വേളി-കഠിനംകുളം ബോട്ട് സർവിസ് യാഥാർഥ്യമാകുന്നു; ഉദ്ഘാടനം 30ന്

വേളി – കഠിനംകുളം സർവീസിനായി ഒരുക്കിയ സോളാർ ബോട്ട്
തിരുവനന്തപുരം: തലസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകി പാർവതി പുത്തനാറിലെ വേളി മുതൽ കഠിനംകുളം വരെയുള്ള ജലപാതയിൽ യാത്രബോട്ട് സർവീസ് യാഥാർഥ്യമാകുന്നു. യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ സോളാർ ബോട്ട് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
സാധാരണ യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും പ്രത്യേക നിരക്കുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വേളി ടൂറിസം വില്ലേജിലെ ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച് കഠിനംകുളം കായൽ ചുറ്റി നാല് മണിക്കൂർ കൊണ്ട് തിരികെ വേളിയിൽ എത്തുന്നതാണ് യാത്ര. ദിവസം രണ്ട് സർവീസുകൾ നടത്താനാണ് ലക്ഷ്യമിടുന്നതെങ്കിലും തുടക്കത്തിൽ ഒരു സർവീസ് മാത്രമായിരിക്കും ഉണ്ടാവുക.
സിയാലിന്റെ സോളാർ ബോട്ട് വാടകയ്ക്കെടുത്താണ് ആദ്യഘട്ട സർവീസ്. ഒരേസമയം 24 യാത്രക്കാർക്ക് സഞ്ചാരത്തിന് സൗകര്യമുണ്ടാകും. ഈ മാസം 30ന് ഗതാഗത മന്ത്രി സി.പി ജോൺ സർവീസുകൾ ഉദ്ഘാടനം ചെയ്യും. സാധാരണക്കാർക്ക് ചുരുങ്ങിയ ചെലവിൽ സുരക്ഷിതമായ യാത്ര ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദമായ സോളാർ ബോട്ടുകൾ ഉപയോഗിക്കുന്നതിലൂടെ ഇന്ധനച്ചെലവ് കുറയ്ക്കാനും കായലുകളിലെ മലിനീകരണം പൂർണ്ണമായും ഒഴിവാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
14 കിലോമീറ്റർ; രണ്ട് മണിക്കൂർ യാത്ര..
ഒരു വശത്തേക്ക് 14 കിലോമീറ്റർ ദൂരമുള്ള യാത്രയ്ക്ക് രണ്ട് മണിക്കൂറാണ് സമയമെടുക്കുക. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് ശേഷം 2.30 മുതൽ വൈകിട്ട് 6.30 വരെയുമാണ് രണ്ട് സർവീസുകൾ നടത്താൻ ഉദ്ദേശിക്കുന്നത്. ടൂറിസം സർവീസിന്റെ ഭാഗമായി ബോട്ട് കഠിനംകുളം ജെട്ടിയിൽ മറ്റ് യാത്രക്കാരെ ഇറക്കിയ ശേഷം വിനോദസഞ്ചാരികൾക്കായി അര മണിക്കൂർ നേരം കായൽ കാഴ്ചകൾ കാണാനായി സഞ്ചരിക്കും.
തിരികെ ബോട്ട് കഠിനംകുളം ജെട്ടിയിൽ എത്തുമ്പോൾ ടൂറിസ്റ്റ് പാക്കേജിലെ യാത്രക്കാർക്ക് കുടുംബശ്രീയുമായി സഹകരിച്ച് ചായയും ഭക്ഷണവും ലഭ്യമാക്കാനുള്ള നടപടികളും അധികൃതർ സ്വീകരിക്കുന്നുണ്ട്. വേളി, ആക്കുളം കായലുകളുടെ സ്വാഭാവിക ഭംഗി ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാമെന്നത് വിനോദസഞ്ചാരികളെ വൻതോതിൽ ആകർഷിക്കും.
വേളി-കഠിനംകുളം 80 രൂപ
വേളിയിൽ നിന്നും ചാന്നാങ്കരയിലേക്ക് 50 രൂപയും ചാന്നാങ്കരയിൽ നിന്നും കഠിനംകുളത്തേക്ക് 30 രൂപയും വേളിയിൽ നിന്നും കഠിനംകുളത്തേക്ക് 80 രൂപയുമാണ് സാധാരണ യാത്രക്കാരുടെ നിരക്ക്. എന്നാൽ വിനോദസഞ്ചാരികൾക്ക് വേളിയിൽ നിന്നും കഠിനംകുളത്ത് പോയി തിരികെ വരുന്നതിന് 400 രൂപയാണ് ഈടാക്കുക. കായൽസവാരി, ഭക്ഷണം എന്നിവ ഉൾപ്പെടുന്നതിനാലാണ് ഇത്. 11 വയസിന് മുകളിലുള്ളവർക്കാണ് ഈ നിരക്കുകൾ മുഴുവനായും ബാധകമാവുക. അഞ്ച് മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് യഥാർത്ഥ നിരക്കിന്റെ 50 ശതമാനം നൽകിയാൽ മതിയാകും. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് യാത്ര പൂർണമായും സൗജന്യമായിരിക്കും.
