പെരുംപോരാട്ട പേരാമ്പ്ര; അനൗൺസ്മെന്റ് വിവാദത്തിന് പിന്നാലെ പേരാമ്പ്രയിൽ മത്സരം കടക്കുന്നു
പേരാമ്പ്ര: എൽ.ഡി.എഫ് കൺവീനറും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ടി.പി. രാമകൃഷ്ണന്റെ സിറ്റിങ് സീറ്റിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്ലിയ യു.ഡി.എഫ് സ്ഥാനാർഥിയായി എത്തിയതോടെ പേരാമ്പ്രയിൽ മത്സരം പ്രവചനാതീതമായി. പ്രായപരിധിയിൽ ഇളവ് നൽകിയാണ് ടി.പി. രാമകൃഷ്ണനെ ഹാട്രിക് വിജയത്തിനായി പേരാമ്പ്രയിൽ വീണ്ടും ഇറക്കിയത്. 2021ലെ തെരഞ്ഞെടുപ്പിൽ 22,592 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടി.പി. രാമകൃഷ്ണൻ മുസ്ലിം ലീഗ് സ്വതന്ത്രൻ സി.എച്ച്. ഇബ്രാഹിംകുട്ടിയെ പരാജയപ്പെടുത്തിയത്. എന്നാൽ അതിനുശേഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന് 15,000 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിൽനിന്ന് ലഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് തലത്തിൽ നോക്കുമ്പോൾ ഏകദേശം 8000 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്. പത്തിൽ ആറ് പഞ്ചായത്തിലും യു.ഡി.എഫ് ഭരണം വന്നു. 2021 വരെ 45 വർഷക്കാലം യു.ഡി.എഫിൽ കേരള കോൺഗ്രസ് (എം) ആണ് പേരാമ്പ്രയിൽ മത്സരിച്ചത്. പാർട്ടി എൽ.ഡി.എഫിലേക്ക് ചേക്കേറിയതോടെയാണ് മണ്ഡലം മുസ്ലിം ലീഗിന് ലഭിച്ചത്. ലീഗ് ആദ്യമായാണ് ഇവിടെ കോണി ചിഹ്നത്തിൽ മത്സരിക്കുന്നത്.
ഫാത്തിമ തഹ്ലിയയോടൊപ്പം വിവാദങ്ങളും പേരാമ്പ്രയിലേക്ക് എത്തി. ആദ്യം ജമാഅത്തെ ഇസ്ലാമി നോമിനിയാണെന്ന ആരോപണമാണ് ഉയർന്നത്. പിന്നീട് ഖൗമിലെ കുട്ടിയെന്ന് പറഞ്ഞ് യു.ഡി.എഫ് വോട്ടു പിടിക്കുന്നുവെന്ന വർഗീയ പരാമർശവും എൽ.ഡി.എഫ് പ്രചാരണ വാഹനത്തിൽ നിന്നുണ്ടായി. ഇതിനെതിരെ യു.ഡി.എഫ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ ടി.പി. രാമകൃഷ്ണന് നോട്ടീസ് അയച്ചു. ഇതിനുശേഷം മതം പറഞ്ഞു വോട്ടുപിടിക്കുന്നുവെന്ന് ആരോപിച്ച് ഫാത്തിമ തഹ്ലിയക്കെതിരെയും തെരഞ്ഞെടുപ്പ് കമീഷന് പരാതി ലഭിച്ചു. ഇതിലും നോട്ടീസ് അയച്ചിട്ടുണ്ട്.
തഹ്ലിയ നേരിടുന്ന കടുത്ത സൈബർ ആക്രമണവും മണ്ഡലത്തിൽ ചർച്ചയാണ്. ആരോപണ പ്രത്യാരോപണങ്ങൾ ഉയരുമ്പോൾ മത്സരവും ശക്തമാവുകയാണ്. മുമ്പെങ്ങുമില്ലാത്ത വിധം യു.ഡി.എഫ് എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്നുണ്ട്. പ്രചാരണ കേന്ദ്രങ്ങളിലെല്ലാം വലിയ ജനക്കൂട്ടത്തെ ആകർഷിക്കാനും തഹ്ലിയക്ക് കഴിയുന്നുണ്ട്.
2021ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 11165 വോട്ട് ലഭിച്ചിരുന്നു. ബി.ജെ.പി കോഴിക്കോട് മേഖല സെക്രട്ടറി എം. മോഹനനാണ് എൻ.ഡി.എ സ്ഥാനാർഥി. എസ്.ഡി.പി.ഐ സ്ഥാനാർഥിക്ക് കഴിഞ്ഞതവണ 1465 വോട്ട് ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണ എസ്.ഡി.പി.ഐ സ്ഥാനാർഥിയെ നിർത്തിയിട്ടില്ല.
