‘ഭക്ഷണം കഴിച്ചശേഷം ഉമ്മയുടെ നാവ് കുഴഞ്ഞു; ഷാജി ഛർദിച്ചു’; വിഴിഞ്ഞത്തെ മരണം: കുടുംബം കഴിച്ചത് കണവത്തോരനും മീൻ മുട്ടയും..​?



തിരുവനന്തപുരം: ‘രാത്രിയിൽ വിഴിഞ്ഞത്തെ കടയിൽ നിന്നും കണത്തോരനും മീൻ മുട്ടയും പൊറാട്ടയും അപ്പവുമാണ് കഴിച്ചത്. കുറച്ചു കഴിഞ്ഞതോടെ ഉമ്മ നെഞ്ചുവേദനയെന്ന് പറഞ്ഞു. നാവ് കുഴഞ്ഞു. വെള്ളം വേണമെന്ന് പറഞ്ഞു. അപ്പോൾ കടകളൊന്നുമില്ലായിരുന്നു. കട്ടൻ ചായ വാങ്ങികൊടുത്തു. തൊട്ടു പിന്നാലെ ഷാജി ഛർദിച്ചു. പ്രശ്നം തോന്നിയതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു’ -വിഴിഞ്ഞത്ത് രണ്ടു പേരു​ടെ മരണത്തിനിടയാക്കിയ സംഭവം ഇവർക്കൊപ്പമുണ്ടായിരുന്ന കണ്ണൻ നടുക്കത്തോടെയാണ് മാധ്യമങ്ങൾക്കു മുന്നിൽ വിവരിക്കുന്നത്.

കണ്ണൻ ഉൾപ്പെടെ ആറുപേരാണ് തിങ്കളാഴ്ച രാത്രിയിൽ വിഴിഞ്ഞത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നത്. ഇവരിൽ ചടയമംഗലം നിലമേൽ സ്വദേശി ഷാജി (42), ഷാജിയുടെ ഭാര്യാ മാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചു. ഷാജിയുടെ ഭാര്യ ഗുരുതര നിലയിൽ ആശുപത്രിയിലാണ്.

ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് ഇതുവരെ ഉറപ്പിച്ചില്ലെങ്കിലും, വില്ലൻ തിങ്കളാഴ്ച രാത്രിയിൽ കഴിച്ച ഭക്ഷണം തന്നെയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആവർത്തിക്കുന്നു.

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും മീൻ വിഭവങ്ങൾ കഴിച്ചതിനു പിന്നാലെയാണ് ഇവർക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായതെന്നാണ് വിവിരം. ശാസ്ത്രീയ പരിശോധനകൾക്കു ശേഷം മാത്രമോ മരണകാരണം ഭക്ഷ്യ വിഷബാധയാണോ എന്ന് ഉറപ്പിക്കാനാവൂ.

കുടുംബാംഗങ്ങളായ അഞ്ചുപേരും, ഇവരുടെ കുടുംബ സുഹൃത്തും ഉൾപ്പെടെ ആറുപേരാണ് കഴിഞ്ഞ ദിവസം രാത്രിയിൽ നിലമേലിൽ നിന്നും വിഴിഞ്ഞത്തേക്ക് പോയി ഭക്ഷണം കഴിച്ചത്. കണവത്തോരൻ, മീൻ മുട്ട, പൊറാട്ട, അപ്പം എന്നിവയാണ് കഴിച്ചതെന്ന് കണ്ണൻ പറഞ്ഞു.

കഴിച്ചതിനു ശേഷം ഒരു മണിയോടെയാണ് മടങ്ങിയത്. ആദ്യം റഷീദ ബീവിക്കാണ് ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടായത്. തൊട്ടുപിന്നാലെ ഷാജി ഛർദിച്ചതോടെ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഷാജിയുടെ ഭാര്യ സജീന ബീവിയും ആശുപത്രിയിലാണ്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജി​ലേക്ക് മാറ്റി.

10, 15 വയസ്സുള്ള കുട്ടികളും സംഘത്തിലുണ്ടായിരുന്നു. ഇവർക്കും കുടുംബ സുഹൃത്തിനും കുഴപ്പങ്ങളില്ല.

ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.