വനിത സംവരണം; ബില്ലിന്റെ മറവിൽ ദുരുദ്ദേശ്യം-എം.എ. ബേബി
ന്യൂഡൽഹി: വനിത സംവരണ ബില്ലിന്റെ മറവിൽ നിരവധി ദുരുദ്ദേശ്യങ്ങൾ ഒളിച്ചിരിപ്പുണ്ടെന്നും പാർലമെന്റിനെ സ്വന്തം കുതന്ത്രങ്ങൾ കയറ്റാനുള്ള സ്ഥലമായി മാറ്റാനാണ് ആർ.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി.
വനിത സംവരണത്തിനുവേണ്ടി നിൽക്കുന്ന പാർട്ടിയാണ് സി.പി.എം. എന്നാൽ, ഇപ്പോൾ തിരക്കുപിടിച്ച് നടത്തുന്ന നീക്കങ്ങൾക്ക് പിന്നിൽ ആലോചിച്ചുറപ്പിച്ച ചില ദുരുദ്ദേശ്യങ്ങൾ ഉണ്ട്. രണ്ട് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കവേയാണ് പുതിയ നീക്കം. സംവരണംപോലുള്ള ഗൗരവമുള്ള വിഷയത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ചർച്ച നടത്തേണ്ടതാണ്. എന്നാൽ, അതൊന്നും ഉണ്ടായിട്ടില്ല. ആരോടും ചർച്ച നടത്താൻ പ്രധാനമന്ത്രി തയാറായില്ലെന്നും ഡൽഹിയിൽ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ പാർട്ടി സെക്രട്ടറി പറഞ്ഞു.
വനിതാ സംവരണം 2029ലേക്കാണ് കൊണ്ടുവരുന്നത്. മൂന്നുവർഷം ഇനിയുമുണ്ട്. ഒന്നോ രണ്ടോ മാസം വൈകിയാൽ ആകാശം ഇടിഞ്ഞുവീഴില്ല. ഈ തട്ടിപ്പിനെ ശക്തമായി എതിർക്കും. പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചിച്ച് മറ്റു നടപടികൾ സീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
