ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച രണ്ടുപേരുടെ മരണം: ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട്



തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ‘മറൈന്‍ ടോക്‌സിന്‍’ ആകാം മരണകാരണമെന്ന് രാസപരിശോധന റിപ്പോര്‍ട്ടിലെ നിഗമനം. ഭക്ഷണത്തില്‍നിന്നുള്ള വിഷബാധയല്ല കാരണമെന്നാണ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്.

ഫെബ്രുവരി 16ന് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച കൊല്ലം സ്വദേശികളായ റഷീദയും ഷാജിയും മരിച്ചതിനെ തുടര്‍ന്നാണ് ഹോട്ടൽ അടച്ചുപൂട്ടി വിശദമായ പരിശോധന നടത്തിയത്. മീൻ മുട്ട ഉൾപ്പെടെയുള്ളവ ഇവർ കഴിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഭക്ഷ്യവിഷബാധ കണ്ടെത്തിയിരുന്നില്ല. അത് വിഷയം സങ്കീർണമാക്കി. രാസപരിശോധന റിപ്പോർട്ട് വന്ന സാഹചര്യത്തിൽ ഹോട്ടൽ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകി.

സംഭവദിവസം ഹോട്ടലിലെത്തിയ കുടുംബത്തിലെ എല്ലാവരും മീന്‍മുട്ട കഴിച്ചിരുന്നു. അതിൽ നിന്നുള്ള മറൈന്‍ ടോക്‌സിനാകാം രണ്ടുപേരുടെ മരണത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ടിലെ നിഗമനം. ഹോട്ടലിലെ അവശേഷിച്ച ഭക്ഷണസാധനങ്ങളും വെള്ളവും മീന്‍ എത്തിച്ച തമിഴ്‌നാട്ടിലെ മാര്‍ക്കറ്റിലെ സാമ്പിളും പരിശോധിച്ചെങ്കിലും ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന കാര്യങ്ങള്‍ കണ്ടെത്താനായില്ല. എന്നാല്‍, കുടുംബം കഴിച്ച ഭക്ഷ്യവസ്തുക്കളുടെ സാമ്പിള്‍ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഈ സാഹചര്യത്തിലാണ് മീന്‍മുട്ടയിലെ മറൈന്‍ ടോക്‌സിനാണ് വില്ലനെന്ന നിഗമനത്തിലെത്തിയത്. മത്സ്യങ്ങളിലും കക്കവർഗത്തിൽപ്പെട്ട ജീവികളിലും സ്വാഭാവികമായി കാണപ്പെടുന്നതും ഭക്ഷ്യവിഷബാധക്ക് കാരണമാകുന്നതുമായ വിഷാംശങ്ങളാണ് മറൈൻ ടോക്സിൻ എന്നറിയപ്പെടുന്നത്. ഇവ മത്സ്യങ്ങളിലും കക്കകളിലും മാത്രമല്ല, കടലിലെ സൂക്ഷ്മജീവികളിലും കാണപ്പെടുന്നു. ഇവയെ ഭക്ഷിക്കുന്ന മനുഷ്യരിൽ വിഷബാധയുണ്ടാകാൻ സാധ്യത കൂടുതലാണെന്നാണ് വിദഗ്ധർ പറയുന്നത്. ചില മീനുകളുടെ മുട്ടയില്‍ അടങ്ങിയ ടെട്രോഡോടോക്‌സിന്‍ പാചകം ചെയ്താലും നശിക്കില്ലെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മരണത്തിനുംവരെ കാരണമാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മറൈന്‍ ടോക്‌സിന്‍ കണ്ടെത്താനുള്ള പരിശോധന സംവിധാനം കെമിക്കല്‍ ലാബില്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ വിശദമായ പരിശോധന വേണ്ടിവരും.