ഏഷ്യൻ ഗെയിംസ്; അവസാന നിമിഷം ഒഴിവാക്കി; പൊട്ടിക്കരഞ്ഞ് വുഷു താരം

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വുഷു ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടതിനെത്തുടർന്ന്, അധികൃതർക്കെതിരെ ഗുരുതരമായ മാനസിക-ശാരീരിക പീഡന ആരോപണങ്ങളുമായി വുഷു താരം ദിവ്യാൻഷി ചൗധരി. വനിതകളുടെ 60 കിലോഗ്രാം സാൻഡ വിഭാഗത്തിൽ മത്സരിക്കുന്ന 18കാരി, സെലക്ഷൻ ട്രയൽസിൽ മുൻ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ നൊറെം റോഷിബിന ദേവിയെ പരാജയപ്പെടുത്തിയാണ് ടീമിൽ ഇടംനേടിയത്. എന്നാൽ, ജപ്പാനിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പ് ദിവ്യാൻഷിയെ ഒഴിവാക്കി പകരം റോഷിബിയെ ഉൾപ്പെടുത്തുകയായിരുന്നു. പട്യാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് കരഞ്ഞുകൊണ്ട് ദിവ്യാൻഷി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ വലിയ ചർച്ചയായിട്ടുണ്ട്.
റോഷിബിനയോടുള്ള പക്ഷപാതിത്വം കാരണം തന്നെ ഒഴിവാക്കാൻ ഫെഡറേഷൻ അധികൃതർ മാസങ്ങളായി സമ്മർദം ചെലുത്തുകയായിരുന്നുവെന്ന് ദിവ്യാൻഷി ആരോപിച്ചു. പരിക്കിന്റെ പേര് പറഞ്ഞ് തന്നെ മാനസികമായി തകർക്കാനും കരിയർ ഇല്ലാതാക്കാനും ശ്രമിച്ചു. ഔദ്യോഗിക കിറ്റുകൾ സ്വീകരിക്കുകയും ന്യൂഡൽഹിയിൽ നടന്ന ടീമിന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കുകയും ചെയ്ത ശേഷമാണ് അവസാന നിമിഷം തഴഞ്ഞതെന്നും താരം കൂട്ടിച്ചേർത്തു. അതേസമയം, ദിവ്യാൻഷിക്ക് എ.സി.എൽ പരിക്ക് ഉള്ളതായി സ്കാനിങ്ങിൽ കണ്ടെത്തിയതായി വുഷു അസോസിയേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി. പരിക്ക് മറച്ചുവെച്ചാണ് താരം പരിശീലനത്തിൽ പങ്കെടുത്തത്. ഗുരുതര പരിക്കുള്ള ഒരു താരത്തെ ഏഷ്യൻ ഗെയിംസ് പോലുള്ള വലിയൊരു ടൂർണമെന്റിലേക്ക് അയക്കുന്നത് കരിയറിനെ ബാധിക്കുമെന്നതിനാൽ മെഡിക്കൽ ബോർഡിന്റെ നിർദേശപ്രകാരം ഒഴിവാക്കുകയായിരുന്നു. യൽസിൽ രണ്ടാം സ്ഥാനത്തെത്തിയ ചണ്ഡിഗഢ് താരം ഹിമാൻഷിക്ക് താടിയെല്ലിന് പരിക്കേറ്റതിനാലാണ് മുൻ മെഡൽ ജേതാവായ റോഷിബിനയെ പകരക്കാരിയായി തിരഞ്ഞെടുത്തതെന്നും അസോസിയേഷൻ അവകാശപ്പെട്ടു.
