കടുത്തുരുത്തിയിൽ കാറ്റ് മാറി വീശുമോ ?



കോട്ടയം: എക്കാലവും കേരള കോൺഗ്രസിന്‍റെ മണ്ണാണ് കടുത്തുരുത്തി. ഇവിടെ പോരാട്ടവും ജയവും തോൽവിയുമെല്ലാം കേരള കോൺഗ്രസിനു സ്വന്തം. 1957, 60 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ എം.സി. എബ്രഹാമും 1982, 87 വർഷങ്ങളിൽ സ്വതന്ത്രനായി പി.സി. തോമസും ജയിച്ചതുമാത്രമാണ് ഇതിന് അപവാദം. ബാക്കി 12 തവണയും കേരള കോൺഗ്രസാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2006 മുതൽ മോൻസ് ജോസഫാണ് കടുത്തുരുത്തിയുടെ എം.എൽ.എ. 1996 ലായിരുന്നു മോൻസിന്‍റെ ആദ്യജയം.

തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ സ്റ്റീഫൻ ജോർജിനോട് 4649 വോട്ടിനു തോറ്റു. ഒരേയൊരു തോൽവി. എന്നാൽ 2006ൽ 2000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എം.എൽ.എ സ്ഥാനം തിരിച്ചുപിടിച്ചു. പിന്നീടിന്നുവരെ മോൻസ് ജോസഫിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2011 ൽ സ്റ്റീഫൻ ജോർജ് തന്നെ ആയിരുന്നു എതിരാളി.

23000 വോട്ടിന്‍റെ ഭൂരിപക്ഷം അന്ന് മോൻസ് നേടി. 2016ൽ സ്കറിയ തോമസിനെ തോൽപിച്ചത് 42256 വോട്ടുകൾക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പഴയ എതിരാളി സ്റ്റീഫൻ ജോർജിനെ തന്നെയാണ് നേരിട്ടത്. എന്നാൽ ഭൂരിപക്ഷം വെറും 4256 ലേക്കെത്തിയിരുന്നു.

ഇത്തവണയും മോൻസ് അല്ലാതെ മറ്റൊരു പേരുണ്ടായിരുന്നില്ല യു.ഡി.എഫിനും ജോസഫ് വിഭാഗത്തിനും. കേരള കോൺഗ്രസിന് ശക്തമായ ആധിപത്യമുള്ള മേഖല എന്നതാണ് യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നത്. അതേ ആത്മവിശ്വാസവുമായാണ് കേരള കോൺഗ്രസ് എമ്മിലെ നിർമല ജിമ്മിയും എൽ.ഡി.എഫിനു വേണ്ടി മത്സരിക്കാനിറങ്ങിയത്.

മാണി ഗ്രൂപ്പിലെ ശക്തയായ വനിത സാന്നിധ്യമാണ് നിർമല ജിമ്മി. ജില്ല പഞ്ചായത്ത് മുൻ അധ്യക്ഷ. നിയമസഭയിലേക്ക് മത്സരം ആദ്യമായാണ്. മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും ഇന്നുവരെ തോറ്റിട്ടില്ല. ഇവർ മെംബറായിരുന്ന കുറവിലങ്ങാട് ഡിവിഷനിലെ നാലു പഞ്ചായത്തുകൾ കടുത്തുരുത്തി മണ്ഡലത്തിലാണ്. ബി.ജെ.പിയിൽനിന്ന് ഏറ്റെടുത്ത സീറ്റിൽ എസ്.എൻ.ഡി.പി നേതാവായ സുരേഷ് ഇട്ടിക്കുന്നേൽ ആണ് ബി.ഡി.ജെ.എസ് സ്ഥാനാർഥി.

കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥി ലിജിൻലാൽ 11670 വോട്ടു നേടിയിരുന്നു. കടുത്തുരുത്തി, മാഞ്ഞൂർ, മുളക്കുളം, ഞീഴൂർ, കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂർ, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകൾ ചേർന്നതാണ് കടുത്തുരുത്തി മണ്ഡലം. കടപ്ലാമറ്റം, കുറവിലങ്ങാട്, വെളിയന്നൂർ പഞ്ചായത്തുകളിൽ എൽ.ഡി.എഫും കിടങ്ങൂരിൽ എൻ.ഡി.എയും ഭരിക്കുന്നു. ഏഴു പഞ്ചായത്തുകൾ കൈയിലുള്ളത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടമാകും. ക്രൈസ്തവ-നായർ – ഈഴവ സമുദായങ്ങളുടെ വോട്ട് മണ്ഡലത്തിൽ നിർണായകം.

മോൻസ് ജോസഫ്- യു.ഡി.എഫ് (62)

കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ. 2008 ൽ പൊതുമരാമത്ത് മന്ത്രി. കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റും യു.ഡി.എഫ് ജില്ല ചെയർമാനും ആയിരുന്നു.

