ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിന് നാളെ ഔദ്യോഗിക തുടക്കം

നഗോയ (ജപ്പാൻ): ഉദയസൂര്യന്റെ കിരണങ്ങൾ വീണ്ടും വൻകരയുടെ മഹാ കായികമേളയുടെ ദീപശിഖയിലേക്ക് വെളിച്ചം പകരുന്നു. ജപ്പാൻ മൂന്നാം തവണ ആതിഥ്യമരുളുന്ന ഏഷ്യൻ ഗെയിംസിന് ശനിയാഴ്ച ഐച്ചി-നഗോയയിൽ ഔദ്യോഗിക തുടക്കമാവും. പലോമ മിസുഹോ സ്റ്റേഡിയമാണ് 20ാമത് ഏഷ്യാഡിന്റെ ഉദ്ഘാടനത്തിന് വേദിയാകുന്നത്. മത്സരങ്ങൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞെങ്കിലും കായിക ലോകത്തെ സാക്ഷിയാക്കി നാളെ നടത്തുന്ന ഉദ്ഘാടന ചടങ്ങ് ദൃശ്യവിസ്മയമായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
ഹാർമോണിക് ഹാർട്ട് ബീറ്റ്
‘‘ഹാർമോണിക് ഹാർട്ട് ബീറ്റ്’’ എന്നതാണ് ഉദ്ഘാടന-സമാപന ചടങ്ങുകളുടെ ഔദ്യോഗിക പ്രമേയം. ഏഷ്യൻ രാജ്യങ്ങളുടെ സാംസ്കാരിക ഐക്യവും സമാധാനവും കായികരംഗത്തിലൂടെ പങ്കുവെക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രശസ്ത ജാപ്പനീസ് ചലച്ചിത്ര സംവിധായകൻ യുകിഹിക്കോ സുത്സുമി ആണ് ചടങ്ങുകളുടെ ക്രിയേറ്റിവ് ഡയറക്ടർ. പരമ്പരാഗത ജാപ്പനീസ് സംസ്കാരവും ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ടുള്ള ദൃശ്യവിരുന്നാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. ഭാഗ്യ ചിഹ്നമായ ‘ഹൊനൊഹൊൻ’ ഉദ്ഘാടന വേദിയിലെ പ്രധാന ആകർഷണമായിരിക്കും.
മാർച്ച് പാസ്റ്റ്
ഏഷ്യയിലെ 45 രാജ്യങ്ങളിൽനിന്നുള്ള അത്ലറ്റുകൾ അണിനിരക്കുന്ന പ്രൗഢഗംഭീരമായ മാർച്ച് പാസ്റ്റ് നടക്കും. ടോക്യോ ഒളിമ്പിക്സ് മാതൃകയിൽ അത്ലറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിക്കൊണ്ടായിരിക്കും മാർച്ച് പാസ്റ്റ് ക്രമീകരിക്കുക. ടോക്യോ (1958ലെ ഒന്നാം ജാപ്പനീസ് ഏഷ്യൻ ഗെയിംസ് വേദി), ഹിരോഷിമ (1994ലെ വേദി) എന്നിവിടങ്ങളിൽനിന്ന് പ്രയാണം ആരംഭിച്ച് ഐച്ചിയിലെത്തിയ ദീപശിഖകൾ സംയോജിപ്പിച്ചാണ് പ്രധാന സ്റ്റേഡിയത്തിലെ തിരി തെളിക്കുക. ആതിഥേയരായ ഐച്ചി-നഗോയ പ്രവിശ്യകളുടെ തനത് നൃത്ത രൂപങ്ങളും സംഗീതവും കോർത്തിണക്കിയുള്ള പരിപാടികൾ സ്റ്റേഡിയത്തിൽ അരങ്ങേറും.
ചരിത്രം തിരുത്തുമോ?
ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി 499 അത്ലറ്റുകളാണ് മത്സരിക്കുന്നത്. കായിക മന്ത്രാലയം കടുത്ത യോഗ്യതാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി പ്രഖ്യാപിച്ച ഈ സംഘത്തിൽ 267 പുരുഷ താരങ്ങളും 232 വനിതകളും ഉൾപ്പെടുന്നു. ആകെ 36 കായിക ഇനങ്ങളിലാണ് ഇന്ത്യ ഈ വർഷം മെഡൽ പോരാട്ടത്തിന് ഇറങ്ങുന്നത്. ഏറ്റവും കൂടുതൽ താരങ്ങൾ അണിനിരക്കുന്നത് അത്ലറ്റിക്സിലാണ്, 74. ഹോക്കിയിൽ 40, ക്രിക്കറ്റിൽ 30, കബഡിയിൽ 24 എന്നിങ്ങനെയാണ് മറ്റു പ്രധാന പ്രാതിനിധ്യം. 2022ലെ ഹാങ്ഷൂ ഏഷ്യൻ ഗെയിംസിലായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. ചരിത്രത്തിലാദ്യമായി മെഡൽ എണ്ണം 100 കടന്നു.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പ്രകടനം
1951 ന്യൂഡൽഹി – 51 മെഡൽ (15 സ്വർണം, 16 വെള്ളി, 20 വെങ്കലം) – രണ്ടാം സ്ഥാനം
1954 മനില – 17 മെഡൽ (5 സ്വർണം, 4 വെള്ളി, 8 വെങ്കലം) – അഞ്ചാം സ്ഥാനം
1958 ടോക്യോ – 13 മെഡൽ (5 സ്വർണം, 4 വെള്ളി, 4 വെങ്കലം) – ഏഴാം സ്ഥാനം
1962 ജകാർത്ത – 33 മെഡൽ (10 സ്വർണം, 13 വെള്ളി, 10 വെങ്കലം) – മൂന്നാം സ്ഥാനം
1966 ബാങ്കോക് – 21 മെഡൽ (7 സ്വർണം, 3 വെള്ളി, 11 വെങ്കലം) – അഞ്ചാം സ്ഥാനം
1970 ബാങ്കോക്ക് – 25 മെഡൽ (6 സ്വർണം, 9 വെള്ളി, 10 വെങ്കലം) – അഞ്ചാം സ്ഥാനം
1974 തെഹ്റാൻ – 28 മെഡൽ (4 സ്വർണം, 12 വെള്ളി, 12 വെങ്കലം) – ഏഴാം സ്ഥാനം
1978 ബാങ്കോക് – 28 മെഡൽ (11 സ്വർണം, 11 വെള്ളി, 6 വെങ്കലം) – ആറാം സ്ഥാനം
1982 ന്യൂഡൽഹി – 57 മെഡൽ (13 സ്വർണം, 19 വെള്ളി, 25 വെങ്കലം) – അഞ്ചാം സ്ഥാനം
1986 സിയോൾ – 37 മെഡൽ (5 സ്വർണം, 9 വെള്ളി, 23 വെങ്കലം) – അഞ്ചാം സ്ഥാനം
1990 ബെയ്ജിങ് – 23 മെഡൽ (1 സ്വർണം, 8 വെള്ളി, 14 വെങ്കലം) – പതിനൊന്നാം സ്ഥാനം
1994 ഹിരോഷിമ – 23 മെഡൽ (4 സ്വർണം, 3 വെള്ളി, 16 വെങ്കലം) – എട്ടാം സ്ഥാനം
1998 ബാങ്കോക് – 35 മെഡൽ (7 സ്വർണം, 11 വെള്ളി, 17 വെങ്കലം) – ഒമ്പതാം സ്ഥാനം
2002 ബുസാൻ – 36 മെഡൽ (11 സ്വർണം, 12 വെള്ളി, 13 വെങ്കലം) – ഏഴാം സ്ഥാനം
2006 ദോഹ – 53 മെഡൽ (10 സ്വർണം, 17 വെള്ളി, 26 വെങ്കലം) – എട്ടാം സ്ഥാനം
2010 ഗ്വാങ്ചോ – 65 മെഡൽ (14 സ്വർണം, 17 വെള്ളി, 34 വെങ്കലം) – ആറാം സ്ഥാനം
2014 ഇഞ്ചിയോൺ – 57 മെഡൽ (11 സ്വർണം, 10 വെള്ളി, 36 വെങ്കലം) – എട്ടാം സ്ഥാനം
2018 ജകാർത്ത – 70 മെഡൽ (16 സ്വർണം, 23 വെള്ളി, 31 വെങ്കലം) – എട്ടാം സ്ഥാനം
2023 ഹാങ്ഷൂ – 106 മെഡൽ (28 സ്വർണം, 38 വെള്ളി, 40 വെങ്കലം) – നാലാം സ്ഥാനം
