലവിൽ ആളപായമില്ല. പ്രദേശത്തെ കൃഷിക്ക് നാശനഷ്ടമുണ്ടായി. ഉരുൾപൊട്ടിയതിനെത്തുടർന്ന് ഉദയഗിരി-താബോർ റോഡ് പൂർണമായി അടച്ചു. പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

 

മഴക്കെടുതി സാഹചര്യത്തിൽ സംസ്ഥാനത്താകെ 65 ക്യാമ്പ് തുറന്നു. 1465 പേരാണ് ക്യാമ്പിലുള്ളത്. പത്തനംതിട്ട 22, കോട്ടയം 23, കോഴിക്കോട് 6, ഇടുക്കി 6, മലപ്പുറം 4, ആലപ്പുഴ 2, എറണാകുളം 1, കണ്ണൂർ 1. 537 പുരുഷൻമാർ, 573 സ്ത്രീകൾ, 276 കുട്ടികൾ എന്നിവരാണ് ക്യാമ്പിലുള്ളത്. 17 വീട് മുഴുവനായി തകർന്നു. ഇടുക്കി 9, മലപ്പുറം 3, കോട്ടയം 3, എറണാകുളം 1, പാലക്കാട് 1, 127 വീട് ഭാഗികമായി തകർന്നു.

 

നാളെ നടത്താനിരുന്ന (സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ) സെറ്റ് പരീക്ഷ മാറ്റിവെച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകളുടെയും വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച ജാഗ്രതാ നിർദേശങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

നാളെ 12 ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെ 12 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കണ്ണൂരിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലാണ് അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

 

മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുമെന്നും വീട് തകർന്നവർക്കും ധനസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

 

കനത്ത മഴയിൽ എറണാകുളം ആലുവ ശിവക്ഷേത്രം മുങ്ങി. ക്ഷേത്രവും മണപ്പുറവും പൂർണമായി വെള്ളത്തിലായ നിലയിലാണ്. കോഴിക്കോട് കുന്ദമംഗലം പഞ്ചായത്തിലെ പൈങ്ങോട്ടുപുറം അംഗൻവാടി വെള്ളത്തിൽ മുങ്ങി. സമീപത്തെ മലയിൽ നിന്നുള്ള വെള്ളമാണ് അംഗൻവാടിയുള്ള ഭാഗത്തേക്ക് ഒഴുകിയെത്തിയത്.

 

ഇടുക്കി ജില്ലയിൽ വിനോദ സഞ്ചാരത്തിന് പൂർണ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലുമാണ് നടപടി. റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നതുവരെ വിനോദ സഞ്ചാരികൾ ജില്ലയിൽ സന്ദർശനം നടത്തരുതെന്നും കളക്ടറുടെ ഉത്തരവുണ്ട്. പൊതു പരീക്ഷകൾക്കെത്തുന്നവർക്ക് നിയന്ത്രണം ബാധകമല്ല.

 

കോഴിക്കോട് വിലങ്ങാട് മേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്. പാനോം വന മേഖലയിൽ ഉരുൾ പൊട്ടിയതായാണ് സംശയം. മരങ്ങൾ കടപുഴകി പുഴയിലൂടെഒലിച്ചിറങ്ങിയ നിലയിലാണ്. വിലങ്ങാട് ടൗൺ പാലം വീണ്ടും വെള്ളത്തിനടിയിലായിട്ടുണ്ട്.മലയോര മേഖലയിൽ മഴ കാര്യമായി ബാധിച്ചു. ഈങ്ങാപ്പുഴയിലും മുക്കത്തും, വിലങ്ങാടും

 

വെള്ളം കയറി. വിലങ്ങാട് അപകട മേഖലയിൽ നിന്നും ആളുകളെ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. താമരശേരി ചുരത്തിൽ ചെറിയ തോതിൽ മണ്ണിടിഞ്ഞിട്ടുണ്ട്. മലയോര മേഖലകളിലും ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്. ശക്തമായ വെള്ളപ്പാച്ചിലിൽ കോട്ടയം ഈരാറ്റുപേട്ട നഗരത്തിൽ വൻനാശനഷ്ടമുണ്ടായി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി വ്യാപാരികൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഉച്ചയ്ക്കുശേഷം വെള്ളമിറങ്ങിയെങ്കിലും നഗരത്തിൽ ആകെ ചെളികെട്ടി കിടക്കുന്ന അവസ്ഥയാണ്. അതേസമയം റാന്നിയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. കനത്തമഴയിൽ റാന്നി ടൗൺ പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. പമ്പയാറ്റും അച്ചൻകോവിലാറും കരകവിഞ്ഞതിനെ തുടർന്ന് കടകളിലടക്കം വെള്ളം കയറി വ്യാപക നാശനഷ്ടമുണ്ടായി.

 

ഓണത്തിനായി എത്തിച്ച സാധനങ്ങളടക്കം നശിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതോടെ ജില്ലയിലെ മണിയാർ ഡാം തുറന്നു. വയനാട്ടിൽ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. പിണങ്ങോട് പന്നിയോറയിൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കാവുമന്നം പുഴ കരകവിഞ്ഞൊഴുകി.