വാഗ്ദാനം

മണ്ഡലത്തിലെ 11 പഞ്ചായത്തുകളുടെയും സമഗ്ര വികസനത്തിനായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കടുത്തുരുത്തിയുടെ വികസനത്തുടർച്ച നടപ്പാക്കും. ജനങ്ങളുടെ ആവശ്യങ്ങൾക്കായി മുഴുവൻ സമയവും രംഗത്തുണ്ടാവും. വികസന രംഗത്ത് അവഗണിക്കപ്പെട്ടു കിടന്നിരുന്ന മണ്ഡലമാണ്. റോഡുകൾ ശോച്യാവസ്ഥയിലായിരുന്നു. വോൾട്ടേജ് ക്ഷാമം മൂലം ഇരുട്ടിലായ, പ്രധാന സർക്കാർ ഓഫിസുകളില്ലാത്ത മണ്ഡലം. താൻ എം.എൽ.എ ആയപ്പോൾ കടുത്തുരുത്തി മാറി. റോഡുകൾ നന്നാക്കി. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു.

പ്രതീക്ഷ: മണ്ഡലത്തിലെ ഓരോരുത്തർക്കും പരിചിതനാണ്. കൂടുതൽ ഭൂരിപക്ഷത്തോടെ ജയിക്കും.

നിർമല ജിമ്മി- എൽ.ഡി.എഫ് (61)

2013-15, 2021-22 വർഷങ്ങളിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും വൈസ് പ്രസിഡന്‍റും ആയിരുന്നു. പാലാ അർബൻ സൊസൈറ്റി, വനിത വികസന കോർപറേഷൻ ഡയറക്ടർ ബോർഡംഗമായിരുന്നു.

വാഗ്ദാനം

മറ്റ് മണ്ഡലങ്ങൾ വികസന മുന്നേറ്റത്തിന് സാക്ഷിയാവുമ്പോൾ കടുത്തുരുത്തിയിൽ മാത്രം വലിയ തോതിലുള്ള വികസനമുരടിപ്പാണ്. അതിന് മാറ്റം വരണം. മണ്ഡലം തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വസമുണ്ട്. എൽ.ഡി.എഫ് പാർട്ടി സംവിധാനം ശക്തമായി രംഗത്തുണ്ട്. ജില്ല പഞ്ചായത്ത് മെംബർ എന്ന നിലയിൽ നിരവധി വികസനപ്രവർത്തനങ്ങൾ കുറവിലങ്ങാട് ഡിവിഷനിൽ കൊണ്ടുവരാൻ കഴിഞ്ഞു. മണ്ഡലത്തിലും അത് തുടരും. ജനങ്ങളുടെ ഏതൊരാവശ്യത്തിനും അവരിലൊരാളായി കൂടെയുണ്ടാവും.

പ്രതീക്ഷ: വ്യക്തിബന്ധങ്ങൾ വോട്ടാവും. മണ്ഡലം തിരിച്ചുപിടിക്കും.

സുരേഷ് ഇട്ടിക്കുന്നേൽ -എൻ.ഡി.എ (50)

ബി.ഡി.ജെ.എസ് കോട്ടയം ഈസ്റ്റ് ജില്ല പ്രസിഡന്‍റ്, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂനിയൻ പ്രസിഡന്‍റ്, റബർ ടിംബർ മർച്ചന്‍റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്.

വാഗ്ദാനം

മാറ്റമാണ് കടുത്തുരുത്തിക്കു വേണ്ടത്. മാറ്റത്തിലൂടെയേ വികസനം നടപ്പാവൂ. മണ്ഡലത്തിന്‍റെ വികസനത്തിനുവേണ്ടി പ്രവർത്തിക്കും. കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ ജനങ്ങൾക്കായി നടപ്പാക്കുന്നുണ്ട്. പദ്ധതികൾ ജനങ്ങളിലേക്കും മണ്ഡലത്തിലേക്കും എത്തിക്കും. അടിസ്ഥാന സൗകര്യവികസനമാണ് പ്രധാന ലക്ഷ്യം.

പ്രതീക്ഷ: ഇത്തവണ ജനം മാറിച്ചിന്തിക്കും.

2021 ലെ ​വോ​ട്ടു​നി​ല

മോ​ൻ​സ്​ ജോ​സ​ഫ്​ (യു.​ഡി.​എ​ഫ്) – 59,666

സ്റ്റീ​ഫ​ൻ ജോ​ർ​ജ്​​ (എ​ൽ.​ഡി.​എ​ഫ്) -55,410

ലി​ജി​ൻ​ലാ​ൽ (എ​ൻ.​ഡി.​എ)- 11,670

ഭൂ​രി​പ​ക്ഷം- 4,256

ലീ​ഡ്​ നി​ല

2021 നി​യ​മ​സ​ഭ

യു.​ഡി.​എ​ഫ്​- 4,256

2024 ലോ​ക്സ​ഭ

യു.​ഡി.​എ​ഫ്​- 11474

2025 ത​ദ്ദേ​ശം

യു.​ഡി.​എ​ഫ്​- 3105