പീച്ചിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; സംഭവം കാടിനുള്ളിൽ ആടിനെ തീറ്റാൻ പോയപ്പോൾ



പീച്ചി (തൃശൂർ): വനത്തിനുള്ളിൽ ആടിനെ തീറ്റാൻ പോയ യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മയിലാട്ടുംപാറ തോട്ടുംകര പുത്തൻ വീട്ടിൽ ഷാജിയുടെ മകൻ ഷിജോ (32) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. കാടിനുള്ളിലേക്ക് ആടിനെ തീറ്റാൻ പോയതായിരുന്നു ഷിജോ. ഇതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. തലക്ക് ഗുരുതര പരിക്കേറ്റ ഷിജോ സംഭവസ്ഥലത്ത് മരിച്ചു.

ഏറെ വൈകിയും ഷിജോയെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി 10.55ഓടെയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

യുവാവിന്റെ മരണത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. അവിവാഹിതനാണ്. മാതാവ്: സാലി.