 

കണ്ണൂർ ജില്ലയുടെ മലയോര മേഖലകളിലും, കാസർകോട് ജില്ലയിലും ശക്തമായ മഴയാണ് പെയ്തത്. മീനച്ചിലാർ കരകവിഞ്ഞൊഴുകിയതോടെ പാലാ നഗരം വെള്ളത്തിലായി. നഗരത്തിലെ പല ഭാഗങ്ങളിലും സഞ്ചാരം തടസ്സപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയതോടെ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി. വെള്ളം ഇറങ്ങി തുടങ്ങിയതോടെ

 

പടിഞ്ഞാറൻ ഭാഗങ്ങളിൽ വെള്ളം ഉയരാനുള്ള സാധ്യത ഏറി. ആറൻമുളയിൽ നിരവധിയിടങ്ങളിൽ വെള്ളം കയറി. പമ്പയാർ കര കവിഞ്ഞു ഒഴുകിയതോടെ കോഴഞ്ചേരി-ചെങ്ങന്നൂർ റോഡ് വെള്ളത്തിൽ മുങ്ങി. വീടുകളിൽ കുടുങ്ങിയ നിരവധി ആളുകളെ ലോറികളിലും ജീപ്പുകളിലുമായി മാറ്റി. കോന്നിയിൽ അരുവാപുലം പഞ്ചായത്തിൽ വിവിധ ഇടങ്ങൾ ഒറ്റപ്പെട്ടു. ജില്ലയിലെ വിവിധ മേഖലകളിൽ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും ഉണ്ടായി.

 

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുന്നറിയിപ്പുണ്ട്. നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട നാളെ തുറക്കാനിരിക്കെയാണ് അഭ്യർത്ഥനയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്തെത്തിയത്.

 

എറണാകുളം ഏലൂർ ബോസ്കോ നഗറിൽ വെള്ളംകയറി. പ്രദേശവാസികൾ വീട്ടുസാധനങ്ങൾ ഉൾപ്പെടെ മാറ്റിത്തുടങ്ങി കാസർകോട് ചിറ്റാരിക്കാലിൽ മലവെള്ളപ്പാച്ചിലുണ്ടായി. വായിക്കാനം ഭാഗത്താണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്.

 

കോഴിക്കോട് കൊടുവളിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് വെള്ളം കയറി. നീന്തിയാണ് തൊഴിലാളികൾ മറുകര എത്തിയത്. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് എ‌ൻ.എച്ച് ഉന്നതിയിൽ മണ്ണിടിച്ചിലുണ്ടായി. പ്രദേശത്തുള്ള അംഗൻവാടിയുടെയും വീടുകളുടെയും മതിലും മുറ്റവും തകർന്നു. കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി.

 

കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകൾ തുറക്കും. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കുന്നത്. ഡാമിന്റെ പരിസരത്ത് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

 

കണ്ണൂര്‍ പേരാവൂർ തൊണ്ടിയില്‍ പാലത്തിന് സമീപം കാഞ്ഞിരപുഴയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. കൊട്ടംചുരം സ്വദേശി ഹനീഫയാണ് ഒഴുക്കില്‍പ്പെട്ടത്.

 

എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം.ജിയോ ബാഗുകൾ തകർന്നു. സമീപത്തെ വീടുകളിലും, ചെല്ലാനം പാണ്ടികുടി റോഡിലും വെള്ളം കയറി. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ തകരാർ സംഭവിച്ച പാലാ മൂന്നാനിയിലെ ഗാന്ധിപ്രതിമ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഭാരവാഹികളുടെ നേതൃത്വത്തിലാണ് മാറ്റിയത്.

 

എറണാകുളം പാണിയേലിയിൽ അംഗൻവാടിക്ക് മുകളിലേക്ക് മരം വീണു. കുട്ടികളും അംഗൻവാടി ജീവനക്കാരും ഉള്ളപ്പോഴായിരുന്നു അപകടം. കെട്ടിടത്തിന്റെഒരു ഭാഗം തകർന്നു.

 

ദക്ഷിണ കന്നഡ ജില്ലകളിലും ശക്തമായ മഴ. ബെൽത്തങ്ങാടിയിൽ തുടർച്ചയായ മഴയെത്തുടർന്ന് നിരവധി വീടുകൾ വെള്ളത്തിനടിയിലായി. മുണ്ടജെ-ധർമ്മസ്ഥല റോഡിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

 

മഴയെത്തുടർന്ന് നെടുങ്കണ്ടം കല്ലാർ ഡാം തുറന്നു. രണ്ടാമത്തെ ഷട്ടർ 5 സെന്റീമീറ്റർ ഉയർത്തി 2 ക്യുബിക്ക് അടി ജലം വീതമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഡാമിലെ പരമാവധി സംഭരണശേഷിയായ 824 മീറ്ററിലേക്ക് ജലനിരപ്പ് ഉയർന്നതോടുകൂടിയാണ് ഷട്ടർ ഉയർത്തിയത്. തൂവൽ, പെരിഞ്ചാംകുട്ടി മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *